വാഹനം ഓടിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗം: ഗതാഗത നിയമങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍

ഡബ്ലിന്‍: വാഹനം ഓടിക്കുന്നതിനിടെ സ്മാര്‍ട്ട് ഫോണില്‍ സോഷ്യല്‍ മീഡിയ സൈറ്റുകളും മെസേജുകളും ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമം ശക്തമാക്കാനുള്ള ചര്‍ച്ചകളുമായി സര്‍ക്കാര്‍ മുന്നോട്ട്. പുതിയ ട്രാഫിക് നിയമത്തല്‍ ഇവ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിച്ചെങ്കിലും ജനറല്‍ ഇലക്ഷനു മുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയക്കാന്‍ സാധിക്കില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. നിലവില്‍ വാഹനം ഓടിക്കുമ്പോള്‍ മെസേജ് അയക്കുന്നതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും കുറ്റകരമാണ്. എന്നാല്‍, പുതിയ കാലഘട്ടത്തിനു കൂടി യോജിക്കുന്ന രീതിയില്‍ നിയമം പരിഷ്‌കരിക്കുന്നതിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ നിര്‍വഹനത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉള്‍പ്പെടുത്താനും സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളായ വാട്‌സ്അപ്പും ഫെയ്‌സ്ബുക്കും വൈബര്‍ അടക്കമുള്ള മറ്റു സോഷ്യല്‍ മീഡിയകളെയും എസ്എംഎസിന്റഎ പരിധിയില്‍ കൊണ്ടു വരുന്നതിനുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.
വാഹനം ഓടിക്കുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതിനെതിരായുള്ള നിയമത്തിന്റെ കരട് തയ്യാറാക്കുന്നതിനുള്ള തടസം മൂലമാണ് നിയമനിര്‍മാണം വൈകുന്നതെന്നാണ് ഗതാഗതമന്ത്രി പാസ്‌ക്കല്‍ ഡോണാഹോ ഇപ്പോള്‍ വ്യക്തമാ്കിയിരിക്കുന്നത്. നിലവില്‍ നിയമം പരിഷ്‌കരിക്കുമ്പോള്‍ സര്‍ക്കാരിന്റെ പുതിയ നയപ്രകാരം രാജ്യത്തെ മദ്യപിച്ചു വാഹനം ഓടിക്കുന്നവര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കുന്നതിനാണ് ആലോചിക്കുന്നത്. ഇതിനാണ് ഇത്തവണത്തെ നിയമത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതും. മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രാജ്യത്ത് ഗതാഗത നിയമം ശക്തമാക്കാന്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയതും.
വാഹനങ്ങള്‍ക്കുള്ളില്‍ ടെക്‌സ് ചെയ്യുന്നത് ഒഴിവാക്കാന്‍ വാഹനം ഓടിക്കുമ്പോള്‍ ഇന്റര്‍നെറ്റ് സംവിധാനം കട്ട് ചെയ്യുന്ന രീതിയില്‍ പുതിയ പദ്ധതി തയ്യാറാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വാഹനങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റ് ലഭിക്കാതെ വരുമ്പോള്‍ ആളുകള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതു കുറയുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഇത്തരത്തിലാണ് പുതിയ സംവിധാനം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ആധുനിക സാങ്കേതി വിദ്യയുടെ അതിപ്രസരം മൂലം പലപ്പോഴും വാഹനത്തിനുള്ളില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നത് അപകടത്തിനിടയാക്കുന്നതായാണ് കണ്ടെത്തിയിിക്കുന്നത്.

Top