കണ്ണൂര്‍: കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എഐസിസി വക്താവ് ഷമാ മുഹമ്മദ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെയാണ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചത്. സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്നത് പരാതി തന്നെയാണ്. ഇത് പാർട്ടി മനസ്സിലാക്കണമെന്നും ഷമ പറഞ്ഞു.
50 ശതമാനം സ്ത്രീ പ്രാതിനിധ്യം എന്നായിരുന്നു രാഹുൽഗാന്ധിയുടെ പ്രസ്താവനയെന്നും കഴിഞ്ഞതവണ രണ്ടു വനിതകൾ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിൽ ഇത്തവണ ഒന്നായി കുറഞ്ഞുവെന്നും അവർ ചൂണ്ടിക്കാട്ടി. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കിൽ രമ്യാ ഹരിദാസിനെയും തഴഞ്ഞേനെയെന്നും ഷമ മുഹമ്മദ് വിമര്‍ശിച്ചു. പാർട്ടി പരിപാടികളിൽ സ്റ്റേജിൽ പോലും സ്ത്രീകളെ ഇരുത്തുന്നില്ല. സ്ത്രീകൾക്ക് എപ്പോഴും നൽകുന്നത് തോൽക്കുന്ന സീറ്റാണ്. വടകരയിൽ തന്നെ പരിഗണിക്കാമായിരുന്നുവെന്നും ഷമ പറഞ്ഞു. മലബാറിലും ന്യൂനപക്ഷ വിഭാഗത്തിലുള്ളവർ ഉണ്ടായിരുന്നു. വടകരയിൽ ഷാഫിയെ കൊണ്ടുവന്നാൽ പാലക്കാട് പരിക്ക് പറ്റുമെന്നും ഷമ മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
പാലക്കാട് നിന്നുള്ള എംഎൽഎയെയാണ് വടകരയിൽ സ്ഥാനാർഥിയാക്കിയതെന്നും തൊട്ടടുത്തുള്ള ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നുവെന്നും ഷമ പറഞ്ഞു. മാഹിയിലും തലശ്ശേരിയിലും തനിക്ക് ഏറെ കുടുംബ ബന്ധങ്ങളുണ്ടെന്നും അവർ ഓർമിപ്പിച്ചു. വടകരയിൽ ഷാഫി പറമ്പിലാണ് കോൺഗ്രസിനായി മത്സരിക്കുന്നത്. കെ.കെ ശൈലജ ടീച്ചറാണ് എൽഡിഎഫ് സ്ഥാനാർഥി.