
കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ മാനസികമായി തകര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന് സഹോദരന്‍ ആരോപിച്ചു. നിരന്തരം ബുദ്ധിമുട്ടിച്ചുംവിഷമത്തിലാക്കിയും അവര്‍ സഹോദരിയെ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കന്യാസ്ത്രീയുടെ ചിത്രം സഹിതമുള്ള വാര്‍ത്താക്കുറിപ്പ് മിഷനറീസ് ഒഫ് ജീസസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടതിനോട് പ്രതികരിക്കുകയായിരുന്നു സഹോദരന്‍.
‘കഴിഞ്ഞദിവസം ഇരയുടെ ചിത്രം സഹിതം മിഷനറീസ് ഓഫ് ജീസസ് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടു. തീര്‍ത്തും തെറ്റാണിത്. കോണ്‍ഗ്രിഗേഷനിലുള്ളവര്‍ക്കു കോടതി ഉത്തരവോ ഇരയുടെ വ്യക്തിത്വം മാനിക്കണമെന്നോ അറിവില്ലെന്നതു നാണക്കേടാണ്. സഹോദരിയെ ബുദ്ധിമുട്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്’- സഹോദരന്‍ എഎന്‍ഐയോടു പറഞ്ഞു.
‘ബിഷപ്പിനെതിരെ പരാതിയുയര്‍ന്നത് അന്വേഷിക്കാന്‍ വത്തിക്കാന്‍ അന്വേഷണ സമിതി രൂപീകരിച്ചെന്നതു തെറ്റായ വാര്‍ത്തയാണെന്നാണു തോന്നുന്നത്. നടപടിയെടുക്കാന്‍ സാധാരണഗതിയില്‍ 2-3 ദിവസം വേണം. മാര്‍പാപ്പയ്ക്കു മുന്നില്‍ വിഷയം എത്തിക്കുകയാണു വേണ്ടതെങ്കില്‍ അവര്‍ക്ക് ഇന്നുതന്നെ ചെയ്യാവുന്നതാണ്. അവരങ്ങനെ ചെയ്തിരുന്നെങ്കില്‍ കേസുമായി ബന്ധമുള്ളവരെ വത്തിക്കാന്‍ അറിയിക്കുമായിരുന്നു’- സഹോദരന്‍ ചൂണ്ടിക്കാട്ടി.
‘ഇതുവരെ അത്തരത്തിലൊരു കത്ത് വത്തിക്കാനില്‍നിന്നോ മറ്റോ കിട്ടിയിട്ടില്ല. അതുകൊണ്ടാണിതു വ്യാജവാര്‍ത്തയാണെന്നു പറയേണ്ടിവരുന്നത്. കുറ്റാരോപിതനായ വ്യക്തിയുടെയും സംഘത്തിന്റെയും ഗൂഢാലോചനയുടെ ഫലമായിരിക്കാം ഇങ്ങനെയൊരു വാര്‍ത്ത. കേരളത്തിലും പുറത്തും ജലന്തര്‍ ബിഷപ്പിനെതിരെ നടക്കുന്ന സമരങ്ങളുടെ വീര്യം കുറയ്ക്കുക എന്നതായിരിക്കും അവരുടെ ഉദ്ദേശ്യം’- സഹോദരന്‍ ആരോപിച്ചു.