വി.മുരളീധരന്റെ വിമർശനത്തിനിടെ കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രത്തിന്റെ കത്ത്

ദില്ലി: പ്രവാസികളെ വിമാനത്തില്‍ തിരികെ കൊണ്ടുവരുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് കേരളം മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ ശ്ലാഘനീയമാണെന്നു വിദേശ കാര്യ മന്ത്രാലയം. സെക്രട്ടറി സഞ്ജയ് ഭട്ടാചര്യ അയച്ച കത്തിലാണ് കേരളത്തിന്റെ നിലപാടിനെ അഭിനന്ദിക്കുന്നത്.
വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വിമർശനത്തിനിടെയാണ് അഭിനന്ദന കത്ത്. കേരള സർക്കാറിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ കൊവിഡ് വ്യാപനം കുറയ്ക്കാൻ സഹായിക്കുമെന്നതടക്കമുള്ള കാര്യങ്ങളാണ് കത്തിൽ പരാമർശിക്കുന്നത്.

വിദേശ കാര്യമന്ത്രാലയത്തിനു വേണ്ടി സജ്ജയ് ഭട്ടാചാര്യയാണ് കത്തയച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും കൊവിഡ് വ്യപനം തടയുന്നതിനും കേരള സർക്കാർ നടത്തിയ പ്രവർത്തനങ്ങൾക്കാണ് അഭിനന്ദനം. വിദേശത്തുള്ള പ്രവാസികളെ തിരികെ എത്തിക്കുന്നതിന് കേരളം എടുക്കുന്ന മുൻ കരുതലുകൾക്കാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതിന് വേണ്ടി പ്രവാസികൾ എൻ95 മാസ്‌ക് ധരിക്കണം, ഫേസ്ഷീൽഡ് ഹാൻഡ് ഗ്ലൗസ് തുടങ്ങിയവ ധരിക്കണം തുടങ്ങി സംസ്ഥാന സർക്കാർ മുന്നോട്ടു വച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും വളരെ അഭിനന്ദനീയമാണെന്നും കത്തിൽ പറയുന്നു.

മാത്രമല്ല, എയർസലൈനുകളുമായി നേരിട്ട് സംസാരിക്കാനും ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുള്ളതായും കത്തിൽ പരാമർശിക്കുന്നുണ്ട്. വിദേശത്തുള്ള എംബസികളുടെ സഹായവും കത്തിൽ ഉറപ്പ് നൽകുന്നുണ്ട്. വിദേശത്ത് നിന്ന് പ്രവാസികളെ തിരികെ എത്തിക്കുന്ന കാര്യത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വിമർശനം ഉന്നയിച്ചതിന്റെ തൊട്ട് പിന്നാലെയാണ് കത്ത് എന്നതും ശ്രദ്ദേയമാണ്.

Top