ബിയർ വാങ്ങാൻ പോയപ്പോൾ ലോട്ടറി അടിച്ച ഒരു യുവതിയുടെ വാർത്തയാണ് യു എസിൽ നിന്നും പുറത്തുവരുന്നത്. ഇസബെൽ സാൻഡോവൽ എന്ന 35 കാരിയെയാണ് ഭാഗ്യം തുണച്ചത്. സ്ഥിരമായി ലോട്ടറി എടുക്കാറുള്ള ആളായിരുന്നു ഇസബെൽ. എന്നാൽ ഒരിക്കൽ പോലും ഭാഗ്യം തുണയ്ക്കാത്തതിൽ നിരാശയിലായ ഇവർ ലോട്ടറി എടുക്കുന്നത് നിർത്തി.
നാളുകൾക്ക് ശേഷം രണ്ട് ദിവസം മുൻപ് ഭർത്താവിന് ബിയർ വാങ്ങി മടങ്ങുമ്പോഴാണ് ഇസബെല്ലിന് ലോട്ടറി എടുക്കണമെന്ന് വീണ്ടും തോന്നിയത്. ആദ്യം ഒന്ന് മടിച്ചെങ്കിലും അവർ ടിക്കറ്റ് വാങ്ങിക്കുക ആയിരുന്നു. ഒടുവിൽ ഭാഗ്യദേവതയും ഇസബെല്ലയ്ക്കൊപ്പം കൂടി. മേരിലാഡിലെ ബാൾട്ടിമോർ സ്വദേശിനിയായ ഇസബെല്ലിന് 250,000 ഡോളറാണ് ഒന്നാം സമ്മാനമായി ലഭിച്ചത്. അതായാത് ഏകദേശം രണ്ട് കോടിയിലേറെ ഇന്ത്യന്‍ രൂപ.
വീട്ടില്‍ ചെന്ന് ടിക്കറ്റുകള്‍ പരിശോധിച്ചപ്പോഴാണ് താനെടുത്ത ടിക്കറ്റുകളിൽ ഒന്നില്‍ സമ്മാനമുണ്ടെന്ന് ഇവർക്ക് മനസ്സിലാകുന്നത്. ഇത്രയും വലിയ സമ്മാനം ലഭിച്ചെന്ന് വിശ്വസിക്കാനാകാത്ത ഇസബെല്ല ഭർത്താവിനൊപ്പം ലോട്ടറി ഓഫീസിലെത്തി വിജയം സ്ഥിരീകരിക്കുക ആയിരുന്നു.
ഇസബെലിന് ടിക്കറ്റ് കൈമാറിയ ലോട്ടറി ഏജന്റിനും വലിയൊരു തുക കമ്മീഷനായി ലഭിക്കും. അഞ്ച് കുട്ടികളുടെ അമ്മയാണ് ഇസബെല്‍. സമ്മാനത്തുക കൊണ്ട് തന്റെ അമ്മയെ സഹായിക്കണമെന്നാണ് ഇസബെല്ലയുടെ ആദ്യത്തെ ആഗ്രഹം. ബാക്കി തുക ഉപയോഗിച്ച് വീട്ടിലെ കുറച്ച് ആവശ്യങ്ങല്‍ നിറവേറ്റുകയും കുടുംബത്തോടൊപ്പം യാത്രകള്‍ ചെയ്യുകയും വേണമെന്നും ഇസബെല്ല വ്യക്തമാക്കുന്നു.