സഹകരണബാങ്ക് വിവാദം രാഷ്ട്രീയ പൊട്ടിത്തെറിയിലേയ്ക്ക്; തലസ്ഥാനത്തെ സഹകരണബാങ്കില്‍ മന്ത്രിയ്ക്ക് കോടികളുടെ കള്ളപ്പണം

തിരുവനന്തപുരം: ഒരു മന്ത്രിയുള്‍പ്പെടെ ഭരണകക്ഷിയിലെ പത്തോളം നേതാക്കന്‍മാര്‍ക്ക് സഹകരണബാങ്കുകളില്‍ കോടികളുടെ കള്ളപ്പണമുണ്ടെന്ന് റിപ്പോര്‍ട്ട്. മംഗളം ദിനപത്രത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ എസ് നാരായണനാണ് ഇക്കാര്യം പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. വാര്‍ത്ത പുറത്തായതോടെ സഹകരണ മേഖലയിലെ കളളപ്പണ വിവാദം വീണ്ടും ചൂടുപിടിക്കും.

ബാങ്കില്‍ ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റും നടത്തിയ മിന്നല്‍ പരിശോധനയിലാണ് കോടിക്കണക്കിനു രൂപയുടെ അവിഹിത നിക്ഷേപം കണ്ടെത്തിയത്. വിശദമായ പരിശോധന തുടരുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്ന് ആരോപണത്തെ നിഷേധിച്ച് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഇടതു നേതാക്കള്‍ രംഗത്തെത്തിയിരുനന്നു. മന്ത്രി സഭയിലെ ഉന്നതനുള്‍പ്പെടെ കള്ളപ്പണമുണ്ടെന്ന് തെളിഞ്ഞാല്‍ പിണറായി സര്‍ക്കാരിന് കടുത്ത തിരിച്ചടിയായിരിക്കും നേരിടേണ്ടിവരിക. വാര്‍ത്തയില്‍ മന്ത്രിമാരുടെ പേരുകള്‍ ഒന്നു വ്യക്തമാക്കിയട്ടില്ല.
മംഗളത്തിലെ ഇന്നത്തെ വാര്‍ത്ത ഇങ്ങനെ-നവംബര്‍ എട്ടിനു രാത്രി എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജില്ലയില്‍ സായാഹ്ന ശാഖകളുള്ള ബാങ്കുകളില്‍ അന്നു രാത്രി വന്‍തോതില്‍ നിക്ഷേപവും കറന്‍സിമാറ്റവും നടന്നു. ഇതു സംശയകരമാണെന്നു വിലയിരുത്തിയാണ് ബാങ്ക് ശാഖകളിലെ ഇടപാടുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. ചില ശാഖകളില്‍ ജീവനക്കാരുടെ ഒത്താശയോടെയായിരുന്നു ഇടപാടുകള്‍. രാത്രി വൈകിയാണ് പല ശാഖകളും അടച്ചത്. മന്ത്രിയുടെയും അദ്ദേഹത്തിന്റെ അനുയായികളുടെയും അക്കൗണ്ടുകളും നിക്ഷേപങ്ങളും സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കുകയാണ്. ചില റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരുടെ നിക്ഷേപങ്ങളും ഇക്കൂട്ടത്തില്‍ പരിശോധിക്കുന്നുണ്ട്.

കോടികളുടെ കള്ളപ്പണം നിക്ഷേപമാണ് തലസ്ഥാനത്തെ ബാങ്കില്‍ നിന്നു കണ്ടെടുത്തത്. മന്ത്രിയുടെ പേരിലും ബിനാമി പേരിലും തിട്ടപ്പെടുത്താന്‍ കഴിയാത്ത തരത്തിലുള്ള നിക്ഷേപമാണുള്ളതെന്ന് ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് ബാങ്കുകളില്‍ മിന്നല്‍ പരിശോധനയ്ക്കു തീരുമാനിച്ചത്. നൂറോളം അക്കൗണ്ടുകളില്‍ ഞെട്ടിക്കുന്ന നിക്ഷേപങ്ങളാണുള്ളത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ െകെമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം അന്വേഷണം തുടങ്ങി. സംശയനിഴലിലുള്ള നിക്ഷേപകരെ ഉടന്‍ ചോദ്യം ചെയ്യും. അതേസമയം, ഭരണകക്ഷിയിലെ ചിലരെ അപകീര്‍ത്തിപ്പെടുത്താന്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.-മംഗളം വാര്‍ത്ത പറയുന്നു.

സഹകരണ ബാങ്കുകളില്‍ കെ വൈ എസി പലയിടത്തും നിര്‍ബന്ധമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ആര്‍ക്കും ഇവിടെ എങ്ങനെ വേണമെങ്കിലും നിക്ഷേപിക്കാം. നോട്ട് അസാധുവാക്കല്‍ വന്നപ്പോള്‍ 1000, 500 രൂപ നോട്ടുകള്‍ സഹകരണ ബാങ്കുകളും മാറ്റി വാങ്ങാനായി എടുത്തു. എന്നാല്‍ കോടിക്കണക്കിന് രൂപ ഇങ്ങനെ സഹകരണ ബാങ്കിലെത്തിയെന്ന സൂചന ലഭിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ നടത്തി. നോട്ട് മാറി നല്‍കാനുള്ള അധികാരം ഏടുത്തുകളയുകയും ചെയ്തു. ഇതോടെ സഹകരണ പ്രസ്ഥാനങ്ങള്‍ മുഴുവന്‍ പ്രതിസന്ധിയിലായി.തുടര്‍ന്ന് ആദായ നികുതി വകുപ്പ് പരിശോധനയും തുടങ്ങി. ഇത്തരമൊരു പരിശോധനയിലാണ് തിരുവനന്തപുരത്ത് മന്ത്രിയുടെ കള്ളപ്പണം നിക്ഷേപം കണ്ടെത്തിയതെന്നാണ് മംഗളം നല്‍കുന്ന സൂചന.

Top