നഗ്നനൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു; വിസമ്മതിച്ച അശ്വതിയെ ആസിഡ് കുടിപ്പിച്ചു; മലയാളി പെണ്‍കുട്ടികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

dc-Cover-r2p7hne4vc4pfc3hor8hnobn

കോഴിക്കോട്: നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്ത കേസില്‍ മലയാളി പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തു. കൊല്ലം, ഇടുക്കി സ്വദേശിനികളാണ് കുറ്റക്കാര്‍. ഗുല്‍ബര്‍ഗയിലെ അല്‍ഖമാര്‍ നഴ്സിംഗ് കോളജിലെ ദളിത് പെണ്‍കുട്ടിയെ ഇവര്‍ ക്ലീനിംഗ് ലോഷന്‍ കുടിപ്പിക്കുകയായിരുന്നു. ഒരുമാസം മുന്‍പ് നടന്ന സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്.

റാഗ് ചെയ്തതിനുശേഷം അശ്വതി എന്ന പെണ്‍കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര എന്നിവര്‍ക്കെതിരെ വധശ്രമം, പട്ടികജാതി പീഡനം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് ഉടന്‍തന്നെ കര്‍ണാടക പൊലീസിന് കൈമാറും. സംഭവത്തില്‍ പെണ്‍കുട്ടി കര്‍ണാടക പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, അവശനിലയിലായിരുന്നതിനാല്‍ മൊഴിയെടുക്കാന്‍ സാധിച്ചിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എടപ്പാള്‍ സ്വദേശിനിയും ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയുമായ അശ്വതി(18)യാണ് മുതിര്‍ന്ന വിദ്യാര്‍ഥിനികളുടെ ക്രൂരതയ്ക്കിരയായത്. വീര്യംകൂടിയ ഫിനോള്‍ ദ്രാവകം കുടിപ്പിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അശ്വതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് ഒരാഴ്ചകൂടി ആശുപത്രിയില്‍ തുടരണം. ആരോഗ്യസ്ഥിതി വീണ്ടെടുത്തശേഷം ശസ്ത്രക്രിയയും വേണ്ടിവരുമെന്നും പൊള്ളല്‍ മാറാന്‍ ദിവസങ്ങളെടുക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അന്നനാളം പൊള്ളി ഒട്ടിയതിനാല്‍ ആറുമാസത്തേക്ക് സാധാരണരീതിയില്‍ പെണ്‍കുട്ടിക്ക് ഭക്ഷണം കഴിക്കാനാവില്ലെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. ഡെപ്യൂട്ടി പൊലീസ് കമിഷണര്‍ ഡി. സാലി, മെഡിക്കല്‍ കോളേജ് സി.ഐ ജലീല്‍ തോട്ടത്തില്‍, എസ്.ഐ ഹബീബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.

മെയ് എട്ടിനാണ് എട്ടംഗസംഘം അശ്വതിയെ ഫിനോള്‍ കുടിപ്പിച്ചത്. തളര്‍ന്നുവീണ പെണ്‍കുട്ടിയെ സഹപാഠികള്‍ കര്‍ണാടകയിലെ സ്വകാര്യ ആശുത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തൃശൂരിലെയും എടപ്പാളിലെയും ആശുപത്രിയിലെത്തിച്ചു. ജൂണ്‍ രണ്ടിനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുവന്നത്. ആസിഡ് ലായനി കുടിപ്പിച്ചത് നഗ്‌നനൃത്തം ചെയ്യാന്‍ വിസമ്മതിച്ചതിനാലെന്ന് അശ്വതിയുടെ മൊഴി.

സീനിയര്‍ വിദ്യാര്‍ഥിനികള്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും അശ്വതിയുടെ പരാതിയില്‍ പറയുന്നു. കറുത്തവള്‍ എന്ന് സ്ഥിരമായി വിളിച്ചിരുന്നെന്നും കാണുമ്പോള്‍ത്തന്നെ പേടിയാകുമെന്ന് കളിയാക്കിയിരുന്നെന്നും അശ്വതി പറുന്നു. വെറുതേയല്ല അച്ഛനില്ലാതെ പോയതെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

അതേസമയം, റാഗിംഗ് സംഭവം നിഷേധിച്ച് കോളജ് അധികൃതര്‍ രംഗത്തെത്തി. പെണ്‍കുട്ടി നടത്തിയത് ആത്മഹത്യാ ശ്രമമാണെന്ന് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. കോളജില്‍ റാഗിംഗ് നടന്നിട്ടില്ലെന്നും കുടുംബ പ്രശ്നങ്ങള്‍ മൂലമാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

Top