തിരുവനന്തപുരം: നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുന്നു. മനസിലും മുറ്റത്തും നന്മയുടെ പൂക്കളം തീര്‍ത്ത് മഹാബലി തമ്പുരാനെ സ്വീകരിക്കാനുള്ള തിരക്കിലാണ് ഓരോ മലയാളി കുടുംബവും. ഉത്രാടപ്പാച്ചിനു ശേഷം സദ്യവട്ടങ്ങളൊരുക്കി തിരുവോണം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് എല്ലാവരും.കള്ളം ചതിയുമില്ലാത്ത നല്ല കാലത്തിന്റെ ഓര്‍മപ്പെടുത്തലാണ് ഓരോ ഓണവും. പൂവിളിയും പുത്തന്‍ കോടിയുമുടുത്ത് പൂക്കളം തീര്‍ത്തും സമൃദ്ധമായ സദ്യയൊരുക്കിയുമാണ് എല്ലാ വര്‍ഷവും മലയാളികള്‍ ഓണം ആഘോഷിക്കുന്നത്.പഞ്ഞക്കര്‍ക്കിടകത്തിലെ പെയ്തൊഴിയാത്ത മഴമേഘങ്ങള്‍ ചിങ്ങപ്പൊന്‍പുലരിയുടെ പിറവിക്കായി വഴിമാറി.. ചിങ്ങനിലാവിന്റെ തെളിമയില്‍ നാടെങ്ങും ആര്‍പ്പുവിളികളും ആഘോഷങ്ങളുമായി മലയാളിയുടെ മനം കുളിര്‍പ്പിക്കുന്ന മഹോത്സവം.
പൂക്കളങ്ങള്‍ ഒരുങ്ങി.. സദ്യവട്ടവും.. കഴിഞ്ഞുപോയ ആ നല്ല നാളുകളുടെ ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടെ അയവിറക്കി മലയാളികള്‍ ഓണമാഘോഷിക്കുകയാണ്… നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ മലയാളികള്‍ തിങ്കളാഴ്ച ഓണം ആഘോഷിക്കുന്നു. ലോകത്തിന്റെ ഏതറ്റത്താണെങ്കിലും ഓണം ഓരോ മലയാളിക്കും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്.മാവേലി മന്നന്‍ തന്റെ പ്രജകളെ ആണ്ടൊരിക്കല്‍ സന്ദര്‍ശിക്കുന്ന സുദിനമാണ് പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണനാള്‍. കാലത്തിന്റെ കുത്തൊഴുക്കില്‍പെട്ട് ഒഴുകി ഒലിച്ചുപോയ പഴമയുടെ പടിക്കലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം കൂടിയാണ് ഈ തിരുവോണം. ഓണനാളിലെ തിരുവാതിരയും തുമ്ബിതുള്ളലും മറ്റ് ഓണക്കളികളും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
പണ്ട് കുട്ടികള്‍ക്കായി പറമ്ബിലെ മരങ്ങളില്‍ ഊഞ്ഞാല്‍കെട്ടി കൊടുക്കും. കൈകൊട്ടിക്കളി, തുമ്ബിതുള്ളല്‍, തിരുവാതിരകളി തുടങ്ങിയവയാണ് സ്ത്രീകളുടെ പ്രധാന ഓണക്കാലവിനോദങ്ങളെങ്കില്‍ ഊഞ്ഞാലാട്ടം, പുലികളി തുടങ്ങിയവ പുരുഷന്മാരുടെയും കുത്തകയാണ്. എന്നാല്‍ ഇന്ന് ടെലിവിഷന്‍ ചാനലുകള്‍ ഓണസദ്യയൊരുക്കി കാത്തിരിക്കുമ്ബോള്‍ ഇത്തരം കളികളില്‍ ഏര്‍പ്പെടാന്‍ ആര്‍ക്കും സമയമില്ല.ഓണം എന്ന് പറയുമ്ബോള്‍ ആദ്യം മനസില്‍ വരുന്നത് കൊതിയൂറുന്ന ഓണസദ്യ തന്നെയാണ്. തലമുറകള്‍ ഒന്നിച്ചു കൂടിയിരുന്ന് ഓണമുണ്ടാലേ ഓണം അര്‍ത്ഥപൂര്‍ണമാകൂ. ഇല നിറയെ കറികള്‍. ആദ്യം പരിപ്പും നെയ്യും പപ്പടവും ചേര്‍ത്ത് ഒന്നാം വട്ടം. അടുത്തത് സാമ്ബാര്‍. മൂന്നാമതായി കാളന്‍. അടുത്തത് പാല്‍പ്പായസം. പിന്നാലെ മറ്റു പായസങ്ങള്‍. അവസാനം സംഭാരം കുടിച്ച് ഇല മടക്കാം.
കറിക്കൂട്ടുകള്‍ എത്രയുമാവാം. പക്ഷേ ഓലന്‍, തോരന്‍, അവിയല്‍, പച്ചടി, കിച്ചടി, ഉപ്പേരി, പപ്പടം എന്നീ ഏഴുകൂട്ടം കറികളെങ്കിലും കുറഞ്ഞത് ഇലയിലുണ്ടാവണമെന്നാണ് പണ്ടേയുള്ള പ്രമാണം. ശര്‍ക്കര പിരട്ടി, പഴം, അച്ചാര്‍, രസം, പുളിശേരി തുടങ്ങി ഒട്ടനവധി വിഭവങ്ങള്‍ ഒരു കഷ്ണം ഇലയില്‍ വിളമ്ബുന്നത് ഓണത്തിന്റെ മാത്രം വേറിട്ട അനുഭവം.തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിലെ പ്രസിദ്ധമായ തിരുവോണ സദ്യ ഇന്ന് നടക്കും. 15000 പേര്‍ക്കാണ് ഇത്തവണ സദ്യ ഒരുക്കുന്നത്. മഹാബലി എഴുന്നളൡപ്പിനും ശീവേലിക്കും ശേഷം തിരുവോണ സദ്യ ആരംഭിക്കും. രണ്ട്കൂട്ടം പ്രഥമന്‍ ഉള്‍പ്പെടെ വിഭവ സമൃദ്ധമായ സദ്യയാണ് ഒരുക്കിയിരിക്കുന്നത്. ആറന്മുളയിലെ തിരുവോണ വള്ളസദ്യ ഇന്നു നടക്കും. കാട്ടൂരില്‍ നിന്ന് പുറപ്പെട്ട തിരുവോണ തോണി ആറന്മുളയിലെത്തി.
ആറന്മുള ക്ഷേത്രത്തിലും തിരുവോണത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകൾ പുരോഗമിക്കുകയാണ്. കാട്ടൂരിൽ നിന്നും മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തിൽ പുറപ്പെട്ട തിരുവോണത്തോണി പുലർച്ചയോടെ ആറന്മുള ക്ഷേത്രകടവിൽ എത്തി. തിരുവോണത്തോണിയിൽ കൊണ്ടുവരുന്ന വിഭവങ്ങൾ ഉപയോഗിച്ചാണ് ആറന്മുളയിൽ ഓണസദ്യ തയാറാക്കുന്നത്.