ഭിക്ഷയെടുത്ത് ജീവിച്ച വയോധിക മരിച്ചപ്പോള്‍ ഒറ്റമുറി ഷെഡില്‍ പണത്തിന്റെ ശേഖരം; എണ്ണിത്തീരാതെ പൊലീസും നാട്ടുകാരും

കലവൂര്‍: ഭിക്ഷയെടുത്ത് ജീവിച്ച വയോധികയുടെ ഒറ്റമുറി ഷെഡില്‍ പണത്തിന്റെ വന്‍ ശേഖരം. വയോധിക മരണപ്പെട്ടതിന് ശേഷം നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ ശേഖരം കണ്ടെത്തിയത്. നാണയങ്ങളും നോട്ടുകളുമായി ടിന്നില്‍ അടച്ച് സൂക്ഷിക്കുന്ന രീതിയിലാണ് പണം കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും പൊലീസും ചേര്‍ന്ന് പണം എണ്ണിത്തിട്ടപ്പെടുത്തി വരികയാണ്.

ചെട്ടികാട് പള്ളിപ്പറമ്പില്‍ ചാച്ചി എന്ന് വിളിക്കുന്ന റോസമ്മ(68)യാണ് മരണപ്പെട്ടത്. ഇവരുടെ ഷെഡ്ഡില്‍നിന്നാണ് പണം കണ്ടെടുത്തിരിക്കുന്നത്. ബന്ധുക്കളും നാട്ടുകാരുമാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ബുധനാഴ്ചയാണ് ഷെഡ്ഡിലെ ചവറുകള്‍ക്കിടയില്‍ ടിന്നുകളിലടച്ചനിലയില്‍ പൈസ ശ്രദ്ധയില്‍പ്പെട്ടത്. വൈകുംവരെ 68,865 രൂപ എണ്ണി. കേടുപാടുപറ്റിയ കറന്‍സികളുമുണ്ട്. ഇത് പതിനായിരം രൂപയോളം വരുമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസിന്റെയും പഞ്ചായത്ത് അംഗം ആലീസ് സന്ധ്യാവിന്റെയും സാന്നിധ്യത്തില്‍ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് പണം എണ്ണിത്തിട്ടപ്പെടുത്തിവരികയാണ്. വ്യാഴാഴ്ചയും പണം എണ്ണിത്തിട്ടപ്പെടുത്തുന്നത് തുടരും. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് റോസമ്മയെ മരിച്ചനിലയില്‍ കാണുന്നത്. രണ്ടുദിവസമായി ഇവരെ പുറത്തേക്ക് കാണാതെവന്നപ്പോള്‍ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ ഷെഡ്ഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

അവിവാഹിതയായ റോസമ്മ പത്തുവര്‍ഷമായി ഒറ്റയ്ക്കാണ് ഷീറ്റ് മേഞ്ഞ ഷെഡ്ഡില്‍ താമസിച്ചിരുന്നത്. ഇവര്‍ ആരെയും താമസസ്ഥലത്തേക്ക് അടുപ്പിക്കാറില്ലായിരുന്നുവെന്ന് സഹോദരങ്ങളായ വര്‍ഗീസും സിസിലിയും പറഞ്ഞു. മുറി മുഴുവന്‍ ചപ്പുചവറുകളാണ്. ഇവയ്ക്കിടയിലാണ് ടിന്നുകളിലാക്കി പണം സൂക്ഷിച്ചിരുന്നത്. 30 രൂപ വീതം പേപ്പറുകളില്‍ പൊതിഞ്ഞാണ് ടിന്നുകളിലാക്കിയിരുന്നത്. ടിന്നില്‍ പണം ഇടുന്നതിനു മുമ്പും ശേഷവും മെഴുകുതിരിയും തീപ്പെട്ടിയും വെച്ചാണ് അടച്ചിരുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇങ്ങനെ അനേകം ടിന്നുകളാണ് ചവറുകള്‍ക്കിടയില്‍നിന്ന് തപ്പിയെടുത്തുകൊണ്ടിരിക്കുന്നത്.

എണ്ണിത്തിട്ടപ്പെടുത്തിയതിനുശേഷം പണം ബന്ധുക്കള്‍ക്കുതന്നെ നല്‍കുമെന്ന് ആലപ്പുഴ നോര്‍ത്ത് സി.ഐ. ജി.സന്തോഷ്‌കുമാര്‍ അറിയിച്ചു.

Top