ഓണമെന്നത് വാമനജയന്തി; വാമനനെ സ്വാതന്ത്ര്യസമരസേനാനിയായി ചിത്രീകരിച്ച് ശശികല ടീച്ചര്‍

sasikala_teacher

തിരുവനന്തപുരം: ശശികല ടീച്ചറുടെ ഓണസങ്കല്‍പം കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികള്‍. ഓണമെന്നത് വാമനജയന്തിയായിട്ടാണ് ആര്‍എസ്എസ് കാണുന്നത്. വാമനന്‍ പാതാളത്തില്‍ ചവിട്ടിത്താഴ്ത്തിയ മഹാബലി ചക്രവര്‍ത്തി തന്റെ പ്രജകളെ കാണാന്‍ വരുന്ന ദിനമാണ് തിരുവോണമെന്നാണ് ഐതീഹ്യം. എന്നാല്‍, ശശികല ടീച്ചര്‍ പറയുന്നതിങ്ങനെ. മഹാബലിയില്‍നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമരസേനാനിയാണ് വാമനന്‍.

വാമനനെ സ്വാതന്ത്ര്യസമരസേനാനിയായി ചിത്രീകരിച്ചാണ് ശശികല ടീച്ചര്‍ എത്തിയത്. ഓണത്തപ്പനായിട്ട് വാമന മൂര്‍ത്തിയെയാണ് പൂജിക്കുന്നത്. കുടവയറും കപ്പടാമീശയുമായി ഓലക്കുടയുമായി വരുന്ന മഹാബലിയാണ് ഓണത്തപ്പനെന്ന് ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. മണ്ണുകൊണ്ടും ചാണകം കൊണ്ടും മറ്റും തൃക്കാക്കര അപ്പനെയുണ്ടാക്കി പൂക്കളമിട്ട് അടനിവേദ്യം സമര്‍പ്പിക്കുന്നത് തൃക്കാക്കരയിലെ വാമനമൂര്‍ത്തിക്കാണ്, മഹാബലിക്കല്ലെന്നും സംഘപരിവാര്‍ മുഖപത്രം വ്യക്തമാക്കുന്നു.

കേരളം ഭരിച്ച സാമ്രാജ്യത്വശക്തിയായ മഹാബലിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമരസേനാനിയാണ് വാമനനെന്ന് വിശ്വഹിന്ദുനേതാവ് ശശികല ടീച്ചറും പറഞ്ഞു. സത്യസന്ധനും നീതിമാനും ദര്‍മിഷ്ടനുമായ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല. തന്റെ ഐശ്വര്യത്തില്‍ അല്‍പം അഹങ്കരിച്ചുപോയ മഹാബലിയുടെ അഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയാണ് വാമനന്‍ ചെയ്തതെന്നാണ് ആര്‍എസ്എസ് നിലപാട്. തന്റെ ഭക്തനായ മഹാബലിയെ ചിരഞ്ജീവിയാക്കി. മഹാബലി കേരളം ഭരിച്ചിട്ടില്ല. മഹാബലിയുടെ സാമ്രാജ്യം ഉത്തരേന്ത്യയിലായിരുന്നു. അദ്ദേഹം അശ്വമേധയാഗങ്ങള്‍ നടത്തിയത് നര്‍മദാ നദിയുടെ തീരത്തെ തീര്‍ത്ഥഭൂമിയിലാണെന്നും കേസരി വാദിക്കുന്നു.

മാത്രമല്ല പരശുരാമ അവതാരം വാമനാവതാരത്തിന് ശേഷമായിരിക്കെ മഹാബലിയുടെ കാലത്ത് കേരളം ഉണ്ടായിട്ടേ ഇല്ല. വിളവെടുപ്പ് ഉത്സവവും പുതുവത്സര പിറവിയും ഒരുമിച്ച് ആഘോഷിക്കാം എന്ന കാഴ്ച്ചപ്പാടായിരിക്കണം ഓണമഹോത്സവത്തിന് തുടക്കമെന്നാണ് കേസരിയുടെ നിരീക്ഷണം. മഹാബലി കേരളം കാണാന്‍ വരുന്നു എന്ന കഥ ജനങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി പിന്നീട് കൂട്ടിച്ചേര്‍ത്തത് ആകാമെന്നും സംഘപരിവാര്‍ മുഖപത്രം പറയുന്നു.

നമ്മുടെ ഇടയില്‍ ചില കുത്സിതബുദ്ധികള്‍ മനപ്പൂര്‍വം പടച്ചിറക്കുന്ന മഹാബലിയുടെ പാതാളകഥ പോലുള്ള കെട്ടുകഥകളെ ജനമനസുകളില്‍ നിന്ന് തൂത്തെറിയമെന്നാണ് ആര്‍എസ്എസ് ആഹ്വാനം. നല്ലവനായ മഹാബലി എന്ന ദലിതനായ അസുര ചക്രവര്‍ത്തിയെ വാമനന്‍ എന്ന സവര്‍ണന്‍ ചതിച്ച് പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തിയെന്ന വ്യാഖ്യാനത്തെയാണ് ആര്‍എസ്എസ് എതിര്‍ക്കുന്നതെന്ന് സാരം. അതായത് സവര്‍ണ മേധാവിത്വം എന്ന സങ്കല്‍പത്തില്‍ നിന്നും ആര്‍എസ്എസിന് മോക്ഷം കിട്ടുന്നില്ലെന്ന് ചുരുക്കം. ഹൈന്ദവ സംഘടനകളുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.

Top