തിരുവനന്തപുരത്ത് ഡോക്ടർക്ക് വൈറസ് ബാധ;അഞ്ചു ദിവസം രോഗികളെ പരിശോധിച്ചു,​ ഡോക്ടറുടെയടുത്ത് ചികിത്സ തേടിയിരുന്നവരെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം:വിദേശത്ത് നിന്ന് ക്യാംപ് കഴിഞ്ഞെത്തി ഡോക്ടര്‍ക്കാണ് ഏറ്റവും ഒടുവില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 24 ആയി.സ്‌പെയിനില്‍ ക്യാംപിനു പോയി മടങ്ങി എത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഗവ. മെഡിക്കൽ കോളേജ് സമുച്ചയത്തിലെ ഉന്നത ഗവേഷണ- ചികിത്സാ സ്ഥാപനത്തിൽ സീനിയർ ഡോക്ടർ ആയ ഇദ്ദേഹം മാർച്ച് രണ്ടിന് സ്‌പെയിനിൽ നിന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷം ഏഴു മുതൽ 11 വരെ തീയതികളിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നതായും,​ ഈ ദിവസങ്ങളിൽ നിരവധി രോഗികളെ പരിശോധിച്ചിരുന്നതായും തിരിച്ചറിഞ്ഞതോടെ,​ ഈ കാലയളവിൽ ഡോക്ടറുടെയടുത്ത് ചികിത്സ തേടിയിരുന്നവരെ കണ്ടെത്താൻ രാത്രി തന്നെ ആരോഗ്യ വകുപ്പ് അധികൃത‌ർ നടപടി തുടങ്ങി.അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി കെകെ ശൈലജ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.


കൊറോണ വൈറസ് പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ അടിയന്തരമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി കൊറോണ ഐസൊലേഷനു വിധേയനാകണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. രാത്രിയോടെ ഇയാൾ വാർ‌ഡിൽ എത്തിയതായാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം.മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ സ്പെയിനിലേക്കു പോയിരുന്ന ഡോക്‌ടർ മടങ്ങിയെത്തിയപ്പോൾ നേരിയ പനിയും അനുബന്ധ രോഗലക്ഷണങ്ങളും ഉണ്ടായിരുന്നു. തുട‌ർന്ന്,​ വിമാനത്താവളത്തിൽ വച്ചുതന്നെ ഇയാളോട് വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ തുടരാൻ (ഹൗസ് ക്വാറന്റൈൻ)​ നിർദ്ദേശിച്ചെങ്കിലും നാലു ദിവസത്തിനു ശേഷം ഡോക്ടർ ഡ്യൂട്ടിക്ക് എത്തുകയായിരുന്നു. പിന്നീടുള്ള അഞ്ചു ദിവസവും ആശുപത്രിയിലെത്തി രോഗികളെ പരിശോധിക്കുകയും ചികിത്സയുമായി ബന്ധപ്പെട്ട ജോലികൾ നിർവഹിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന ഏഴു ജീവനക്കാർ നിരീക്ഷണത്തിലാണ്. ഡോക്ടറുടെ വീട്ടുകാരെയും അദ്ദേഹവുമായി ഈ ദിവസങ്ങളിൽ അടുത്ത് ഇടപഴകിയവരെയും നിരീക്ഷിച്ചു വരികയാണ്.മാർച്ച് രണ്ടിന് വിമാനത്താവളത്തിൽ വച്ചുതന്നെ ‌ഡോക്ടറുടെ രക്തസാമ്പിൾ എടുത്ത് പരിശോധനയ്‌ക്ക് അയച്ചിരുന്നു.ഇതിന്റെ ഫലം പതിനൊന്നിന് എത്തിയതോടെയാണ് രണ്ടാംഘട്ട പരിശോധനയ്ക് നിർദ്ദേശിച്ചത്. അപ്പോഴേക്കും ഡോക്ടർക്ക് രോഗബാധയുടെ പ്രകട ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. രണ്ടാംഘട്ട പരിശോധനയിലും ഫലം പോസിറ്റീവ് ആയതോടെയാണ് ആരോഗ്യവകുപ്പ് അധികൃതർ ഇന്ന് വിവരം പുറത്തുവിട്ടത്. ഡോക്ടർ ഡ്യൂട്ടിയിലുണ്ടായിരുന്ന ദിവസങ്ങളിൽ ഈ വിഭാഗത്തിൽ ചികിത്സ തേടിയവരുടെയും ഒപ്പമുണ്ടായിരുന്നവരുടെയും മൊബൈൽ നമ്പറുകൾ ശേഖരിച്ച് രാത്രിതന്നെ ഇവരെ വിവരം അറിയിക്കുകയും,​ അടിയന്തര പരിശോധനകൾക്ക് എത്താൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് രാവിലെ മൂന്നാറില്‍ നിരീക്ഷണത്തിലിരിക്കെ വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരനും ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. 24 പേരില്‍ മൂന്ന് പേര്‍ നേരത്തെ രോഗം ഭേദമായവരാണ്.കോവിഡ് രോഗ ബാധ തടയാന്‍ അതിര്‍ത്തി ജില്ലകളില്‍ ട്രെയിനുകളില്‍ പരിശോധന നടത്താനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. പകരം ട്രെയിനുകളില്‍ നിന്ന് ഇറങ്ങി വരുന്ന യാത്രക്കാരെ അതത് സ്‌റ്റേഷനുകളില്‍ പരിശോധിക്കാനാണ് തീരുമാനം. ഇതിന് പോലീസിന്റെ കൂടെ സഹായം ഉറപ്പു വരുത്തുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Top