റോഡ് അപകട നിരക്ക് 18 ശതമാനം കുറഞ്ഞു; രാജ്യത്തെ റോഡുകള്‍ 2015 ല്‍ സുരക്ഷിതമായിരുന്നെന്നു ഗതാഗതമന്ത്രി

ഡബ്ലിന്‍: രാജ്യത്തെ റോഡുകളിലുണ്ടാകുന്ന അപകടങ്ങളും അപകട മരണങ്ങളും ഈവര്‍ഷം കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. റോഡ് അപകടങ്ങളും അപകടങ്ങളിലെ മരണ നിരക്കും 18 ശതമാനം കണ്ടു കുറഞ്ഞതായാണ് ഈ വര്‍ഷത്തെ കണക്കുകളില്‍ നിന്നു സൂചന ലഭിക്കുന്നത്. റോഡ് സേഫ്റ്റി അതോറിറ്റി തയ്യാറാക്കിയ കണക്കുകളിലാണ് അപകട നിരക്കുകള്‍ സംബന്ധിച്ചുള്ള വ്യക്തമായ സൂചനകളുള്ളത്. കഴിഞ്ഞ ദിവസം കോ കോര്‍ക്കിലെ എമേര്‍ജിഡിനു സമീപം ഫെര്‍മോയില്‍ നടന്ന ചടങ്ങില്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റും ഗാര്‍ഡായും സംയുക്തമായാണ് ഇതു സംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തു വിട്ടത്. കോ കോര്‍ക്കിനു സമീപം ഫെര്‍മോണിയില്‍ റോഡ് അപകടത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതോടെയാണ് അപകടം സംബന്ധിച്ചുള്ള വ്യക്തമായ കണക്കുകള്‍ പുറത്തു വിടാന്‍ വിവിധ വകുപ്പുകള്‍ തയ്യാറായത്.
തിരക്കേറിയ ക്രിസ്മസ് ന്യൂ ഇയര്‍ സമയത്ത് റോഡിലിറങ്ങുന്ന ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന വ്യക്തമായ സൂചനകളാണ് മയോക്ക് മര്‍ഡോക് എന്ന റോഡ് സുരക്ഷാ അതോറിറ്റി മേധാവി മുന്നോട്ടു വയ്്ക്കുന്നത്. ഇത്തരത്തില്‍ റോഡില്‍ ഇറങ്ങുന്ന ആളുകള്‍ റോഡ് കണ്ടീഷനും, നിയമവും പാലിച്ചാല്‍ ഒരു പരിധി വരെ അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ റോഡ് കണ്ടീഷന്‍ ശ്രദ്ധിച്ച് നിയമം പാലിച്ച് വാഹനം ഓടിച്ചതു മൂലമാണ് അപകടങ്ങളുടെ തോത്് ഒരു പരിധി വരെ കുറയ്ക്കാന്‍ റോഡ് സേഫ്റ്റി അതോറിക്കു സാധിച്ചത്. ഇത്തരത്തിലുള്ള സഹകരണമാണ് ഓരോരുത്തരുടെയും ഭാഗത്തു നിന്നും അദ്ദേഹം തേടുന്നത്.
2014 ല്‍ ഒരു മില്ല്യണു 42 പേരായിരുന്നു റോഡ് അപകടങ്ങളില്‍ കൊല്ലപ്പെട്ടിരുന്നത്. 2020 ല്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 25 പേരില്‍ എത്തിക്കുക എന്ന വലിയ ലക്ഷ്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്.

Top