ബിജെപി നടത്തുന്ന ശബരിമല സമരത്തിന്റെ ആവേശം ചോര്‍ത്തുന്ന പ്രസ്താവനയുമായി ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. സമൂഹത്തിലെ എല്ലാ ആചാരങ്ങളും എല്ലാ കാലത്തും തുടരണമെന്ന നിര്‍ബന്ധം പിടിക്കാനാവില്ലെന്ന് എംഎല്‍എ പറഞ്ഞു. കാലാനുസൃതമായി ആചാരങ്ങള്‍ക്ക് മാറ്റംവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്. ആചാര പരിഷ്‌കരണത്തിനായി നിലകൊണ്ട് പ്രസ്ഥാനം പിന്നീട് കാല്മാറുകയാണ് ഉണ്ടായത്. തങ്ങള്‍ നടത്തിയത് തികച്ചും രാഷ്ട്രീയമായ ഉദ്ദേശങ്ങളുള്ള സമരമാണെന്ന ധ്വനിയാണ് ഒ രാജഗോപാലിന്റെ വാക്കുകളില്‍ നിഴലിക്കുന്നത്.
ആചാരങ്ങളില്‍ വരേണ്ട മാറ്റം വിശ്വാസത്തെ എതിര്‍ക്കുന്നവര്‍ കൊണ്ടുവരാന്‍ തുടങ്ങിയാല്‍ എതിര്‍ക്കപ്പെടുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കാലത്ത് ശബരിമല വിധി വന്നതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് കരുതാം. ഭരണകൂട ഭീകരതക്കും പൊലീസ് രാജിനുമെതിരെ എന്‍.ഡി.എ കണ്ണൂരില്‍ സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
കമ്യൂണിസ്റ്റുകാര്‍ ഈശ്വര വിശ്വാസികളാവണമെന്ന് നിര്‍ബന്ധമില്ല. അതിനുള്ള സ്വാതന്ത്ര്യം ജനാധിപത്യ രാജ്യമായ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍, ഭരണാധികാരികള്‍ ജനവികാരം മാനിക്കാന്‍ തയാറാവണം. നിരപരാധികളെ ഫോട്ടോ കാണിച്ച് കേസില്‍പെടുത്തുന്ന സ്ഥിതിവിശേഷമാണ് കേരളത്തില്‍. യഹൂദരെ പീഡിപ്പിച്ച ഹിറ്റ്ലറുടെ സമീപനമാണ് പിണറായി സര്‍ക്കാര്‍ വിശ്വാസികളോട് കൈക്കൊള്ളുന്നതെന്നും രാജഗോപാല്‍ പറഞ്ഞു. .