ഡബ്ലിൻ :രാജ്യത്തിൻറെ നിയമം ലംഘിക്കരുതെന്ന ഐറീഷ് ബിഷപ്പിന്റെ തീരുമാനം തള്ളിക്കൊണ്ട് മാർ സ്റ്റീഫൻ ചിറപ്പണത്തും ഫാ.ക്ളമന്റും തീക്കൊള്ളി കൊണ്ട് തലചൊറിയുന്നു.രാജ്യനിയമങ്ങളെ വെല്ലുവിളിക്കുന്ന പ്രവാസികൾക്ക് നിരോധനം ഉണ്ടാകുമെന്നുള്ളത് മറന്നുകൊണ്ടാണ് ഐറീഷ് ബിഷപ്പിന്റെ തീരുമാനത്തെ വരെ തള്ളിക്കൊണ്ട് യൂറോപ്പിന്റെ അപ്പസ്തോലിക്ക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്തും അയർലന്റിലെ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ നായകൻ എന്ന് പറയപ്പെടുന്ന ഫാ ക്ലെമെന്റും കോർക്കിലെ തീരുമാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പുതിയ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത് .
സീറോ മലബാർ സഭയുടെ കമ്മ്യുണിറ്റിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയിരിക്കുകയാണ് ഇവർ .ഇവരുടെ ചെയ്തികൾ ചോദ്യം ചെയ്ത് കോടതിയിൽ പോയാൽ രാജ്യനിയമങ്ങളെ വെല്ലുവിളിക്കുന്ന ഇവർക്ക് എതിരെ നിരോധനം വരെ ഉണ്ടാകുമെന്നാണ് സൂചനകൾ .
കോർക്കിലെ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാൻ ധാരണയായതിന്റെ മഷിയുണങ്ങും മുൻപേയാണ് നിലപാടുകളിൽ വെള്ളംചേർത്തുകൊണ്ടാണ് യൂറോപ്പിന്റെ അപ്പസ്തോലിക്ക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് രംഗത്ത് വന്നിരിക്കുന്നത് . കോർക്കിലെ സമൂഹത്തിൽ നിന്നുയർന്ന പരാതികളിൽ കഴിഞ്ഞ വെള്ളി ശനി ദിവസങ്ങളിലായാണ് ചർച്ചകൾ നടന്നത്. അതിനു ശേഷം ഞായറാഴ്ച കുർബാനയ്ക്കിടയിൽ കോർക്ക് മെത്രാനും അപ്പസ്തോലിക്ക് വിസിറ്റേറ്ററും പ്രസ്താവനകൾ നടത്തുകയുണ്ടായി. എന്നാൽ അതിനു വിരുദ്ധമായി മാർ ചിറപ്പണത്തു നടത്തിയ പ്രസ്‌താവനയിലെ പല കാര്യങ്ങളും മറച്ചുവച്ചാണ് ഇന്ന് കോർക്കിലെ സമൂഹത്തിൽ ഔദ്യോഗികമായി പ്രചരിപ്പിച്ച വാർത്താക്കുറിപ്പ് ഇറക്കിയത്.
തന്റെ നേതൃത്വത്തിൽ നടക്കുന്ന ശുശ്രൂഷമൂലം കോർക്കിലെ സമൂഹത്തിനു എന്തെങ്കിലും വേദനകളോ ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നു പറഞ്ഞ മാർ ചിറപ്പണത്തു, ഇന്നത്തെ വാർത്താകുറിപ്പിൽ ആ ഭാഗം പൂർണ്ണമായും ഒഴിവാക്കി. കഴിഞ്ഞയാഴ്ചയിലെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണെന്നും കോർക്കിലെ മെത്രാന്റെയും വിശ്വാസികളുടെയും കണ്ണിൽപൊടിയിടാനുള്ള ചെപ്പടിവിദ്യയായിരുന്നുവെന്നുമുള്ള വിമർശനം ഉയർന്നു കഴിഞ്ഞു. ട്രസ്റ്റുമായി ബന്ധപ്പെട്ട്, വിശ്വാസികൾ ചേരുന്നത് ട്രസ്റ്റിൽ അല്ലാ കമ്മ്യുണിറ്റിയിൽ ആണെന്നും ട്രസ്റ്റ് കമ്മ്യുണിറ്റിയുടെ കീഴിൽ വരുന്നതാണെന്നും ബിഷപ്പ് ഫിന്റൻ ഗാവിൻ പറഞ്ഞതൊക്കെ ഒഴിവാക്കിയാണ് പത്രകുറിപ്പ് ഇറങ്ങിയിരിക്കുന്നത്.
മെത്രാന്മാർ തന്നെ നേരിട്ട് ഇടപെട്ട് കോർക്കിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ധാരണയായ വാർത്ത അയർലണ്ടിലും ലോകമെങ്ങുമുള്ള സീറോ മലബാർ വിശ്വാസികളുടെയിടയിലും വലിയ ചർച്ചയായിരുന്നു. സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മെത്രാൻ വന്നുപോയ തെറ്റുകൾ അംഗീകരിക്കുകയും അതിനു ക്ഷമപറയുകയും ചെയ്തത്. കഴിഞ്ഞ ദിവസം ഇത് ചർച്ച ചെയ്യാൻ അടിയന്തര യോഗം ചേർന്നതായി റിപ്പോർട്ടുണ്ട്. അതിനു ശേഷം പുറത്തിറക്കിയ കുറിപ്പിലാണ് പ്രസ്താവനയിൽ ഉണ്ടായിരുന്ന പലതും വിഴുങ്ങിയത്. ബിഷപ്പ് ഫിന്റൻ ഗാവിൻ പ്രസ്താവിച്ച വലിയമാറ്റങ്ങളെ അംഗികരിക്കാൻ കോർക്കിലെ പ്രതിനിധിയോഗ നേതൃത്വത്തിന് ബുദ്ധിമുട്ടുണ്ടെന്നു വ്യക്തമാക്കുന്നതാണ് ഈ മലക്കം മറിച്ചിൽ എന്ന് വിലയിരുത്തപ്പെടുന്നു. വാർത്താക്കുറിപ്പിനെ പറ്റി അഭിപ്രായം ആരാഞ്ഞപ്പോൾ പഠിച്ചു വേണ്ട നടപടികൾ സ്വീകരിച്ചിട്ടു പിന്നീട് പ്രതികരിക്കാമെന്നു കഴിഞ്ഞയാഴ്ചയിൽ ചർച്ചയിൽ പങ്കെടുത്തവർ അറിയിച്ചു.