
കഴിഞ്ഞ ഒന്നരമാസക്കാലമായി കോർക്ക് സിറോ-മലബാർ സഭയിൽ നടമാടികൊണ്ടിരിക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ മറ നീക്കി പുറത്ത് വന്നുകൊണ്ടിരിക്കുന്ന ഭയാനകമായ കാഴ്ച്ചയാണ് കോർക്ക് മലയാളീ കത്തോലിക്കസമൂഹം കണ്ടു കൊണ്ടിരിക്കുന്നത്. കത്തോലിക്കാ സഭയുടെ അടിസ്ഥാന മൂല്യങ്ങൾക്കെതിരായി, പുതിയതായി രൂപം കൊണ്ട ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ പണം കൊടുത്ത് അംഗത്വം എടുക്കുന്നവർക്ക് മാത്രമായി സഭാ സംവിധാനങ്ങൾ നിജപ്പെടുത്തി കൊണ്ടുള്ള പ്രതിനിധിയോഗത്തിൻ്റെ മീറ്റിംഗ് ആയിരുന്നു തുടക്കം.
2005 മുതൽ കോർക്കിൽ മലയാളത്തിലുള്ള വിശുദ്ധ ബലി നടന്നു വരുന്നതും 2006ൽ വിൽട്ടൺ SMA പള്ളി വൈദികർ മലയാളികളെ ഇരു കൈയ്യും പിടിച്ച് നെഞ്ചോട് ചേർത്ത് നിർത്തിൽ തുടങ്ങുന്നു കോർക്ക് സിറോ-മലബാറിൻ്റെ ചരിത്രം. ഏകദേശം നാലോളം മലയാളി വൈദികർ ഇതുവരെ ഇവിടെ സേവനം ചെയ്യുവാനായി വന്നിട്ടുണ്ട്. പലപ്പോഴും പല ഗ്രൂപ്പ് കളികളും സമൂഹത്തിൽ നടത്തുവാൻ അവരുടെ കീഴിൽ പല തത്പ്പരകക്ഷികളും ശ്രമിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 4 വർഷമായി കോർക്കിൽ സേവനം ചെയ്യുവാൻ എത്തിയ വൈദികൻ പൊതുയോഗതീരുമാനം ആണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുകയും ട്രസ്റ്റീ ബോർഡിലേക്ക് ഇഷ്ടക്കാരനെ പിൻവാതിലിലൂടെ പ്രവേശിപ്പിക്കുകയും ചെയ്യുന്ന നീചമായ പ്രവർത്തിയാണ് പിന്നീട് കണ്ടത്. നിലവിലെ സീറോ മലബാർ കമ്യുണിറ്റിക്ക് ചാരിറ്റി രജിസ്‌ട്രേഷൻ എടുക്കാനാണ് പൊതുയോഗം തീരുമാനിച്ചത്. അതിനുപകരം, പുതിയ ഒരു ട്രസ്റ്റുണ്ടാക്കി നിലവിലുള്ള സിറോ-മലബാർ കമ്മൂണിറ്റിയെയും അതിൻ്റെ നീക്കിയിയിരിപ്പ് പണത്തെയും വിഴുങ്ങുവാൻ ശ്രമിക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ കോർക്കിൽ ജനങ്ങൾ കാണുന്നത്.
ഭൂപ്രകൃതിപരമായി ഏറെ പരന്നു കിടക്കുന്ന 150 ഓളം കുടുംബങ്ങളാണ് കോർക്കിൽ സിറോ മലബാറിൽ ഉള്ളത്. ഇപ്പോഴത്തെ ദേവാലയത്തിലെ വൈദികനുമായി മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും പിന്നീട് സ്വന്തമായി ഒരു ദേവാലയം പണിയണം എന്ന് പറഞ്ഞ് പണപിരിവ് തുടങ്ങുകയും ചെയ്ത നേതൃത്വമാണ് ഇപ്പോൾ ഭരണം നടത്തുന്നതും. ഞായറാഴ്ച്ചകളിലെ മതബോധന ക്ലാസുകൾക്ക് ഫീസ് ഏർപ്പെടുത്തിയത് മുതൽ വിശ്വാസീ സമൂഹം മുറുമുറുക്കുകയും പിന്നീട് കൊറോണ കാലയളവിൽ പ്രശ്നങ്ങളില്ലാതെ പോവുകയും ചെയ്ത അവസരത്തിലാണ് ട്രസ്റ്റിൽ നിർബന്ധമായി ചേർക്കുക എന്ന അജണ്ട പ്രതിനിധിയോഗത്തിൽ വരുകയും ശക്തമായ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് നടപ്പാക്കാൻ ശ്രമിക്കുന്നതും.
ട്രസ്റ്റിൽ ചേർന്നാൽ ഉണ്ടാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ മനസ്സിലാക്കി സമൂഹത്തിലെ ഭൂരിപക്ഷ വിശ്വാസികൾ ട്രസ്റ്റിനെ ബഹിഷ്ക്കരിക്കുകയും ഈ നീക്കത്തിനെതിരെ കോർക്ക് & റോസ് രൂപതാ ബിഷപ്പിനെ സമീപിക്കുകയും ബിഷപ്പ് ഈ വിഷയത്തിൽ ശക്തമായി ഇടപ്പെടുകയും ചെയ്തു. കോർക്കിലെ കാര്യങ്ങൾ വിശ്വാസികളും ട്രസ്റ്റിമാരും മാത്രമാണ് തീരുമാനിക്കുന്നത് എന്നും തനിക്ക് അതിൽ യാതൊരു പങ്കുമില്ലെന്നുമാണ് ഫാ. സിബി ബന്ധപ്പെട്ടവരോട് പറഞ്ഞിരിക്കുന്നത്. അതായത് പ്രശ്നങ്ങൾ മുഴുവൻ സൃഷ്ടിച്ചിട്ട് അവസാനം അതെല്ലാം ഇവിടെയുള്ളവരുടെ തലയിൽ കെട്ടിവച്ചിട്ട് രക്ഷപെടാനുള്ള സ്ഥിരം ശ്രമം. അത് മനസ്റ്റിലാക്കിയ ബിഷപ്പ് അവസാന തീരുമാനം കൈക്കൊള്ളാൻ സമയം വേണമെന്ന് അറിയിക്കുകയായിരുന്നു. അതിനെത്തുടർന്ന് പള്ളിപണി വേണ്ടയെന്നുവച്ചു എന്നാണ് ഇപ്പോൾ കേൾക്കുന്നത്. എങ്കിലും, ഈ കാലയളവിലും ചില തൽപരകക്ഷികൾ വീട് വീടാന്തരം കയറിയിറങ്ങി പുതിയ ട്രസ്റ്റിന്റെ അംഗത്വഫോം പൂരിപ്പിക്കുവാൻ വിശ്വാസികളെ നിർബന്ധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ പുതിയതായി വന്നിട്ടുള്ള പലരെയും ഫോം പൂരിപ്പിച്ചു കൊടിത്തില്ലെങ്കിൽ സമൂഹത്തിലും സഭയിലും ഉണ്ടാകുന്ന ഒറ്റപ്പെടുത്തലുകളെ പറ്റി ഭീഷണിപ്പെടുത്തുകയും ജോലി സ്ഥലങ്ങളിൽ വച്ചുപോലും പുതിയ ട്രസ്റ്റിൽ ചേരാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
കോർക്ക് രൂപതയിലെ ഇടവകയുടെ ഭാഗമായിതന്നെ നിന്നു കൊണ്ട് ഇപ്പോൾ കിട്ടുന്നതുപോലെ മലയാളം കുർബാനയും വേദപാഠവും ലഭ്യമാകുമെന്നിരിക്കെ പണപ്പിരിവ് മാത്രം ലക്ഷ്യമാക്കി ഉണ്ടാക്കിയ ട്രസ്റ്റിൽ ചേരാൻ ബഹു ഭൂരിപക്ഷം വിശ്വാസികളും വിമുഖത കാണിച്ചിരിക്കുകയാണ്. നിർബന്ധപ്പിരിവ് ഇല്ലാതെ വരുന്ന ചെലവുകൾ നേർച്ചയിലൂടെ നടത്തിക്കൊണ്ടുപോകുന്ന നിലവിലെ സംവിധാനം തുടരുക, എന്ന ആശയത്തിന് ഉണ്ടായ സ്വീകാര്യതയെ തകർക്കുവാൻ വിശുദ്ധ ബലി മധ്യേ വൈദികൻ രൂക്ഷമായ വിമർശനം നടത്തിയത് വലിയ ചർച്ചയായിരുന്നു. കോർക്കിലെ പുതിയ ട്രസ്റ്റിൽ ചേരാൻ താത്പര്യമില്ലാത്തവർ രൂപതയുടെ ഭാഗമായി തന്നെ നിലവിലെപോലെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ തുടരുന്നവർക്കു നിലവിൽ നടക്കുന്ന എല്ലാ സംവിധാനവും ലഭ്യമായിരിക്കും എന്നു വിൽട്ടൻ പള്ളി വികാരി ഫാ. മൈക്കൾ ഉറപ്പ് നൽകിയിട്ടുണ്ട്.
മാർപ്പാപ്പയുടെ അംഗീകാരത്തോടെ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ലത്തീൻ രൂപതകളിൽ സീറോ മലബാർ സമൂഹമായി പ്രവാസികൾ നിലകൊള്ളുന്നുണ്ട്. തദ്ദേശീയ സമൂഹവുമായി ഇടപഴകി ജീവിക്കുന്നിടത്തു അതാണ് പ്രവാസികൾക്ക് ഏറ്റവും ഉചിതവും. എന്നാൽ, അങ്ങനെ സംഭവിച്ചാൽ സ്വന്തമായി രൂപതയും ഇടവകയും സ്ഥാപിക്കാൻ പറ്റില്ലെന്ന കാരണത്താൽ ആണ് വിശ്വാസികളിൽ ഭിന്നിപ്പുണ്ടാക്കി പ്രത്യേക സംവിധാനത്തിനായി സിറോ മലബാർ വൈദീകർ ശ്രമിക്കുന്നത്. ഇതുമൂലം ഭാരിച്ച സാമ്പത്തിക ബാധ്യതയും മാനസിക ക്ലേശവുമാണ് വിശ്വസികളുടെമേൽ ഈ പുരോഹിതർ അടിച്ചേൽപ്പിക്കുന്നത്.
ക്ലബ്ബ് മെമ്പർഷിപ്പ് മാതൃകയിൽ സീറോ മലബാർ തുടങ്ങിയ ട്രസ്റ്റിന്റെ അംഗത്വം ഫോം തന്നെ എല്ലാ സീറോ മലബാർ വിശ്വാസികൾക്കും നാണക്കെടുണ്ടാക്കുന്നതാണ്. സഭാ സിനഡിനെയും റോമിലെ മാർ സ്റ്റീഫൻ ചിറപ്പണത്തു പിതാവിന്റെയും നിർദ്ദേശപ്രകാരമാണ് ട്രസ്റ്റു തുടങ്ങിയത് എന്നാണ് അതുമായി ബന്ധപ്പെട്ടവർ പ്രചരിപ്പിക്കുന്നത്. സീറോ മലബാർ സഭയെ ആഗോളതലത്തിൽ കൂടുതൽ അപഹസ്യമാക്കാൻ മാത്രമേ അത്തരം പ്രവർത്തികളിൽ സഹായിക്കൂ.