റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് കൈസഹായവുമായി സൗദി മന്ത്രാലയമെത്തി. തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് ഇഖാമ സൗജന്യമായി പുതുക്കി നല്‍കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം ഉറപ്പ് നല്‍കി.
തൊഴിലാളികള്‍ക്ക് സൗജന്യ ഫൈനല്‍ എക്സിറ്റ് വിസ നല്‍കുമെന്നും മന്ത്രാലയം ഉറപ്പു നല്‍കിയിട്ടുണ്ട്. ഹജ് വിമാനങ്ങള്‍ തിരിച്ചു പോകുമ്പോള്‍ തൊഴിലാളികളെ ഇന്ത്യയിലേക്ക് കൊണ്ട് പോകാനുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നിര്‍ദേശവും തൊഴില്‍ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. തൊഴില്‍ മന്ത്രാലയത്തിന്റെ മക്കാ മേഖലാ ഡയറക്ടര്‍ അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ ഒലയാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മുഹമ്മദ് നൂര്‍ ശൈഖുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ഫൈനല്‍ എക്സിറ്റില്‍ പോകുന്നവരുടെ ശമ്പള കുടിശികയും മറ്റു ആനുകൂല്യങ്ങളും കോണ്‍സുലേറ്റ് ഏറ്റെടുക്കുമെന്നും മുഹമ്മദ് നൂര്‍ അറിയിച്ചു. തൊഴിലാളികള്‍ കോണ്‍സുലേറ്റിനെ രേഖാ മൂലം ചുമതല ഏല്‍പ്പിച്ചാല്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന തുക നാട്ടില്‍ എത്തിക്കും. അതിനിടെ കേന്ദ്രമന്ത്രി വികെ സിംഗ് പുലര്‍ച്ചെ ജിദ്ദയില്‍ എത്തി. ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കുന്ന മന്ത്രി സൗദി തൊഴില്‍ മന്ത്രാലയം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.