നഴ്‌സിംഗ് റാഗിംഗ് :മലയാളി വില്ലത്തികള്‍​ക്ക് വധശ്രമത്തിന് കേസ് !ഇടുക്കി സ്വദേശിനി ആതിരക്കും കൊല്ലം സ്വദേശിനി ലക്ഷ്മിക്കും എതിരെ അശ്വതിയുടെ മൊഴില്‍ വധശ്രമത്തിന് കേസ്

കോഴിക്കോട്: ഗുല്‍ബര്‍ഗയിലെ അല്‍ഖമാര്‍ നഴ്‌സിംഗ് കോളജില്‍ ദളിത് വിദ്യാര്‍ഥിനി റാഗിംഗിനു ഇരയായ സംഭവത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതരെ കൂടി കര്‍ണാടക പോലീസ് കേസെടുക്കും. 1998ല്‍ കേരള നിയമസഭ പാസാക്കിയ റാഗിംഗ് പ്രിവന്‍ഷന്‍ ആക്ട് കര്‍ണാടകയില്‍ ബാധകമല്ലാത്തതിനാലാണ് കര്‍ണാടക പോലീസ് പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.അതേസമയം സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംഗിനിരയായി നഴ്സിംഗ് വിദ്യാര്‍ഥിനിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ കോളേജ് അധികൃതരുടെ വാദം പൊളിഞ്ഞു.പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതാണ് ആശുപത്രിയിലകാന്‍ കാരണമെന്നും പൂര്‍ണ്ണമായും സുഖം പ്രാപിച്ച ശേഷമാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് പെണ്‍കുട്ടി കോളേജില്‍ വന്നതെന്നുമായിരുന്നു കോളേജ് അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഇപ്പോള്‍ അവശനിലയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ വിദഗ്ധോപദേശത്തെ വകവെക്കാതെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നുവെന്ന് ബസവേശ്വര ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി

റാഗിംഗിനിരയായ അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇടുക്കി സ്വദേശിനി ആതിര, കൊല്ലം സ്വദേശിനി ലക്ഷ്മി എന്നിവര്‍ക്കെതിരെ വധശ്രമത്തിനും എസ്‌സി/എസ്ടി പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരവും കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്ത് കര്‍ണാടക പോലീസിന് കൈമാറിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ റാഗിംഗ് പ്രിവന്‍ഷന്‍ ആക്ട് കര്‍ണാടകയില്‍ ബാധകമാവാത്തതിനാലാണ് മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവിടെ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നത്. എന്നാല്‍ റാഗിംഗ് തടയുന്നതിനായി കര്‍ണാടകയില്‍ നിലവിലുള്ള നിയമപ്രകാരം കേസ് ഇന്ന് തന്നെ രജിസ്റ്റര്‍ ചെയ്യാനാണ് സാധ്യത. അശ്വതിയുടെ മൊഴിയില്‍ പരാമര്‍ശിക്കുന്ന മൂന്ന് പെണ്‍കുട്ടികളുടെയും പേരുവിവരങ്ങള്‍ കര്‍ണാടക പോലീസിന് മെഡിക്കല്‍ കോളജ് പോലീസ് കൈമാറിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ പേരുവിവരങ്ങള്‍ പുറത്ത് വിടാനാകില്ലെന്ന് പോലീസ് അറിയിച്ചു.

മെഡിക്കല്‍ കോളജ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ രേഖകളുമായി ഉദ്യോഗസ്ഥര്‍ ഗുല്‍ബര്‍ഗയിലെ റോസ പോലീസ് സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ട്. സംഭവം നടന്നത് ഗുല്‍ബര്‍ഗയിലെ റോസ സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് കര്‍ണാടക പോലീസാണ്. ഇതിനാലാണ് മെഡിക്കല്‍ കോളജ് പോലീസ് കേസ് ഗുല്‍ബര്‍ഗയിലേക്ക് തിരിച്ചത്. നിര്‍ധന ദളിത് കുടുംബാംഗമായ അശ്വതി അഞ്ചുമാസം മുമ്പാണ് നഴ്‌സിംഗിനു ചേര്‍ന്നത്. നാലു ലക്ഷം രൂപ വായ്പയെടുത്ത് അതില്‍ നിന്നു 75,000രൂപ ഫീസടച്ചാണ് പ്രവേശനം നേടിയത്. പഠിക്കണമെന്നു ആഗ്രഹമുള്ളതുകൊണ്ടു മാത്രമാണ് താന്‍ അവിടെ തുടര്‍ന്നതെന്ന് അശ്വതി മൊഴി നല്‍കിയിരുന്നു.

വീട്ടുകാര്‍ വിഷമിക്കേണ്ടെന്നു കരുതിയാണ് കാര്യങ്ങള്‍ അവരോടു പറയാതിരുന്നതെന്നും അശ്വതി പറഞ്ഞു. കഴിഞ്ഞമാസം ഒമ്പതിനായിരുന്നു സംഭവം. സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച്, ബാത്ത്‌റൂം വൃത്തിയാക്കാനുപയോഗിക്കുന്ന ഫിനോള്‍ കുടിപ്പിച്ചുവെന്നാണ് പരാതി.

സംഭവത്തില്‍ പോലീസിന്റെ ഇടപെടല്‍ ദ്രുതഗതിയിലായില്ലെങ്കില്‍ മനുഷ്യവകാശ കമ്മീഷന്‍ നടപടിയെടുക്കുമെന്ന് ഇന്നലെ അശ്വതിയെ സന്ദര്‍ശിച്ച ശേഷം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി. മോഹന്‍ദാസ് പറഞ്ഞിരുന്നു. റാഗിംഗിനിരയായ പെണ്‍കുട്ടിക്ക് നിയമസഹായം വൈകിയാല്‍ കര്‍ണാടക സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top