ഓൺലൈൻ പെൺവാണിഭം: സംഘത്തിൽ കോളജ് വിദ്യാർഥിനികളും സീരിയൽ നടികളും; ഓൺലൈൻ വലയിൽ കുരുങ്ങിയത് നൂറിലേറെ സ്ത്രീകൾ

സ്വന്തം ലേഖകൻ

കൊച്ചി: കലൂരിൽ വാടക വീട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തിന്റെ പിടിയിൽ കുടുങ്ങിയത് നൂറിലേറെ സ്ത്രീകളെന്നു റിപ്പോർട്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോളജ് വിദ്യാർഥിനികൾ അടക്കമുള്ളവരാണ് സംഘത്തിന്റെ പിടിയിൽപ്പെട്ടിരിക്കുന്നതെന്നാണ് കണ്ടെത്തിയത്. കേസിലെ മുഖ്യപ്രതികളായ കോട്ടയം സ്വദേശി ജയകുമാറും ഭാര്യ സുമിയും ഒളിവിലാണ്. നേരത്തെ സംഘത്തിലെ രണ്ടു സ്ത്രീകളും ഇടപാടുകാരനും അടക്കം അഞ്ചുപേർ പോലീസ് പിടിയിലായിരുന്നു.
കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിനു സമീപം എരൂർ വസുദേവ് റോഡിൽ വാടകവീടു കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന പെൺവാണിഭസംഘമാണ് പോലീസ് പിടിയിലായത്. ഏലൂർ കമ്പനിപ്പടി സ്വദേശി ജയേഷ് (37), തൊടുപുഴ ചിറ്റൂർ സ്വദേശി കൃഷ്ണതീർത്തം ബാബു (35), തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി പുതിയകുന്നേൽ സുനീർ(35) ബംഗളൂരു, തൃശൂർ സ്വദേശിനികളായ രണ്ട് സ്ത്രീകൾ എന്നിവരെ എറണാകുളം ടൗൺ നോർത്ത് സർക്കിൾ ഇൻസ്‌പെക്ടർ വിജയന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ചയാണ് അറസ്റ്റുചെയ്തത്. സ്ത്രീകളെ മഹിളാ മന്ദിരത്തിലാക്കി. മറ്റുള്ളവരെ റിമാൻഡ് ചെയ്തു.
വെബ്‌സൈറ്റിൽ പരസ്യം നൽകിയാണ് സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. പിടിയിലായവരിൽ ജയേഷാണ് ചില ഓൺലൈൻ വെബ്‌സൈറ്റുകളിൽ പരസ്യം നൽകിരുന്നത്. താത്പര്യമുള്ളവർക്കു ബന്ധപ്പെടാനായി ജയേഷിന്റെ ഫോൺ നമ്പറായിരുന്നു കൊടുത്തിരുന്നത്. ആവശ്യക്കാരെ പിന്നീട് കലൂർ, പാലാരിവട്ടം, സ്റ്റേഡിയം പരിസരം എന്നീ സ്ഥലങ്ങളിൽ ഫോണിൽ വിളിച്ചുവരുത്തും.
ഇവിടെ എത്തുന്നവരെ ബാബുവിന്റെ സഹായത്തോടെ പ്രത്യേക വാഹനത്തിൽ അനാശാസ്യ കേന്ദ്രത്തിൽ എത്തിക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. ഇടപാടുകൾക്കുശേഷം ഇവരുടെ വാഹനത്തിൽ തന്നെ അവരെ തിരിച്ച് കൂട്ടിയ ഇടത്തുതന്നെ എത്തിക്കും. കേന്ദ്രത്തിന്റെ നടത്തിപ്പ്, ഇടപാടുകാരെ ബന്ധപ്പെട്ട് കേന്ദ്രത്തിൽ എത്തിക്കൽ എന്നീ കാര്യങ്ങൾ ചെയതിരുന്നത് ജയേഷും ബാബും ചേർന്നായിരുന്നു. ജയേഷിന്റെ പേരിൽ മുമ്പും കളമശേരി പോലീസ് സ്‌റ്റേഷനിൽ പെൺവാണിഭക്കേസുണ്ട്.
കേസിൽ പോലീസ് തെരയുന്ന ദമ്പതികളായ സുമിയും ജയകുമാറും മുമ്പും പെൺവാണിഭക്കേസുകളിൽ പ്രതികളായിട്ടുണ്ട്. മരട്, കളമശേരി പോലീസ് സ്‌റ്റേഷനുകളിൽ ഇവർക്കെതിരെ കേസുണ്ടെന്നു പോലീസ് അറിയിച്ചു. ഈ പെൺവാണിഭകേന്ദ്രത്തിന്റെ മുഖ്യനടത്തിപ്പുകാരാണ് ഇവരെന്നാണ് പോലീസ് പറയുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നു സ്ത്രീകളെ എത്തിച്ചാണ് പെൺവാണിഭം നടത്തിയിരുന്നത്. ഇത്തരത്തിൽ കൂട്ടികൊണ്ടു വരുന്ന സ്ത്രീകളെ രണ്ടാഴ്ച്ച വരെ ഇവർ വാടകയ്ക്ക് എടുക്കുന്ന വീട്ടിൽ താമസിപ്പിച്ച് വാണിഭം നടത്തും.
കിട്ടുന്ന തുകയുടെ പകുതി കമ്മീഷനായി നടത്തിപ്പുകാർ എടുക്കുകയും ബാക്കി തുക സ്ത്രീകൾക്കു നൽകുന്നതായിരുന്നു ഇവരുടെ രീതി. ഇത്തരത്തിൽ ഇവിടെ വരുന്ന സ്ത്രീകളിൽ നിന്നു ലഭിക്കുന്ന വിവരമനുസരിച്ചാണ് കൂടുതൽ സ്ത്രീകളെ ഇവർ വാണിഭത്തിനായി എത്തിക്കുന്നത്. അതു ചെയ്തിരുന്നത് സുമിയായിരുന്നു. ബംഗളൂരുവിൽനിന്നും മറ്റു സ്ഥലങ്ങളിലും നിന്നുമാണ് സ്ത്രീകളെ എത്തിച്ചിരുന്നത്. രണ്ടു മാസത്തിൽ കൂടുതൽ ഇവർ ഒരു സ്ഥലത്ത് താമസിക്കാറില്ല. വീട്ടിലേക്ക് ആളുകൾ വന്നു പോകുന്നത് പതിവായാൽ നാട്ടുകാർ സംശയിക്കുന്നതിനാലാണ് വീടുകൾ മാറിക്കൊണ്ടിരിക്കുന്നത്.
ഓൺലൈൻ പെൺവാണിഭത്തിനെതിരായി ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പോലീസ് നടത്തിവരുന്ന പരിശോധനയ്ക്കിടയിലാണ് ഇവരുടെ വെബസൈറ്റ് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന വെബ്‌സൈറ്റിൽ കണ്ട നമ്പറിലേക്ക് ഇടപാടുകാരെന്ന വ്യാജേന പോലീസ് വിളിക്കുകയായിരുന്നു. ഈ നമ്പറിൽ ബന്ധപ്പെട്ട് തത്പരകക്ഷിയെന്ന പേരിൽ സംസാരിച്ചു. തുടർന്ന് ജയേഷ് ആവശ്യപ്പെട്ട സ്ഥലത്തെത്തുകയും ജയേഷും ബാബുവും എത്തിയ അവരുടെ വാഹനത്തിൽ കലൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ഇവരെ പിന്തുടർന്ന പോലീസ് സംഘം ഉടനെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top