തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ മത്സ്യത്തൊഴിലാളികള്‍ സ്വന്തം വള്ളങ്ങളില്‍ കടലിലേക്ക് പോയിത്തുടങ്ങി. സ്വന്തം നിലയ്ക്കാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. വിഴിഞ്ഞത്തുനിന്നും പൂന്തുറയില്‍നിന്നുമാണ് തിരച്ചില്‍ സംഘങ്ങള്‍ പുറപ്പെട്ടിട്ടുള്ളത്. നാല്‍പ്പത് വള്ളങ്ങളിലാണ് പൂന്തുറയില്‍നിന്ന് മത്സ്യത്തൊഴിലാളികള്‍ തിരച്ചിലിനായി പോയത്.
ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്തു നാശംവിതച്ചു കടന്നുപോയി മൂന്നുനാള്‍ പിന്നിട്ടിട്ടും കടലില്‍നിന്നു മടങ്ങിയെത്താതെ 140 പേര്‍. ശനിയാഴ്ച മാത്രം എട്ടുപേര്‍ മരിച്ചു. ഇതോടെ കേരളത്തില്‍ ചുഴലിക്കാറ്റു മൂലമുള്ള ആകെ മരണം 15 ആയി. തമിഴ്‌നാട്ടില്‍ മരണം ഒന്‍പതായി.
തീരരക്ഷാ സേനയും നാവിക സേനയും തുടരുന്ന തിരച്ചിലില്‍ 15 പേരെ രക്ഷിക്കാനായി. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആരോപണം നിലനില്‍ക്കേ, മരിച്ചവരുടെയും തിരിച്ചെത്താനുള്ളവരുടെയും കണക്കു പോലും തിട്ടപ്പെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തു മാത്രം 110 പേരെ കാണാതായിട്ടുണ്ടെന്നാണു ലത്തീന്‍ അതിരൂപതയുടെ കണക്ക്. തിരുവനന്തപുരത്ത് അഞ്ചുപേരുടെ മൃതദേഹം കരയ്‌ക്കെത്തിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
എന്നാല്‍ ദുരന്തത്തിന് ആക്കംകൂട്ടിയതിന്റെ പ്രധാന കാരണം ദുരന്ത നിവാരണ അതോരിറ്റിയാണെന്ന് ആരോപണം. വിഷയത്തില്‍ വൈദഗ്ധ്യം ഉള്ളവര്‍ ഇല്ലാത്തതാണ് ഓഖിയെ പ്രതിരോധിക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം. കേരളത്തിലെ ദുരന്ത നിവാരണ അതോറിറ്റിയിലെ അംഗങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഐ.എ.എസ്. ഉദ്യോഗസ്ഥരുമാണ്. ഏഴംഗ സമിതിയില്‍ ആകെയുള്ള വിദഗ്ധന്‍ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന്റെ ഡയറക്ടര്‍ മാത്രം. മറ്റുപല സംസ്ഥാനങ്ങളിലും ദുരന്തനിവാരണ രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ളതാണ് ഈ സമിതി.
കാലാവസ്ഥാ മാറ്റങ്ങളെപ്പറ്റി നിരന്തരം നിരീക്ഷിക്കാനുള്ള വിദഗ്ധര്‍ വേണ്ട സമിതിയെയാണ് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കുത്തിനിറച്ച് കേരളം നോക്കുകുത്തിയാക്കിയത്. ദുരന്തനിവാരണ നിയമത്തിന്റെ അന്തസ്സത്തയ്ക്ക് ചേരാത്ത വിധമാണിത്. ഓഖി ചുഴലിക്കാറ്റടിച്ചപ്പോള്‍ മുന്നറിയിപ്പുകള്‍ മനസ്സിലാക്കി കേരളത്തിന് ഫലപ്രദമായി പ്രവര്‍ത്തിക്കാനാവാത്തതിനുകാരണം വൈദഗ്ധ്യമുള്ള അതോറിറ്റിയുടെ അഭാവമാണ്.