തിരുവനന്തപുരം: കേരളത്തിന് ആശങ്ക കൂട്ടി നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു!! ഇതോടെ ആകെ കേസുകൾ 5 ആയി.ഇതില്‍ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം അഞ്ചായി. ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ട് പേര്‍ ആദ്യ കേസിലെ സമ്പര്‍ക്ക പട്ടികയില്‍ ഉളളവരാണ്.
ആദ്യ ഒമിക്രോണ്‍ രോഗിയുടെ ഭാര്യയ്ക്കും അമ്മയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റ് രണ്ട് പേര്‍ എറണാകുളം, തിരുവനന്തപുരം സ്വദേശികളാണ് എന്നാണ് വിവരം. എറണാകുളം സ്വദേശി കോംഗോയില്‍ നിന്ന് വന്ന ആളാണ്. തിരുവനന്തപുരം സ്വദേശിയായ രോഗി യുകെയില്‍ നിന്ന് വന്നതാണ്. ഇത് 22കാരിയായ പെണ്‍കുട്ടിയാണെന്നാണ് വിവരം. നാല് പേരും നിരീക്ഷണത്തിലാണ്.
പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിച്ച നാല് പേരും വാക്‌സിന്‍ സ്വീകരിച്ചവരാണ് എന്നാണ് പ്രാഥമിക വിവരമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഇവരുടെ സമ്പര്‍ക്കത്തില്‍ വന്നിരുന്നവര്‍ അടക്കമുളളവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. കോംഗോയില്‍ നിന്നും യുകെയില്‍ നിന്നും വന്ന ആളുകളുടെ വിമാന യാത്രയുമായി ബന്ധപ്പെട്ടും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എല്ലാവരും വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.