എണ്ണ വില ഇടിഞ്ഞു: കേരളം തകർച്ചയിലേയ്ക്ക്; പത്തു വർഷം കൊണ്ടു കേരളത്തിലെ സമ്പത്ത് ഇടിയും; ലക്ഷക്കണക്കിനു മലയാളികൾക്കു ജോലി നഷ്ടമാകും

സ്വന്തം ലേഖകൻ

ദുബായ്: എണ്ണവിലയിൽ വൻ ഇടിവു മൂലം ഗൾഫ് മേഖലയിൽ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി കേരളത്തിന്റെ സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുമെന്നു റിപ്പോർട്ട്. ക്രൂഡ് ഓയിൽ വിലയിൽ നേരിട്ട തിരിച്ചടികളാണ് സാമ്പത്തിക പ്രതിസന്ധിയ്ക്കു വഴിയൊരുക്കുന്നത്.
ക്രൂഡ് ഓയിലിന്റെ വില ക്രമാതീതമായി കൂടിയതാണ് ഗൾഫിൽ ഇന്ന് കാണുന്ന രീതിയിൽ ഉള്ള വികസന പ്രവർത്തനങ്ങൾ നേരത്തെ ഉണ്ടാകുവാനുള്ള പ്രധാന കാരണം, അത് മൂലം ഉണ്ടായ ജോലികളിലൂടെയും ബിസിനെസ്സുകളിലൂടെയും മലയാളികളുടെ കയ്യിൽ വന്ന പണമാണ് കേരളത്തിൽ കഴിഞ്ഞ 10-15 വർഷമായി ഒഴുകി കൊണ്ടിരുന്നത്. ഇനി ക്രൂഡ് ഓയിൽ വില ആ നിലയിലേക്ക് ഒരിക്കലും തിരിച്ചു പോകില്ല, അതിനാൽ തന്നെ ഗൾഫ് പണത്തിന്റെ കേരളത്തിലേക്കുള്ള ഒഴുക്കും നിൽക്കും അല്ലെങ്കിൽ വളരെയധികം കുറയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്തുകൊണ്ട് ക്രൂഡ് ഓയിലിന് വില ഇനി അധികമായി കൂടില്ല എന്ന് പറയുന്നതിനേക്കാൾ കുറച്ചു കൂടി എളുപ്പമായിരിക്കും എന്തുകൊണ്ടാണ് ഇതിന് മുൻപ് ക്രൂഡ് ഓയിൽ വില ഇത്രയും ഉയരത്തിൽ എത്തിയത് എന്ന് വിശദീകരിക്കുന്നത്. ഇറാന് മേൽ ക്രൂഡ് ഓയിൽ കയറ്റുമതിക്ക് ഏർപ്പെടുത്തിയ ഉപരോധം ആണ് ഒരു ബാരൽ ക്രൂഡ് ഓയിലിന് 40$ കിടന്ന വില മുകളിലേക്ക് ഉയർത്തി കൊണ്ട് വന്നത്. അതോടൊപ്പം ചൈന ഒളിമ്ബിക്‌സിനായും അവരുടെ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ് ചെയ്യാനുമായി തുടങ്ങിയ വൻ വികസന പ്രവൃത്തികളും ക്രൂഡ് ഓയിൽ ഉപഭോഗം വർധിപ്പിച്ചു. ലോകം മുഴുവനായും അവർ കയറ്റി അയച്ചു കൊണ്ടിരുന്ന പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ ഉണ്ടാക്കുവാനും വളരെ അധികം ക്രൂഡ് ഓയിൽ ആവശ്യമായിരുന്നു.

ഇറാൻ ഉപരോധം വഴി ലഭ്യത കുറയുകയും ചൈനയുടെ വികസന പ്രവൃത്തികൾ വഴി ഉപഭോഗം ഒരു പരിധിയിൽ കൂടുതൽ ഉയരുകയും ചെയ്തു. അപ്പോളാണ് അമേരിക്കയിലെ റിയൽ എസ്റ്റേറ്റ് മേഖല തകരാറിൽ ആവുകയും അതോടനുബന്ധിച്ചുള്ള സബ് പ്രൈം മോർട്ടഗേജ് ക്രൈസിസ് ഉണ്ടാവുകയും ചെയ്തത്. അമേരിക്കയിലെ പ്രമുഖ ബാങ്കുകൾ തന്നെ തകരുകയും അമേരിക്കൻ ഡോളറിന് നില നിൽപ്പില്ല എന്ന രീതിയിൽ വ്യാപകമായ പ്രചാരണങ്ങളും ഉണ്ടായി. വലിയ ഇൻവെസ്റ്റെർസ് വിദേശ രാജ്യങ്ങളുടെ കറൻസികളിലും, കമ്മോദിറ്റികൾ ആയ ക്രൂഡ് ഓയിൽ, സ്വർണം, ഇരുമ്പ് പഞ്ചസാര, റബ്ബർ മുതലായവയിലും ഇൻവെസ്റ്റ് ചെയ്യാറുണ്ട്. ഇവർ കൂട്ടമായി ഡോളറിലെ നിക്ഷേപം പിൻവലിച്ചു ക്രൂഡ് ഓയിൽ ഉൾപ്പടെ ഉള്ളവയിലേയ്ക്കു നിക്ഷേപം മാറ്റി.

അങ്ങനെയാണ് ക്രൂഡ് ഓയിൽ വില അനിയന്ത്രിതമായി ഉയർന്ന് ഏകദേശം ഒരു ബാരലിന് 150 ഡോളർ വരെ എത്തിയത്. ക്രൂഡ് ഓയിൽ വില ഒരു പരിധിയിൽ കൂടുതൽ ഉയർന്നപ്പോൾ അമേരിക്കയിൽ സുലഭമായുള്ള ഷെയിൽ ഗ്യാസ് ഉൽപ്പാദനത്തിനായി വളരെ അധികം കമ്പനികൾ തുക നിക്ഷേപിച്ചു. ഇന്ത്യയിൽ നിന്നുള്ള റിലയൻസ് ഇൻഡസ്ട്രീസ് വരെ വളരെ വലിയ തുക ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ആ സാഹചര്യങ്ങൾ എല്ലാം മാറി. ലോകം മുഴുവൻ ബാധിച്ച സാമ്ബത്തിക പ്രശ്‌നങ്ങളാൽ ക്രൂഡ് ഓയിലിന്റെ ഉപഭോഗം കുറഞ്ഞു എന്ന് മാത്രമല്ല ഇറാന്റെ ഉപരോധം മാറ്റിയതിലൂടെയും, അമേരിക്കയിൽ വലിയ രീതിയിൽ ഷെയിൽ ഗ്യാസ് ഉൽപ്പാദനം ആരംഭിച്ചതിലൂടെയും സപ്ലൈ കൂടുകയും ചെയ്തു.

അതിനാൽ തന്നെ പഴയ പോലെ ക്രൂഡ് ഓയിൽ വില ഉയർന്നു ഗൾഫിൽ നല്ല കാലം വരും എന്ന് പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. കഴിഞ്ഞ കാലങ്ങളിൽ കേരളത്തിലേക്ക് വന്ന പണത്തിൽ ബഹു ഭൂരിപക്ഷവും റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് ആണ് പോയിരുന്നത്, അതിനാൽ തന്നെ ഗൾഫിന് പോകാത്ത സാധാരണക്കാർ ആയ ആൾക്കാരുടെ കൈകളിലും വലിയ രീതിയിൽ തന്നെ ഗൾഫ് പണം വന്നു ചേർന്നു. ഇങ്ങനെ ഉണ്ടായ പണം ആണ് കേരളത്തെ ഇത്രയും വലിയ ഉപഭോഗ സംസ്ഥാനം ആക്കി മാറ്റുകയും, കേരളത്തിൽ ചെറിയ തുക കൊണ്ടൊന്നും മനുഷ്യർക്ക് ജീവിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്തത്.

ഇപ്പോൾ കേരളത്തിൽ വീടുകൾ, ഫ്‌ലാറ്റുകൾ, കൊമേർഷ്യൽ ബിൽഡിങ്ങുകൾ, ഷോപ്പിങ് മാളുകൾ , സ്‌കൂൾ, ഹോസ്പ്പിറ്റലുകൾ മുതലായ സ്ഥാപനങ്ങൾ ആവശ്യത്തിൽ കൂടുതൽ ആയതിനാൽ ഇനി അധികം കൺസ്ട്രക്ഷൻ ഉണ്ടാകുവാനുള്ള സാദ്ധ്യത വളരെ കുറവാണ്. മാത്രവുമല്ല നാളെയും ഇത് പോലെ പണം ഒഴുകും എന്ന വിശ്വാസത്തിൽ എടുത്തു കൂട്ടിയ കട ബാധ്യതകളിൽ ആണ് പലരും. എങ്ങനെയെങ്കിലും കുറച്ചു പണം കയ്യിൽ വന്നാൽ ആ കട ബാധ്യത ഒഴിവാക്കാനുള്ള ശ്രമം ആയിരിക്കും നടത്തുന്നത്. ക്രൂഡ് ഓയിൽ വില ഉയർന്നതിന്റെ ഭാഗമായി ഉയർന്ന റബ്ബർ വിലയും ഇനി പഴയ രീതിയിൽ എത്തുകയില്ല, നമ്മുടെ നാട്ടിൽ ജീവിത ചെലവ് കൂടി എന്നത് അന്താരാഷ്ട്ര മാർക്കറ്റിൽ റബർ വില ഉയരാൻ മതിയായ കാരണവും അല്ല.

ഇങ്ങനെയൊക്കെയുള്ള സാഹചര്യത്തിൽ കേരളത്തിൽ സാധാരണക്കാർ ആയിട്ടുള്ള ആൾക്കാർക്ക് പോലും ജോലി ലഭിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യം ആണ് നിലവിൽ ഉള്ളത്, അതിനാൽ തന്നെ കേരളത്തിലെ വൻകിട ബിസിനെസ്സുകളെ മാത്രമല്ല ചെറുകിട ബിസിനെസ്സ് സ്ഥാപനങ്ങളെയും ഈ പ്രശ്‌നങ്ങൾ ബാധിക്കും. ഇപ്പോഴത്തെ കേരളത്തിലെ വിദ്യാഭ്യാസ രീതി ഐ ടി കമ്ബനികളിൽ ജോലി ചെയ്യുവാനുള്ള എഞ്ചിനിയേഴ്‌സിനെ സൃഷ്ട്ടിക്കലും, ഗൾഫിൽ ജോലി പ്രതീക്ഷിച്ചുള്ള പഠനവും ആണ്. പിന്നെയുള്ളത് പാശ്ചാത്യ രാജ്യങ്ങളിലെ ജോലി പ്രതീക്ഷയോടെ ഉള്ള നഴ്‌സിങ് പഠനവും.

ഇവ കൊണ്ട് മാത്രം ഇനി അധിക കാലം മുൻപോട്ട് പോകാൻ സാധിക്കില്ലാത്തതിനാൽ ഇനി കേരളത്തിൽ ജോലി ചെയ്തു ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങുക മാത്രമേ വഴിയുള്ളു. കേരളത്തിന് ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് ടൂറിസത്തിനായി ആൾക്കാരെ ആകർഷിക്കുക എന്നത്, അതിനായി വളരെ വലിയ തുകകൾ ഇൻവെസ്റ്റ് ചെയ്തു ക്വാളിറ്റി ഉള്ള ഇൻഫ്രാ സ്ട്രക്ച്ചർ ഡെവലപ്പ് ചെയ്യണം. കേരളത്തിലേക്ക് ഈ കാലങ്ങളിൽ വന്ന പണം മുഴുവൻ ഫലപ്രദമായി വിനോയോഗിക്കാനുള്ള അവസരം കളഞ്ഞു കുളിച്ചതിനാൽ ഇനി അതത്ര എളുപ്പമുള്ള കാര്യമല്ല. ഇനി ചെയ്യാൻ സാധിക്കുന്നത് കേരളത്തിൽ ഉള്ള ഹോസ്പ്പിറ്റലുകൾ നല്ല രീതിയിൽ മെഡിക്കൽ ടൂറിസം പ്രൊമോട്ട് ചെയ്യുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അന്യ സംസ്ഥാന വിദ്യാർത്ഥികളെ ആകർഷിക്കുക എന്നതുമാണ്.

ഇതിനൊന്നും സർക്കാർ മുൻകൈ എടുത്തില്ലെങ്കിലും ജീവിക്കുവാൻ വേണ്ടി പ്രവാസി ആവുക എന്ന വഴി മലയാളികളുടെ രക്തത്തിൽ തന്നെ ഉള്ളതിനാൽ അടുത്ത തലമുറയും ലോകത്ത് വേറെ ഏതെങ്കിലും രാജ്യങ്ങൾ കണ്ടു പിടിച്ചു കൊള്ളും. എങ്കിലും ഗൾഫിലെ പ്രത്യേക സാഹചര്യത്തിൽ കേരളത്തിലേക്ക് വന്ന പോലുള്ള പണം ഒഴുക്ക് ഇനിയും ഉണ്ടാവും എന്ന പ്രതീക്ഷ കേരളത്തിലെ സർക്കാരുകൾ ഉപേക്ഷിക്കുന്നതാണ് നല്ലത്.

Top