ചാണ്ടി ഉമ്മൻ ഇരിക്കൂറിൽ സ്ഥാനാർത്ഥി; കെ.സി പിടിക്കുന്നത് ചങ്ങനാശേരിയ്ക്ക്; കോൺഗ്രസിൽ സീറ്റു വച്ചുമാറൽ ധാരണയുമായി ഉമ്മൻചാണ്ടി; അനിൽ ആന്റണിയെ കേന്ദ്രത്തിലും ചാണ്ടി ഉമ്മനെ കേരളത്തിലും പ്രതിഷ്ഠിക്കാൻ നീക്കം

സ്വന്തം ലേഖകൻ

കോട്ടയം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വീണ്ടും മക്കൾ രാഷ്ട്രീയത്തിനു കളമൊരുങ്ങുന്നു. ഉമ്മൻചാണ്ടിയുടെ കാലശേഷം പുതുപ്പള്ളി സീറ്റിൽ മത്സരിക്കാൻ കരുതി വച്ചിരുന്ന ചാണ്ടി ഉമ്മനെ, ഇതിനു മുൻപു തന്നെ കളത്തിലിറക്കാനുള്ള നീക്കമാണ് ഇപ്പോൾ കോൺഗ്രസിലെ എ.വിഭാഗം നടത്തുന്നത്. എ.കെ ആന്റണി മകൻ അ്‌നിൽ ആന്റണിയെ ഹൈക്കമാൻഡിന്റെ പിൻതുണയോടെ ഡൽഹിയിൽ പ്രതിഷ്ഠിച്ചതിനു സമാനമായി ഉമ്മൻചാണ്ടിയുടെ പ്രിയ പുത്രൻ ചാണ്ടി ഉമ്മനെ ഇരിക്കൂറിൽ കേരള രാഷ്ട്രീയത്തിൽ രംഗത്ത് ഇറക്കുന്നതിനാണ് ശ്രമം നടക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ ഇരിക്കൂർ സീറ്റിൽ തുടരുന്നതിനോടു സിറ്റിംങ് എം.എൽ.എ കെ.സി ജോസഫിനു താല്പര്യവുമില്ല. കെ.സി അടുത്ത തവണ ചങ്ങനാശേരി സീറ്റിൽ മത്സരിക്കുന്നതിനാണ് ധാരണയിൽ ആയിരിക്കുന്നത്. കേരള കോൺഗ്രസിൽ നിന്നും ചങ്ങനാശേരി ഏറ്റെടുത്ത ശേഷം ഇരിക്കൂർ ഉമ്മൻചാണ്ടിയുടെ മകന് നൽകാനാണ് ധാരണയായിരിക്കുന്നത്.

ഏറെക്കാലം കേരള രാഷ്ട്രീയത്തിലെ അച്യുതണ്ട് ഉമ്മൻചാണ്ടിയെയും എ.കെ ആന്റണിയെയും കേന്ദ്രീകരിച്ചായിരുന്നു. എന്നാൽ, ഇതിനു ശേഷം എ.കെ ആന്റണി കേന്ദ്രത്തിലേയ്ക്കു പോകുകയും, ഉമ്മൻചാണ്ടി കേരളത്തിൽ തന്നെ തുടരുകയും ചെയ്യുകയായിരുന്നു. ഹൈക്കമാൻഡിൽ നിർണ്ണായക സ്വാധീനമുള്ള, എ.കെ ആന്റണി കേന്ദ്രത്തിൽ പ്രതിരോധ മന്ത്രിയായി. ഇടയ്ക്കു രാഷ്ട്രപതി സ്ഥാനത്തേയ്ക്കു പോലും ഇദ്ദേഹത്തിന്റെ പേര് പരിഗണിച്ചിരുന്നു.

എന്നാൽ, ഇതിനു ശേഷം കോൺഗ്രസ് അധികാരത്തിൽ നിന്നും പുറത്തു പോയതോടെ ആന്റണി ദുർബലനായി മാറി. ഇതിനിടെയാണ് ഇപ്പോൾ ആന്റണിയുടെ മകനെ കേന്ദ്രത്തിൽ, ഹൈക്കമാൻഡിന്റെ അടുത്ത് നിയോഗിച്ചിരിക്കുന്നത്. ഈ ഫോർമുലയുടെ ഭാഗമായാണ് ഇപ്പോൾ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ ഹൈക്കമാൻഡിൽ, സ്വാധീനം ചെലുത്തി ഇരിക്കൂർ സീറ്റിൽ മത്സരിപ്പിക്കാനൊരുങ്ങുന്നത്.

ഇരിക്കൂർ സീറ്റിൽ നിലവിലെ എം.എൽ.എ കെ.സി ജോസഫ് അടുത്ത തവണ മത്സരിച്ചാൽ കടുത്ത ഭരണവിരുദ്ധ വികാരം ഉണ്ടാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ തവണ കഷ്ടിച്ചാണ് കെ.സി ഇരിക്കൂറിൽ നിന്നും ജയിച്ചത്. അതുകൊണ്ടു തന്നെ ചങ്ങനാശേരി സേഫ് സീറ്റാണ് എന്ന വിലയിരുത്തലിലാണ് കെ.സി.

ഉമ്മൻചാണ്ടി ജീവിച്ചിരിക്കുമ്പോൾ തന്നെ മകനെ സേഫാക്കാനുള്ള തന്ത്രമാണ് ഇപ്പോൾ പയറ്റുന്നത്. നേരത്തെ ചാണ്ടി ഉമ്മനെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ, ഐ ഗ്രൂപ്പിന്റെയും എ ഗ്രൂപ്പിന്റെ ഒരു വിഭാഗത്തിന്റെയും എതിർപ്പിനെ തുടർന്നാണ് ഇത് നടക്കാതെ പോയത്. ഈ സാഹചര്യത്തിലാണ് പുതിയ തന്ത്രവുമായി എ.ഗ്രൂപ്പ് രംഗത്ത് എത്തിയിരിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യം പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥികളിൽ ഒരു പേര് ചാണ്ടി ഉമ്മന്റേത് ആകുമെന്ന് ഉറപ്പാണ്.

Top