ഉമ്മന്‍ ചാണ്ടി എട്ടു തവണ ഹെലികോപ്ടറില്‍ പറന്നത് 1.44 കോടി രൂപ ചെലവില്‍

കൊച്ചി: ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും ഹെലികോപ്ടറില്‍ സഞ്ചരിച്ചെന്ന് ഒടുവില്‍ പൊതുഭരണവകുപ്പ്. ഇതു സംബന്ധിച്ചു നേരത്തേ വിവരാവകാശരേഖ പ്രകാരം അപേക്ഷിച്ചെങ്കിലും അറിയില്ലെന്നായിരുന്നു വകുപ്പിന്റെ നിലപാട്. വീണ്ടും അപേക്ഷിച്ചപ്പോഴാണു വിവരങ്ങള്‍ നല്‍കിയത്. യു.ഡി.എഫ്. ഭരണകാലത്ത്, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി നടത്തിയത് എട്ട് ഹെലികോപ്ടര്‍ യാത്രകളാണെന്നും ചെലവ് 1.44 കോടിയാണെന്നുമാണു വിവരാവകാശ രേഖ. 2011-16 ലെ യാത്രാരേഖയാണിത്. സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന്‍, കൃഷി മന്ത്രിയായിരുന്ന കെ.പി. മോഹനന്‍, വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ. അബ്ദുറബ്ബ് എന്നിവരും ഹെലികോപ്ടര്‍ യാത്ര നടത്തി. ഇവര്‍ ഒരു തവണമാത്രമാണു ഹെലികോപ്ടര്‍ ഉപയോഗിച്ചത്. ആകെ ഹെലികോപ്ടര്‍ യാത്രയുടെ ചെലവ് 1.7 കോടിയാണ്. അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ എട്ടു ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ ഹെലികോപ്ടര്‍ യാത്ര വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് എറണാകുളം കാക്കനാട് സ്വദേശി രാജു വാഴക്കാലയാണ് വിവരാവകാശ അപേക്ഷ നല്‍കിയത്.

Top