മലയാളികള്‍ക്ക് ശുഭവാര്‍ത്ത !സൗദിയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നു

തിരുവനന്തപുരം: സഊദിയില്‍ വീണ്ടും തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നു. കേരളത്തില്‍ നിന്ന് നിരവധിപേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നോര്‍ക്ക. സഊദിയില്‍ നിര്‍മാണം പുരോഗമിക്കുന്ന നിരവധി ടൂറിസം പദ്ധതികളിലാണ് കേരളം കണ്ണുവെക്കുന്നത്. നിലവില്‍ സഊദിയിലെ ടൂറിസം മേഖലയില്‍ 12.5 ലക്ഷം പേരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 80 ശതമാനത്തോളം പേര്‍ വിദേശികളും 40 ശതമാനം പേര്‍ ഇന്ത്യക്കാരുമാണ്. ടൂറിസം പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ തൊഴിലവസരങ്ങള്‍ 18 ലക്ഷത്തോളമായി വര്‍ധിക്കും. ഹോട്ടല്‍ രംഗത്തു മാത്രം 1,13,000 പേര്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട്. മക്കയും മദീനയും ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വന്‍കിട ഹോട്ടല്‍ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഈ രംഗത്തു 1,30,000 പേര്‍ക്ക് തൊഴിലവസരം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ രാജ്യത്ത് മൂന്ന് ലക്ഷത്തോളം ഹോട്ടല്‍ മുറികളും 87,000 ഫര്‍ണിഷ്ഡ് അപ്പാര്‍ട്ടുമെന്റുകളുമാണുള്ളത്.

കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം ടൂറിസം മേഖലയില്‍ നേരിട്ട് ജോലി ചെയ്യുന്നവരുടെ എണ്ണം 795,000 ആണ്. ഈ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇത് 840,000 ആകുമെന്നാണ് സഊദിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. നേരിട്ടല്ലാതെ ജോലി ലഭിക്കുന്നവരുടെ എണ്ണം 397,000 ത്തില്‍ നിന്നും 420,000 ആയി വര്‍ധിക്കും. ഹജ്ജ് ഉംറ തീര്‍ത്ഥാടനങ്ങള്‍, ചരിത്ര വിനോദ കേന്ദ്രങ്ങള്‍, ടൂറിസം മേളകള്‍ തുടങ്ങിയവയാണ് സന്ദര്‍ശകരെ പ്രധാനമായും സഊദിയിലേക്ക് ആകര്‍ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.സഊദിയില്‍ സ്വദേശിവല്‍കരണം കര്‍ശനമാക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ടൂറിസം മേഖലയില്‍ പദ്ധതികള്‍ വരുന്നത്. കഴിഞ്ഞ ആറു മാസത്തെ കണക്കെടുക്കുമ്പോള്‍ സര്‍വീസ്, മാര്‍ക്കറ്റിംഗ്, എഞ്ചിനീയറിംഗ്, ടെക്‌നിക്കല്‍ മേഖലകളിലാണ് കൂടുതല്‍ സ്വദേശികള്‍ക്കും ജോലി ലഭിച്ചത്. 15,300 കോടി റിയാലാണ് വിദേശികള്‍ ഓരോ വര്‍ഷവും നാട്ടിലെക്കയക്കുന്നത്. സ്വദേശികളുടെ പേരില്‍ വിദേശികള്‍ നടത്തുന്ന ബിനാമി ബിസിനസ് തടയാനുള്ള നിര്‍ദേശങ്ങളുള്‍പ്പെടെ സഊദി കര്‍ശനമാക്കുന്നുണ്ട്. സഊദിയില്‍ 1.19 കോടി തൊഴിലാളികളില്‍ 53 ശതമാനവും വിദേശികള്‍ ആണ് എന്നാണ് കണക്ക്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top