
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്നിരുന്ന നേഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു.അവഹേളനങ്ങളെ അതിജീവിച്ച് നിശ്ചയദാര്‍ഢ്യം ഒന്നുമാത്രം കൈമുതലാക്കിയുള്ള നഴ്‌സ് സമൂഹത്തിന്റെ അചഞ്ചല പോരാട്ടത്തിന് ശുഭ പര്യവസാനം. 50 കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം 20,000 രൂപയാക്കാന്‍ ധാരണയായതോടെയാണ് സമരം വിജയം കണ്ടത്.മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിലുള്ള ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ഇതേതുടര്‍ന്ന് സമരം പിന്‍വലിക്കുന്നതായി യുഎന്‍എ, ഐഎന്‍എ എന്നീ സംഘടനകള്‍ വ്യക്തമാക്കി
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഴ്‌സുമാര്‍ സമരം വിജയമായത് ആഹ്ലാദത്തോടെ വരവേറ്റു.
മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷായെ എടുത്തുയര്‍ത്തി അമ്മാനമാടിയാണ് സമരപ്പന്തലിലെ നഴ്‌സുമാര്‍ ആഹ്ലാദം പ്രകടിപ്പിച്ചത്.തുടര്‍ന്ന് നഴ്‌സുമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആഹ്ലാദ പ്രകടനവും നടത്തി.സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ലോകത്തിന്റെ പലഭാഗത്തുമുള്ള നഴ്‌സുമാര്‍ക്കും പൊതുജനത്തിനും നന്ദി അറിയിക്കുന്നതായി ജാസ്മിന്‍ ഷാ പറഞ്ഞു.
തങ്ങളുടെ പ്രശ്‌നങ്ങളും ട്രെയിനിങ് സമ്പ്രദായം നിര്‍ത്തലാക്കേണ്ട ആവശ്യകതയെക്കുറിച്ചും സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു.സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം 50 ബെഡ്ഡില്‍ താഴെയുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളമായ 20,000 രൂപ നല്‍കാനുള്ള സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി സംഘടനാ നേതാക്കളെ ആദ്യമേ ധരിപ്പിച്ചിരുന്നു.കുറഞ്ഞ വേതനം 20000 രൂപയാക്കിയേ പറ്റൂവെന്ന് മാനേജ്‌മെന്റുകളുടെ യോഗത്തില്‍ മുഖ്യമന്ത്രി കര്‍ശന നിലപാടെടുക്കുകയും ചെയ്തു. ഇന്നലെ വരെ ഒരു രൂപ പോലും ശമ്പളം വര്‍ധിപ്പിക്കില്ലെന്ന നിലപാടെടുത്ത മാനേജ്‌മെന്റുകള്‍ ഇതോടെ സര്‍ക്കാരിന് വഴങ്ങി.
കേന്ദ്രനിര്‍ദ്ദേശ പ്രകാരമുള്ള അടിസ്ഥാന ശമ്പളം 20,000 രൂപയാക്കാന്‍ ചര്‍ച്ചയില്‍ തീരുമാനിച്ചു. ഇതിനപ്പുറം നേഴ്‌സുമാര്‍ക്ക് അധിക ശമ്പളം വേണമെന്ന ആവശ്യം പഠിക്കാന്‍ ഒരു സമിതി രൂപീകരിക്കും. സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും. തൊഴില്‍-ആരോഗ്യ നിയമ സെക്രട്ടറിമാരാണ് സമിതിയില്‍ ഉണ്ടാവുന്ന അംഗങ്ങള്‍.സമരം ചെയ്തവരോട് പ്രതികാര നടപടി പാടില്ലെന്ന് മുഖ്യമന്ത്രി മാനേജ്‌മെന്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ 22 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ നേഴ്്‌സുമാര്‍ സമരം ചെയ്തുവരികയായിരുന്നു. ഇതിനിടയില്‍ പലപ്പോഴായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇന്ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായി.