കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. വിചാരണ തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കേസിൽ വിചാരണ കൂടാതെ വെറുതെ വിടണമെന്നാവശ്യപ്പെട്ടായിരുന്നു ഫ്രാങ്കോ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
സാക്ഷിമൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും കേസിൽ നടപടി തുടരാനുള്ള വസ്തുതകളില്ലെന്നുമായിരുന്നു ഫ്രാങ്കോയുടെ വാദം. എന്നാൽ പ്രഥമദൃഷ്ട്യാ പീഡനക്കേസ് നിലനിൽക്കുമെന്നും മനപ്പൂർവ്വം കേസ് വൈകിപ്പിക്കാനാണ് ഫ്രോങ്കോ ശ്രമിക്കുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. നേരത്തെ സമാന ആവശ്യവുമായി ബിഷപ്പ് കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയെ സമീപിക്കുകയും ഹർജി കോടതി മാർച്ച് 16 ന് തള്ളുകയും ചെയ്തിരുന്നു. തുടർന്നാണ് ബിഷപ്പ് ഫ്രാങ്കോ പുനപരിശോധനാ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ജൂലൈ ഒന്നിന് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നടപടികൾക്ക് ഹാജരാകണം എന്നാണ് പോക്‌സോ പ്രത്യേക കോടതി ഉത്തരവിറക്കിയെങ്കിലും എത്ിതയിുന്നില്ല. കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തെന്ന കേസിൽ തനിക്കെതിരെ തെളിവുകൾ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ കൂടാതെ തന്നെ പ്രതിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നുമാണ് ഫ്രാങ്കോയുടെ ആവശ്യം.2018 ജൂൺ 26 നാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയത്. ലൈംഗികമായി പീഡിപ്പിച്ചെന്ന് കഴിഞ്ഞ വർഷം ജൂൺ 27 നാണ് കന്യാസ്ത്രീ പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ ഒൻപതിനാണ് കേസിലെ കുറ്റപത്രം സമർപ്പിച്ചത്. ആയിരം പേജുള്ള കുറ്റപത്രത്തിൽ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 നഴ്‌സുമാരും ഉൾപ്പടെ 84 സാക്ഷികളുണ്ട്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.