
തിരുവനന്തപുരം:സുധാകരന്റെയും സതീശന്റെയും നീക്കം പൊളിക്കാൻ ചെന്നിത്തലയും ഉമ്മൻ ചാണ്ടി കരുനീക്കം .ഗ്രുപ്പുകൾ ഒന്നായി സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയാൽ കേരളത്തിലെ കോൺഗ്രസ് ഇവരുടെ കൈകളിൽ ഭദ്രം ആയിരിക്കും .അതിനുള്ള നീക്കാം ശക്തമാക്കി . ഹൈക്കമാന്റിനെ നേരിട്ട് കാണാൻ ഒരുങ്ങുകയാണ് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും. ഗ്രൂപ്പ് രഹിതമായിട്ടാണ് ഡിസിസി അധ്യക്ഷൻമാരെ കണ്ടെത്തിയതെന്ന പുതിയ നേതൃത്വത്തിന്റെ അവകാശവാദത്തെ പൊളിച്ചടുക്കുകയാണ് മുതിർന്ന നേതാക്കളുടെ ലക്ഷ്യം.ഗ്രൂപ്പ് വീതം വെയ്പ്പുകൾ ഇല്ലാതാക്കി എന്ന് പറയുമ്പോൾ തന്നെ സ്വന്തം ഇഷ്ടക്കാരെ തിരികി കയറ്റിയുള്ള പ്രഖ്യാപനമാണ് ഇപ്പോൾ നടത്തിയത്. യഥാർത്ഥത്തിൽ ഹൈക്കമാന്റിനെ തെറ്റിധരിപ്പിക്കുകയാണ് പുതിയ നേതൃത്വം ചെയ്തതതെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വാദം. ഈ സാഹചര്യം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും നേരിട്ട് അറിയിക്കും.
തങ്ങളുടെ പ്രതിഷേധങ്ങൾ ഹൈക്കമാന്റിനെതിരെയാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ് ചെയ്തതെന്നാണ് നേതാക്കളുടെ മറ്റൊരു പരാതി. അതുകൊണ്ട് തന്നെ കെപിസിസി നേതൃത്വവുമായുള്ള നിസഹകരണം തുടരാൻ തന്നെയാണ് നേതാക്കളുടെ നിലപാട്. മാത്രമല്ല പരസ്യ പ്രതികരണങ്ങളിലേക്ക് ഇനി കടക്കേണ്ടതില്ലെന്നും ഗ്രൂപ്പ് നേതൃത്വം നിലപാടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ചെന്നിത്തലയുടെ പ്രതികരണവും ഇതിന്റെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തുന്നുണ്ട്. അതിനിടെ രാഹുൽ ഗാന്ധി നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന അതൃപ്തിയും ഹൈക്കമാന്റിനെ അറിയിക്കും.
നേരത്തേ കെപിസിസി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും നിയമിച്ച പിന്നാലെ പാർട്ടിയിൽ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ പുന;സംഘടനയിൽ മതിയായ കൂടിയാലോചനകൾ ഉണ്ടാകുമെന്നതായിരുന്നു രാഹുൽ നേതാക്കൾക്ക് നൽകിയ വാഗ്ദാനം. ഇത് പാലിക്കപ്പെട്ടില്ലെന്നതാണ് ആക്ഷേപം. നേതാക്കൾ പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന പരാതിയും ഹൈക്കമാന്റിനെ ഉന്നയിക്കും. പ്രതിഷേധിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈക്കമാന്റ് നിർദ്ദേശിക്കുമ്പോഴും മിതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും വിമർശിച്ചവർക്കെതിരെ നേതൃത്വം മൗനം പാലിക്കുകയാണെന്നാണ് ആക്ഷേപം.
സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ വിമർശിച്ചതിന് ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ കൂടിയായ കെപിസിസി ജനറൽ സെക്രട്ടറിയായ പിസി പ്രശാന്തിനെതിരെ നടപടിയെടുത്തപ്പോൾ മുതിർന്ന നേതാക്കളെ വിമർശിച്ച രാജ്മോഹൻ ഉണ്ണിത്താനെതിരെ നടപടിയെടുക്കാൻ നേതൃത്വം തയ്യാറാവുന്നില്ലെന്നതാണ് പരാതി. ഇത് ഇരട്ടത്താപ്പാണെന്നും ഇവർ പറയുന്നു. ഗ്രൂപ്പുകളിൽ ഇതിനെതിരെ അമർഷം പുകഞ്ഞതോടെ ഉണ്ണിത്താനെതിരെ നടപടിയെടുക്കുന്ന കാര്യം പരിശോധിക്കുമന്ന് കെ സുധാകരൻ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് നേതൃത്വം മൗനത്തിലാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും പക്ഷപാതം കാട്ടുവെന്ന പരാതിയും ഗ്രൂപ്പ് നേതാക്കൾ അറിയിക്കും. അതേസമയം നിലവിലെ പ്രതിസന്ധികൾ ഒഴിവാക്കാൻ സംഘടന തിരഞ്ഞെടുപ്പാണ് ഏറ്റവും നല്ല പോം വഴിയെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്. ഇക്കാര്യവും ഹൈക്കമാന്റിനെ അറിയിക്കും. കെപിസിസി,ഡിസിസി പുന;സംഘടനയിൽ ഇത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് മുതിർന്ന നേതാക്കൾ കരുതുന്നത്. അതേസമയം നേതാക്കൾ ഹൈക്കമാന്റിനെ കാണാൻ ഒരുങ്ങിയതോടെ അനുനയ നീക്കത്തിനുള്ള ശ്രമങ്ങൾ കെപിസിസി നേതൃത്വം ആരംഭിച്ചുവെന്നാണ് സൂചന.
ഡിസിസി അധ്യക്ഷ നിയമനത്തോടെ എ,ഐ ഗ്രൂപ്പുകളുടെ സഹകരണം പല സ്ഥലങ്ങളിലും ഉണ്ടാകുന്നില്ലെന്നത് കെപിസിസി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ രീതി തുടർന്നാൽ പാർട്ടിയുടെ മുന്നോട്ടുള്ള പ്രരവർത്തനങ്ങൾ കൂടുതൽ പ്രതിസന്ധിയിലാകും. ഒപ്പം നിലവിലെ സാഹചര്യത്തില്‍ സംഘടന തെരഞ്ഞെടുപ്പ് നടത്തിയാല്‍ പാര്‍ട്ടി വീണ്ടും ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും കൈകളിൽ എത്തുമെന്ന കാര്യത്തിൽ തർക്കമില്ല. മുതിർന്ന നേതാക്കളോടുള്ള ഘടകകക്ഷികളുടെ നിലപാടും പുതിയ നേതൃത്വത്തെ നിലപാട് മയപ്പെടുത്താൻ പ്രേരിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ കോൺഗ്രസിലെ തർക്കത്തിൽ യുഡിഎഫിലെ പ്രധാന ഘടകക്ഷിയായ ലീഗിന്റെ പിന്തുണ ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കുമാണ്. പുതിയ നേതൃത്വത്തിന്റ നിലപാടുകളിൽ ചിലതിൽ ലീഗിന് അതൃപ്തിയും ഉണ്ട്. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഗ്രൂപ്പ് നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കം. ഇതിന്റെ ഭാഗമായിട്ടാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് ഇന്നലെ ഉമ്മന്‍ചാണ്ടിയെ വീട്ടില്‍ സന്ദര്‍ശിച്ചത് എന്നാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല ഗ്രൂപ്പുകളെയും മുതിര്‍ന്ന നേതാക്കളെയും പ്രകോപിപ്പിക്കുന്ന പ്രസ്താവനകള്‍ ഉണ്ടാകരുതെന്ന നിര്‍ദ്ദേശവും ഔദ്യോഗിക വിഭാഗത്തിന് കെപിസിസി നേതൃത്വം നൽകിയിട്ടുണ്ടെന്നാണ് വിവരം.
ഇനി കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ കെപിസിസി പുന;സംഘടനയിൽ ചെന്നിത്തലയുമായും ഉമ്മൻചാണ്ടിയുമായും മതിയായ കൂടിയാലോചന നടത്താനാണ് തിരുമാനം. കഴിഞ്ഞ ദിവസം കണ്ണൂരിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച് കെ സുധാകരും വിഡി സതീശനും ചർച്ച നടത്തിയിരുന്നു. കെപിസിസി പുന;സംഘടനയ്ക്കായി മൂന്ന് മാസത്തെ സാവകാശമാണ് കെപിസിസി നേതൃത്വം ഹൈക്കമാന്റിനോട് തേടിയിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ തന്നെ ചർച്ച നടത്തി അന്തിമ തിരുമാനം കൈക്കൊള്ളുകയാണ് ലക്ഷ്യം. ഇതോടൊപ്പം തന്നെ ഡിസിസി ഭാരവാഹികളേയും പ്രഖ്യാപിക്കും. ഇതിനായി ജില്ലാ തല സംവിധാനം സംബന്ധിച്ചുള്ള ചർച്ചകൾ ഉടൻ നടത്തും.
തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തോട് അനുബന്ധിച്ച് കോൺഗ്രസ് ചർച്ച തുടങ്ങിവയ്ക്കാനാണ് ആലോചന. എന്നിരുന്നാലും ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം ഗ്രൂപ്പ് നേതൃത്വങ്ങളുടെ അസഹിഷ്ണുത തന്നെയാണെന്നാണ നിലപാട് കെ സുധാകരന് ഉണ്ട്. കൂടിയാലോചന നടത്തുമെന്ന് വ്യക്തമാക്കിയെങ്കിലും ഡിസിസി അധ്യക്ഷൻമാരുടെ പ്രഖ്യാപനം നടത്തിയതിന് സമാനമായി ഗ്രൂപ്പുകളുടെ സമ്മർദ്ദത്തിന് വഴങ്ങാനോ ഗ്രൂപ്പ് പ്രതിനിധികളെ നിയമിക്കാനോ കഴിയില്ലെന്ന് കെ സുധാകരൻ നിലപാട് ആവർത്തിക്കുന്നു. എന്നാൽ ഇതിൽ ഗ്രൂപ്പ് നേതാക്കൾ എന്ത് നിലപാട് എടുക്കുമെന്നത് നിർണായകമാകും.
ഡിസിസി അധ്യക്ഷൻമാരുടെ പട്ടികയിൻമേൽ ഉയർന്ന പ്രതിഷേധങ്ങൾ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ കനത്ത പ്രതിസന്ധിയിൽ ആഴ്ത്തിയിരിരിക്കുകയാണ്. പട്ടികയെ ചൊല്ലി അതൃപ്തികൾ ഉണ്ടാകുമെന്ന വിലയിരുത്തൽ നേൃത്വത്തിന് ഉണ്ടായിരുന്നുവെങ്കിലും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യ പ്രതികരണത്തിലേക്ക് നീങ്ങുമെന്നത് നേതൃത്വം കണക്ക് കൂട്ടിയിരുന്നില്ല.അതേസമയം പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ഹൈക്കമാന്റ് മുന്നറിയിപ്പ് ഒരു പരിധിവരെ ഇത്തരം പ്രതിഷേധങ്ങൾക്ക് കൂച്ചുവിലങ്ങ് ഇടാൻ സഹായിച്ചുവെന്ന വിലയിരുത്തലിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം.