ശബരിമല വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് എന്‍.എസ്.എസ്. സംഘടനയുടെ മുഖപത്രത്തിലാണ് കേന്ദ്ര കേരള സര്‍ക്കാരുകളെ വിമര്‍ശിച്ചത്. വിശ്വാസ സംരക്ഷണത്തിന് വേണ്ടി ഇരു സര്‍ക്കാരുകളും ഒന്നും ചെയ്തില്ല. ശബരിമല രാഷ്ട്രീയലാഭം കൊയ്യാനുള്ള അവസരമായി ബി.ജെ.പിയും കോണ്‍ഗ്രസും കണ്ടവെന്നാണ് വിമര്‍ശനം.
സമരത്തിനും നിയമ പോരാട്ടത്തിനും തയ്യാറായത് യു.ഡി.എഫ് മാത്രമാണെന്നും മുഖപത്രം പറയുന്നു. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് സ്വീകരിച്ച നിലപാട് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിലയിരുത്തലാണ് ബി.ജെ.പി നേതാക്കള്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഈ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചാണ് എന്‍.എസ്.എസ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.
ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാരോ ബി.ജെ.പിയോ ഒന്നും ചെയ്തില്ലെന്നാണ് എന്‍.എസ്.എസിന്റെ വിമര്‍ശം. ശബരിമല വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസിനൊപ്പം ബി.ജെ.പിയും രംഗത്തെത്തി. എന്നാല്‍ യു.ഡി.എഫ് നിയമ നടപടികള്‍ സ്വീകരിച്ചപ്പോള്‍ സമരം നടത്താന്‍ മാത്രമാണ് ബി.ജെ.പി തയ്യാറായത്. ഇത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ആയിരുന്നുവെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
ഖജനാവും അധികാരവും ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശ്വാസ സംരക്ഷണത്തെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചത് എന്നും വിമര്‍ശമുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തതു കൊണ്ടാണ് ശബരിമല ഉത്സവത്തിന് നടതുറന്നപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരുന്നതെന്നും എന്‍.എസ്.എസ് വിമര്‍ശിച്ചു. വിശ്വാസത്തിന്റെ പേരില്‍ വോട്ടുപിടിക്കാന്‍ ആര്‍ക്കാണ് അവകാശമെന്നത് വിശ്വാസി സമൂഹം തീരുമാനിക്കുമെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ബിജെപിയും കോണ്‍ഗ്രസും പരാജപ്പെടുമെന്ന ഭയത്താലാണ് എന്‍എസ്എസ് കളമാറ്റിച്ചവിട്ടാന്‍ നോക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. ബിജെപിയ്ക്ക് കേന്ദ്ര ഭരണം കിട്ടില്ലെന്ന തോന്നലിലാണ് വിമര്‍ശനമെന്നും നിരീക്ഷകര്‍ പറയുന്നു. അതേസമയം ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ എന്‍.എസ്.എസ് അഭിപ്രായം പറയണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.