പ്രശസ്ത ബോളിവുഡ് നടന്‍ ഓംപുരി അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് നടനും നാടക പ്രവര്‍ത്തകനുമായിരുന്ന ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മുംബൈയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഓംപുരിയുടെ അടുത്ത സുഹൃത്തായ അശോക് പണ്ഡിറ്റാണ് അദ്ദേഹം മരിച്ച വിവരം പുറത്തുവിട്ടത്.

ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ശ്രദ്ധേയ വ്യക്തിത്വമാണ് ഓംപുരിയുടേത്. പാക്കിസ്ഥാന്‍, ബ്രിട്ടീഷ് സിനിമകളിലെയും ഭാഗമായിരുന്നു അദ്ദേഹം. പത്മശ്രീ പുരസ്‌ക്കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു ഓംപുരിയെ. മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. ഇന്ത്യന്‍ സിനിമയില്‍ വിവിധ ഭാഷകളില്‍ അഭിനയിച്ച ശ്രദ്ധേയ വ്യക്തിത്വമായിരുന്നു ഓംപുരിയുടേത്. മറാഠി, പഞ്ചാബി, കന്നഡ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പുരാവൃത്തം, ആടുപുലിയാട്ടം എന്നീ മലയാള സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം രണ്ട് തവണ നേടിയിട്ടുണ്ട് ഓംപുരി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാടക രംഗത്തു നിന്നുമാണ് ഓംപുരി സിനിമാ രംഗത്തേക്ക് ചുവടുവച്ചത്. ഇന്ത്യന്‍ സിനിമയില്‍ നാലു പതിറ്റാണ്ട് ശ്രദ്ധേയ വേഷം ചെയ്ത അദ്ദേഹം ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നൂറിലധികം സിനിമകള്‍ ചെയ്തിട്ടുള്ള ഓംപുരി അടുത്ത കാലത്ത് കലാരംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഹരിയാനയിലെ അംബാലയില്‍ ഒരു പഞ്ചാബി കുടുംബത്തില്‍ 1950 ല്‍ ജനിച്ച ഓംപുരി നാടകത്തിലൂടെയാണ് സിനിമയില്‍ എത്തിയത്.

1973 ല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു ബോളിവുഡിലെ മറ്റൊരു പ്രമുഖനായ നസറുദ്ദീന്‍ ഷാ. 1976 ല്‍ മറാത്തി സിനിമയായ ഗാഷിറാം കോട്വാളിലൂടെ സിനിമയില്‍ എത്തിയ അദ്ദേഹം ഇതിനകം വിവിധ ഭാഷകളിലായി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. വാണിജ്യ സിനിമയ്ക്കപ്പുറത്ത് കലാപരമായ സിനിമകളില്‍ കൂടുതല്‍ സാന്നിദ്ധ്യം അര്‍പ്പിച്ച ഓംപുരി 1988 ല്‍ പുറത്തിറങ്ങിയ പുരാവൃത്തം എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

റിച്ചാര്‍ഡ് ആറ്റന്‍ബറോ ഒരുക്കിയ 1982 ലെ ഗാന്ധി യില്‍ അതിഥിവേഷത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. സിറ്റി ഓഫ് ജോയ്, വോള്‍ഫ്, ജാക്ക് നിക്കോള്‍സണ്‍, ദി ഗോസ്റ്റ് ഓഫ് ദി ഡാര്‍ക്ക്നെസ്സ് തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. ഹോളിവുഡ് പ്രമുഖരായ ടോം ഹാങ്ക്സിനും ജൂലിയാ റോബര്‍ട്സിനും ഒപ്പം അഭിനയിച്ച ചാര്‍ളീസ് വാറില്‍ സിയാ ഉള്‍ ഹക്കായുള്ള അദ്ദേഹത്തിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പാക്കിസ്ഥാനി സിനിമയായ ആക്ടര്‍ ഇന്‍ ലോയില്‍ അഭിനയിച്ചു വരികയായിരുന്നു.

Top