തിരുവനന്തപുരം: മകൻ ചാണ്ടി ഉമ്മനും തോമസ് കുരുവിളയും തമ്മിൽ ബിസിനസ് ഇടപാടൊന്നുമില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോളാർ കമ്മീഷനു മുന്നിൽ മൊഴി നൽകവെയാണു മുഖ്യമന്ത്രിയുടെ പരാമർശം.തോമസ് കുരുവിളയുടെ സാമ്പത്തിക വളർച്ച ശ്രദ്ധയിൽ പെട്ടിട്ടില്ല. ജോപ്പനും സരിതയുമായുള്ള ബന്ധത്തെക്കുറിച്ച് പി സി ജോർജ് പറഞ്ഞതു സരിതയുടെ അറസ്റ്റിനു ശേഷമെന്നും മുഖ്യമന്ത്രി സോളാർ കമ്മീഷനു മുന്നിൽ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി സംസ്ഥാനം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ മുമ്പിൽ മൊഴി നൽകാനായി എത്തിയത്.aസെക്രട്ടറിയറ്റിൽ ശ്രീധരൻ നായരെ കണ്ടപ്പോൾ സരിത ഉണ്ടായിരുന്നതായി അറിയില്ല. ഡൽഹി വിജ്ഞാനഭവനിലും സരിതയെ കണ്ടിട്ടില്ല. ദുരിതാശ്വാസ നിധിക്ക് നന്ദി അറിയിച്ച ലെറ്റർ ഹെഡ് ദുരുപയോഗം ചെയ്‌തെന്നും മുഖ്യമന്ത്രി സോളാർ കമ്മീഷനോടു പറഞ്ഞു. <p>ക്രഷർ ഉടമ അടൂരിലെ ശ്രീധരൻ നായരോടൊപ്പം താൻ സരിത എസ്. നായരെ സെക്രട്ടറിയറ്റിലെ ഓഫീസിൽ കണ്ടെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. ശ്രീധരൻ നായരെ കണ്ടതു ശരിയാണ്. ക്രഷർ ഉടമകളുടെ സംഘടന ആവശ്യപ്പെട്ടതു പ്രകാരമാണ് കാണാൻ അനുമതി കൊടുത്തത്. ഈ സമയം സരിത സെക്രട്ടറിയറ്റിൽ ഉണ്ടായിരുന്നോ എന്ന് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി കമ്മിഷന്റെ ചോദ്യത്തിന് മറുപടി നൽകി. സൗത്ത് സോൺ എ.ഡി.ജി.പി എ. ഹേമചന്ദ്രന്റെ മൊഴിയിൽ ശ്രീധരൻ നായർ കാണാൻ വന്ന സമയത്ത് സരിത അവിടെ ഉണ്ടായിരുന്നുവെന്നു രേഖപ്പെടുത്തിയിട്ടുണ്ടല്ലോ എന്നു ജസ്റ്റിസ് ശിവരാജൻ മുഖ്യമന്ത്രിയെ ഓർമിപ്പിച്ചു. ഓഫിസിന് അകത്തും പുറത്തും വഴിയിൽ വച്ചും താൻ ആളുകളോട് സംസാരിക്കാറുണ്ടെന്നും ആരൊക്കെ വന്നു എന്ന് കൃത്യമായി അറിയില്ലെന്നുമാണ് ഇതിനു മുഖ്യമന്ത്രി മറുപടി നൽകിയത്. ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന തരാൻ ആഗ്രഹം ഉണ്ടെന്നു സരിത അറിയിച്ചിരുന്നു. അതിനു അവർക്ക് അനുമതി കൊടുക്കുകയും അവർ വന്നു പണം തരുകയും മുഖ്യമന്ത്രിയുടെ ലെറ്റർ ഹെഡിൽ നന്ദി അറിയിക്കുകയും ചെയ്തു. ഈ ലെറ്റർഹെഡ് പിന്നീട് ദുരുപയോഗം ചെയ്യുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡൽഹി വിജ്ഞാൻ ഭവനിൽ പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിൽ സരിത തന്നെ കാണാൻ അപ്പോയിന്റ്‌മെന്റ് എടുത്തതായി തോമസ് കുരുവിള കമ്മിഷന് മൊഴി കൊടുത്തത് ഏതു സാഹചര്യത്തിൽ ആണെന്ന് അറിയില്ല. വലിയ സെക്യൂരിറ്റി ഉള്ള അവിടെ സരിത എത്താൻ വഴിയില്ല. അവിടെ വച്ച് താൻ കണ്ടിട്ടില്ലെന്ന് ഉമ്മൻ ചാണ്ടിയും പറഞ്ഞു. സോളാർ തട്ടിപ്പിലെ എല്ലാ കേസുകളും സമഗ്രമായി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവർക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട് . ആര് തെറ്റു ചെയ്താലും പുറത്തു വരണം എന്നാണ് നിലപാടെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ എ.ഡി.ജി.പി ഹേമചന്ദ്രന്റെ മൊഴിയും മുഖ്യമന്ത്രി പറയുന്നതും തമ്മിൽ വൈരുധ്യം ഉണ്ടെന്നു കമ്മിഷൻ ചൂണ്ടിക്കാട്ടി. ഇതേ പറ്റിയുള്ള കൂടുതൽ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. തെളിവെടുപ്പിന് തൈക്കാട് ഗസ്റ്റ് ഹൗസിൽ രാവിലെ 10.45ന് തന്നെ മുഖ്യമന്ത്രി ഹാജരായിരുന്നു. 11 മണിയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. ഉച്ചക്ക് ശേഷവും വിസ്താരം തുടർന്നു. കമ്മീഷൻ മുമ്പാകെ മുഖ്യമന്ത്രി തെളിവ് സത്യവാങ്ങ്മൂലം നൽകി. സോളാർ ഇടപാടിൽ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായില്ലെന്ന നിലപാട് മുഖ്യമന്ത്രി ആവർത്തിച്ചു. പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് ജാഗ്രതക്കുറവുണ്ടായെന്നും ജിക്കുമോൻ, ടെന്നി ജോപ്പൻ, സലീംരാജ് എന്നിവരുമായി വളരെകാലം മുന്നേ പരിചയമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ബിജു രാധാകൃഷ്ണനെ കണ്ടത് വ്യക്തിപരമാണെന്നും അതേകുറിച്ച് വെളിപ്പെടുത്താനാവില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സരിതയുടെ സോളാർ ടീമിന് വലിയ സഹായങ്ങൾ ലഭിച്ചുവെന്ന് ഇതുവരെ കമ്മീഷന് മുന്നിൽ ലഭിച്ച മൊഴികൾ വ്യക്തമാക്കുന്നതായാണു റിപ്പോർട്ടുകൾ. സരിത മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകൾ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലീം രാജ്, പേഴ്‌സനൽ സ്റ്റാഫിലുായിരുന്ന ജിക്കുമോൻ, സോളാർ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച എഡിജിപി എ ഹേമചന്ദ്രൻ തുടങ്ങിയവരിൽനിന്ന് കമീഷൻ നേരത്തേ മൊഴിയെടുത്തിരുന്നു. ഹാജരാകാൻ ആവശ്യപ്പെട്ട് ജുഡീഷ്യൽ കമ്മീഷൻ ഓഫ് എൻക്വയറി ആക്ട് സെക്ഷൻ 8 ബി പ്രകാരം മുഖ്യമന്ത്രിക്ക് നേരത്തെ കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു. ഇത് പ്രകാരമാണ് മുഖ്യമന്ത്രി കമ്മീഷൻ മുമ്പാകെ ഹാജരായത്. അതേസമയം പ്രതിപക്ഷം ഉന്നയിച്ച വിവിധ ആരോപണങ്ങൾക്കുള്ള മറുപടിയെന്നോണം തന്നെയാണ് ഉമ്മൻ ചാണ്ടി തന്റെ നിലപാട് വ്യക്തമാക്കിയത്. തന്റെ മുൻനിലപാട് ആവർത്തിച്ച് തന്നെയാണ് ഉമ്മൻ ചാണ്ടി കമ്മീഷൻ മുമ്പിൽ എത്തിയത്. തൈക്കാട് ഗസ്റ്റ്ഹൗസിലെ കമ്മിഷൻ സിറ്റിംഗിൽ ജസ്റ്റിസ് ശിവരാജനു പുറമെ മറ്റ് കക്ഷികളുടെ അഭിഭാഷകരും മുഖ്യമന്ത്രിയെ വിസ്തരിച്ചു. സോളാർ കേസുമായി ബന്ധപ്പട്ട് മുഖ്യമന്ത്രിക്കും ഓഫീസിനും എതിരെയാണ് ഏറ്റവുമധികം ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സരിതയുടെ സോളാർ ടീമിന് വലിയ സഹായങ്ങൾ ലഭിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചിരിന്നു. ഇതിന് പിന്നാലെ പ്രതിപക്ഷം നടത്തിയ പ്രക്ഷോഭത്തെ തുടർന്നാണ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനും പ്രതിപക്ഷ നേതാക്കളും കമ്മിഷനു മുന്നിൽ കൊടുത്ത മൊഴികളും മുഖ്യമന്ത്രിക്കെതിരായി. ഇതോടെയാണ് കേസിൽ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കൽ അനിവാര്യമായത്. <p>കേസിലെ മുഖ്യപ്രതികൾ മുതൽ സംസ്ഥാന പൊലീസ് മേധാവി വരെയുള്ളവരുടെ വിസ്താരത്തിനു ശേഷമാണ് കമ്മിഷൻ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയത്. വിസ്താരം എത്രയും വേഗം പൂർത്തിയാക്കി ഏപ്രിൽ 27ന് അന്തിമ റിപ്പോർട്ട് നൽകുമെന്ന് ജസ്റ്റിസ് സി.ശിവരാജൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.