മുൻ കാല പ്രാബല്യത്തോടെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയ്ക്ക് അംഗീകാരം. നഴ്‌സുമാരുടെ ശമ്പളവര്‍ധനവിന് മിനിമം വേതന സമിതി അംഗീകാരം നല്‍കി. ആശുപത്രി മാനേജ്‌മെന്റുകളുടെ വിയോജിപ്പോടെയാണ് അംഗീകാരം.

മുഖ്യമന്ത്രിയുെട അധ്യക്ഷതയില്‍ നേരത്തെ നടന്ന ചര്‍ച്ചയിലുണ്ടായ തീരുമാനപ്രകാരമുള്ള ശമ്പള വര്‍ധന നടപ്പാക്കണമെന്ന വിഷയമാണ് സമിതി ചര്‍ച്ച ചെയ്തത്. ആശുപത്രി മാനേജ്മെന്റുകള്‍ സമിതിയില്‍ ശുപാര്‍ശകളെ എതിര്‍ത്തു .ആശുപത്രി മാനേജ്‌മെന്റുകളുടെ ഏഴോളം പ്രതിനിധികള്‍ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ശുപാര്‍ശകളെ എതിര്‍ത്തു.

ശമ്പളം വര്‍ധിപ്പിക്കുന്ന കാര്യത്തിലും ഷിഫ്റ്റിന്റെ കാര്യത്തിലും ട്രെയിനിങ് സമ്പ്രദായത്തിലും മാനേജ്‌മെന്റുകള്‍ എതിര്‍പ്പ് രേഖപ്പെടുത്തി. എതിര്‍പ്പുകള്‍ അടക്കമുള്ളവ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറാന്‍ ലേബര്‍ കമ്മീഷണര്‍ തീരുമാനിച്ചു. റിപ്പോര്‍ട്ട് പരിഗണിച്ചശേഷം തൊഴില്‍ വകുപ്പ് ഇനി കരട് വിജ്ഞാപനം ഇറക്കും. വിജ്ഞാപനത്തോട് എതിര്‍പ്പുള്ളവര്‍ക്ക് അഡൈ്വസറി ബോര്‍ഡിനെ സമീപിക്കാം. അവിടെ വീണ്ടും ചര്‍ച്ചകള്‍ നടക്കും. അതിനു ശേഷമാവും അന്തിമ വിജ്ഞാപനം. ഒക്ടോബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള വര്‍ധന നടപ്പാക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ.

Top