ജോ ജോസഫിനെതിരെ വ്യാജ വീഡിയോ അപ് ലോ‍ഡ് ചെയ്ത ലീഗ് അനുഭാവി പിടിയില്‍

മലപ്പുറം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ അധിക്ഷേപിക്കാന്‍ ലക്ഷ്യമിട്ട് വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്തയാള്‍ പിടിയില്‍. കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് കോയമ്പത്തൂരില്‍ നിന്ന് പിടിയിലായത്. ലത്തീഫ് മുസ്ലിം ലീഗ് അനുഭാവിയെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ഉച്ചയോടെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.

മുസ്ലീം ലീഗ് പ്രവര്‍ത്തകനും സോഷ്യല്‍ മീഡിയയില്‍ ലീഗിന്റെ പ്രചാരകനകുമാണ് ലത്തീഫ് എന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെ കോയമ്പത്തൂരില്‍ നിന്നാണ് തൃക്കാക്കര പൊലീസ് ഇയാളെ പിടികൂടിയത്. ഇന്ന് ഉച്ചയോടെ അബ്ദുള്‍ ലത്തീഫിനെ കൊച്ചിയിലെത്തിക്കും. ട്വിറ്ററില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാള്‍ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ ട്വിറ്ററിലൂടെ പ്രചരിപ്പിക്കുകയായിരുന്നു അബ്ദുള്‍ ലത്തീഫ്. ഇതിന് വേണ്ടി വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കുകയും ചെയ്തു. ഫേസ്ബുക്ക് വഴി ഈ ദൃശ്യം അപ് ലോ‍ഡ് ചെയ്തതും അബ്ദുള്‍ ലത്തീഫ് തന്നെയാണെന്ന സംശയമുണ്ട്. ഫേസ്ബുക്കില്‍ നിന്നുള്ള വിവരം ലഭിച്ച ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. നേരത്തെ വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആരാണ് ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തതെന്ന് കണ്ടെത്തിയിരുന്നില്ല. ഇന്നലെ രാത്രിയാണ് കൊച്ചി സിറ്റി പൊലീസിന് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഉടന്‍ തന്നെ കോയമ്പത്തൂരിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

നേരത്തെ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അശ്ലീല പ്രചരണത്തിന് പിന്നില്‍ യു ഡി എഫാണെന്ന് എല്‍ ഡി എഫ് നേതാക്കള്‍ പറഞ്ഞിരുന്നു. അതേസമയം ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതില്‍ യു ഡി എഫിന് ബന്ധമില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നത്. തൃക്കാക്കരയില്‍ ജയിക്കാന്‍ വ്യാജ വീഡിയോ ഇറക്കേണ്ടതില്ലെന്നും സ്ഥാനാര്‍ഥിക്കെതിരെ മോശമായി യു ഡി എഫ് നേതാക്കളാരും ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വീഡിയോ പ്രചരിപ്പിച്ചവരില്‍ സി പി ഐ എമ്മുകാരുമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രം നോക്കി കസ്റ്റഡിയിലെടുക്കുകയാണെന്നും വീഡിയോ ക്രിയേറ്റ് ചെയ്തവരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നത്. കുളം കലക്കി മീന്‍പിടിക്കാനാണ് എല്‍ ഡി എഫ് ശ്രമിക്കുന്നത് എന്നും ഇത്തരത്തില്‍ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്നും സതീശന്‍ പറഞ്ഞിരുന്നു.

സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജോ ജോസഫിന്റെ ഭാര്യ ദയ പാസ്‌കലും അശ്ലീല വീഡിയോ പ്രചരണത്തിനെതിരെ രംഗത്തെത്തിയിരുന്നു. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഐ ടി ആക്ട് 67 എ, ജനപ്രാതിനിധ്യ നിയമത്തിലെ 123 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top