ഏറ്റെടുത്ത കേസുകളൊന്നും തെളിയിക്കാതിരുന്നിട്ടില്ല; ജിഷ വധക്കേസില്‍ നേരിട്ട് അന്വേഷണമെന്ന് ഡിജിപി; തങ്കച്ചനെ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ജിഷവധക്കേസില്‍ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനെ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പ് നീക്കം തുടങ്ങി. ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പുതിയ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തീരുമാനിച്ചു. മുഖ്യമന്ത്രി പരാതി കൈമാറിയശേഷം തുടര്‍നടപടികളെടുക്കാന്‍ ആവശ്യപ്പെട്ടതോടെയാണു ഡിജിപി തന്നെ നേരിട്ട് അന്വേഷിക്കാന്‍ തീരുമാനിച്ചത്. നാളെ മൊഴിനല്‍കാന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിടുണ്ട്. ജിഷ വധക്കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവായിരിക്കും ഈ മൊഴിയുണ്ടാക്കുക.

ജിഷയുടെ പിതാവിന്റെ പരാതിയുടെ പേരില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും പൊലീസ് ഉപേക്ഷിച്ചു. അങ്ങനെ ഒരു പരാതി താന്‍ നല്‍കിയിട്ടില്ലെന്ന് ജിഷയുടെ പിതാവു വ്യക്തമാക്കിയതോടെ ജോമോനെതിരെ അന്വേഷണം ആവശ്യമില്ല എന്നു തീരുമാനിക്കുകയായിരുന്നു. കേസ് കൊടുക്കും എന്നു പ്രഖ്യാപിച്ചെങ്കിലും യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇതുവരെ ഒരു കേസും തെളിയിക്കാതിരുന്നിട്ടില്ലെന്നും ജിഷവധക്കേസ് തെളിയിക്കുമെന്നും പുതിയ ഡിജിപിയായി ചുമതലയേറ്റശേഷം മാധ്യമങ്ങളോടു ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണു ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആരോപണങ്ങള്‍ ഗൗരവമായിക്കണ്ടു കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനു നേരിട്ടു വിളിപ്പിച്ചിരിക്കുന്നത്.

പുതിയ നീക്കം ആരോപണവിധേയനായ തങ്കച്ചന്റെ നില കൂടുതല്‍ പരുങ്ങലിലാക്കും. ജോമോന്റെ മൊഴി വിശ്വസനീയമെന്നു തോന്നിയാല്‍ കൂടുതല്‍ പരിശോധനകള്‍ക്കുശേഷം പി പി തങ്കച്ചനെ ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടാകും. തങ്കച്ചന്റെ മകനെയും ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നു എന്നാണു സൂചന. തങ്കച്ചന്റെ പ്രത്യേക താല്‍പ്പര്യപ്രകാരം നിയമിക്കപ്പെട്ടതായിരുന്നു ജിഷ കേസ് അന്വേഷിച്ച ഡിവൈഎസ്പി മുതല്‍ താഴോട്ടുള്ള എല്ലാ പൊലീസുകാരും എന്നതാണു പുതിയ അന്വേഷണത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.

സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവാണു ജിഷയുടെ പിതാവെന്നാണു ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപിച്ചിരുന്നത്. ജിഷ തങ്കച്ചന്റെ മകളാണെന്നും സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും കാട്ടിയാണു മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. ജിഷയുടെ അമ്മ ഈ നേതാവിന്റെ വീട്ടില്‍ ജോലിക്കു നിന്നിരുന്നുവെന്നും ആരോപണമുണ്ടായി. പി പി തങ്കച്ചനാണ് ഈ നേതാവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണു ജിഷയുടെ പിതാവിന്റെ പേരില്‍ ജോമോനെതിരായ പരാതി കൊടുത്തത്. വാര്‍ത്തകള്‍ വിവാദമായതിനു പിന്നാലെ അതു നിഷേധിച്ചുകൊണ്ടു പി പി തങ്കച്ചന്‍ രംഗത്തുവരികയും ചെയ്തിരുന്നു.

പരാതി നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ചതിനെത്തുടര്‍ന്നു ജിഷയുടെ അച്ഛനെ ഒരു സംഘം ആളുകള്‍ ഭീഷണിപ്പെടുത്തിയതായും പരാതി വന്നു. ഇതേത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
ഡിജിപി തന്നെ നേരിട്ടു കേസന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുമെന്ന നിലയില്‍ കാര്യങ്ങള്‍ എത്തിയതോടെ കേസ് അതിവേഗം തെളിയുമെന്ന പ്രതീക്ഷയാണുള്ളത്. അന്വേഷിച്ച ഒരു കേസും തെളിയിക്കാതിരുന്നിട്ടില്ലാത്ത താന്‍ ജിഷ കേസും തെളിയിക്കുമെന്നു പുതിയ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ജിഷാവധക്കേസ് വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്ന് സ്ഥാനമേറ്റശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണു ബെഹ്‌റ വ്യക്തമാക്കിയത്. രണ്ടു ദിവസത്തിനകം ചില വിവരങ്ങള്‍ പുറത്തുവരുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

Top