കൊച്ചി: ഭര്‍ത്താവ് ഇനി ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്ന് അറിഞ്ഞപ്പോള്‍ ജറീനക്ക് വിട്ടുപോകുന്ന വേദനയോര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കാനല്ല തോന്നിയത്. കുറച്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കാനാണ്. എറണാകുളം ലിസി ആശുപത്രിയിലെ നഴ്‌സായ ജറീനയാണ് അപകടത്തില്‍ മരണമടഞ്ഞ തന്റെ പ്രിയതമന്റെ അവയവങ്ങള്‍ ദാനം ചെയ്ത് ആറ് പേര്‍ക്ക് പുതുജീവിതം നല്‍കിയത്. ജറീനയുടെ സന്മനസ് ലോകമറിഞ്ഞത് ആരോഗ്യമന്ത്രി കെ. കെ. ശൈലജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ്.
സ്വന്തം ദു:ഖം പോലും മാറ്റി വച്ച് അവയവദാനത്തിന് തയ്യാറായ ജറീനയുടെ തീരുമാനത്തെ മാതൃകാപരമാണെന്നാണ് ആരോഗ്യമന്ത്രി കെ. കെ. ശൈലജ വിശേഷിപ്പിച്ചത്. തീരാനഷ്ടത്തിലും ധീരമായ തീരുമാനമെടുത്ത ജറീനയെ അഭിനന്ദിച്ച് മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജറീനയുടെ ഭര്‍ത്താവായ നോബി എന്ന് വിളിക്കുന്ന ഏലിയാസ് ഡോമിനിക് ലിവേറയ്ക്ക് (42) വല്ലാര്‍പാടത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റത്. ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട് ലിസി ആശുപത്രിയിലും എത്തിച്ചു. നോബിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും തലച്ചോറിലെ അമിത രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്‌ക്ക മരണം സംഭവിക്കുകയായിരുന്നു. ഡോക്ടര്‍മാരില്‍ നിന്നും വിവരങ്ങള്‍ മനസിലാക്കിയ ജറീന അവയവദാനത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. നോബിയുടെ ഹൃദയം, വൃക്കകള്‍, കരള്‍, കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തന്റെ പ്രിയപ്പെട്ട ഭര്‍ത്താവ് ജീവിതത്തിലേക്കിനിയില്ലെന്ന് മനസിലാക്കിയ വേദനകള്‍ക്കിടയിലും നഴ്സ് ജറീനയുടെ ഉറച്ച തീരുമാനം കാരണം രക്ഷിക്കാനായത് 6 പേരുടെ ജീവനുകളാണ്. മറ്റുള്ളവരിലൂടെ അദ്ദേഹം ജീവിക്കണം എന്ന് ജറീന തീരുമാനിച്ചതോടെ അവയവദാന പ്രകൃയയിലൂടെ 6 കുടുംബങ്ങള്‍ക്കാണ് പുതുജീവിതം ലഭിച്ചത്.
സ്വന്തം ദു:ഖം പോലും മാറ്റി വച്ച് അവയവദാനത്തിന് തയ്യാറായ ജറീനയുടെ തീരുമാനം മാതൃകാപരണ്. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നഴ്സായ ജറീന തന്നെ ഇക്കാര്യത്തില്‍ മുന്നോട്ട് വന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതാണ്. ഈ രംഗത്തുള്ള തെറ്റിദ്ധാരണകള്‍ മാറുന്നതിന് ഇത് വളരെയേറെ സഹായിക്കുന്നതാണ്. ജറീനയുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു.
10 വര്‍ഷമായി എറണാകുളം ലിസി ആശുപത്രിയില്‍ നഴ്സ് ആയി സേവനമനുഷ്ഠിക്കുകയാണ് ജറീന. വെള്ളിയാഴ്ച ഉച്ചയ്ക്ക് വല്ലാര്‍പാടത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ജറീനയുടെ ഭര്‍ത്താവ് മുളവുകാട് ഇത്തിത്തറവീട്ടില്‍ നോബി എന്നു വിളിക്കുന്ന ഏലിയാസ് ഡോമിനിക് ലിവേറയ്ക്ക് (42) ഗുരുതരമായി പരിക്കേറ്റത്. ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട് ലിസി ആശുപത്രിയിലും എത്തിച്ചു. നോബിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും തലച്ചോറിലെ അമിത രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്‌ക്ക മരണം സംഭവിക്കുകയായിരുന്നു. ഡോക്ടര്‍മാരില്‍ നിന്നും വിവരങ്ങള്‍ മനസിലാക്കിയ ജറീന അവയവദാനത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.
നോബിയുടെ ഹൃദയം, 2 വൃക്കകള്‍, കരള്‍, 2 കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്. ഹൃദയവും ഒരു വൃക്കയും ലിസി ആശുപത്രിയിലെ രോഗികള്‍ക്കും ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജിലേയും കരള്‍ പി.വി.എസ്. ആശുപത്രിയിലേയും രോഗികള്‍ക്കും, നേത്രപടലം അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ നേത്രബാങ്കിലേക്കും നല്‍കി.
സംസ്ഥാന സര്‍ക്കാരിന്റെ കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗാണ് (കെ.എന്‍.ഒ.എസ്.) അവയവദാന പ്രകൃയ ഏകോപിപ്പിച്ചത്. സര്‍ക്കാരിന്റെ അംഗീകൃത പാനലില്‍പ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആറുമണിക്കൂര്‍ ഇടവിട്ട പരിശോധനകളിലൂടെയാണ് ഞായറാഴ്ച ഉച്ചയോടെ മസ്തിഷ്‌ക്കമരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അതിന് ശേഷമാണ് അവയവദാന ശസ്ത്രക്രിയ നടത്തിയത്.
ജറീനയ്ക്ക് 3 വയസുള്ള ഒരു പെണ്‍കുട്ടിയാണുള്ളത്. ജറീനയുടെ അച്ഛനും അമ്മയും നേരത്തെ മരിച്ചിരുന്നു. ഭര്‍ത്താവായ നോബിയുടെ അച്ഛനും മരണമടഞ്ഞിരുന്നു. നോബിയുടെ മരണത്തോടെ നിരാലംബരായ ഈ കുടുംബത്തിന്റെ മുഴുവന്‍ ഭാരവും ഇനി ജറീനയിലാണ്. ഈയൊരു സാഹചര്യത്തില്‍ നിന്നുമാണ് ജറീന ലോകത്തിന് മുഴുവന്‍ മാതൃകയായത്.