കോട്ടയം: അവസാനം കത്തോലിക്കാസഭയയും കണ്ണുതുറക്കുന്നു . വേതന വർദ്ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരം തുടരുന്നതിനിടെ കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ തീരുമാനം. അടുത്ത മാസം ഒന്നു മുതൽ പുതുക്കിയ ശമ്പളം നൽകാനും സഭാ യോഗത്തിൽ തീരുമാനിച്ചു. ശമ്പളം വർദ്ധിപ്പിക്കുന്നതിന് സർക്കാർ തീരുമാനം വരുന്നത് വരെ കാത്തുനിൽക്കേണ്ടതില്ലെന്നാണ് യോഗത്തിലുയർന്ന അഭിപ്രായം. നഴ്സുമാരുടെ ആവശ്യങ്ങൾ ന്യായമാണെന്ന് വിലയിരുത്തിയ കത്തോലിക്ക സഭ,നഴ്സുമാരുടെ കുറഞ്ഞ ശമ്പളം നിശ്ചയിക്കാൻ 11 അംഗ സമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നിൽ നഴ്സുമാരുടെ അനിശ്ചിതകാല സമരം തുടരുന്നതിനിടെയാണ് കത്തോലിക്ക സഭ ശമ്പളം വർദ്ധിപ്പിച്ചിരിക്കുന്നത്. കത്തോലിക്ക സഭയുടെ തീരുമാനം സ്വാഗതാർഹമാണെന്ന് നഴ്സുമാരുടെ സംഘടന പ്രതിനിധികൾ അറിയിച്ചു. ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മന്ത്രിതലത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്ന് വിഷയം സർക്കാരിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു. വിഷയത്തിൽ ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണനും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ തീരുമാനത്തിന് കാത്തിരിക്കാതെ നഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ കത്തോലിക്ക സഭ തീരുമാനമെടുത്തിരിക്കുന്നത്.