മധുവിനെ തല്ലിക്കൊന്നുട്ടും അട്ടപ്പാടിയിലെ വംശീയവാദികള്‍ അടങ്ങിയിട്ടില്ല. മധുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് പാട്ടുപാടിയ പ്രശസ്ത ഗായക സംഘമായ ഊരാളിക്ക് നേരെ ആക്രമണം. അടട്പ്പാടിയിലെ അഗളിയില്‍ വച്ചാണ് ആക്രമണമുണ്ടായത്. സല്‍ സബീല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍, കലാകക്ഷിയിലെ കലാ പ്രവര്‍ത്തകര്‍, അഞ്ചോളം കുരുന്നുകള്‍, സ്ത്രീകള്‍ തുടങ്ങി മുപ്പതോളം വരുന്ന ഊരാളി സംഘമാണ് ആക്രമിക്കപ്പെട്ടത്.
ഓടിക്കൊണ്ടിരുന്ന ഊരാളി എക്‌സ്പ്രസിന് നേരെ സാമൂഹ്യ വിരുദ്ധര്‍ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ബസ്സിലുണ്ടായിരുന്ന മൂന്നിലധികം പേര്‍ക്ക് പരിക്കേറ്റു. ഊരാളി മാര്‍ട്ടിന്‍, സജി, സുധി, ചിത്രകാരി പിഎസ് ജലജ, സല്‍ സബീല്‍ സ്‌കൂളിലെ സൈബദ, വിദ്യാര്‍ത്ഥികളായ യാസിം, ഫാത്തിമ ഹാഷ്മി, അവാദ്, അബെല്‍, യഹിയ, റാണി, ഡയാന, ഭാരതി, സിമിത, നാസിയ, കുരുന്നുകളായ, മുകില്‍, തിര, തേനല്‍, ആര്‍ എല്‍ വി കോളേജിലെ ചിത്രകലാ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരടക്കമാണ് വാഹനത്തിലുള്ളത്. എട്ട് വര്‍ഷമായി കേരളത്തിലുടനീളം സഞ്ചരിച്ച് പരിപാടികള്‍ അവതരിപ്പിക്കുന്ന ഊരാളി എക്‌സ്പ്രസ് ആദ്യമായാണ് ആക്രമിക്കപ്പെടുന്നത്.
മുക്കാലിയില്‍ മധു ആക്രമിക്കപ്പെട്ട സ്ഥലത്ത് കൊലയ്ക്കെതിരെ പാടിയും പ്രതിഷേധിച്ചുമാണ് ഊരാളിയുടെ പരിപാടി ആരംഭിച്ചത്. ഊരാളിക്കൊപ്പം കലകക്ഷിയിലെ കലാ പ്രവര്‍ത്തകര്‍ ഇന്നലെ എറണാകുളത്ത് ആരംഭിച്ച മധുവിന്റെ ഛായാചിത്ര രചനയും തുടരുന്നുണ്ടായിരുന്നു. മധുവിനെയും ആദിവാസികളെയും അനുകൂലിച്ച് കൊലയ്ക്കെതിരെ സംസാരം നടക്കുമ്പോള്‍ ഒരുകൂട്ടം എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ത്തി തുടങ്ങിയിരുന്നു. മധു സാമൂഹിക വിരുദ്ധന്‍ ആയിരുന്നുവെന്നും കൊല്ലപ്പെടേണ്ട ആളായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ഇതോടെ ഇവരുമായി ചെറിയ തോതില്‍ വാഗ്വാദമുയര്‍ന്നു.
സമാധാനത്തിനാണ് തങ്ങള്‍ വന്നതെന്നും കൊലപാതകത്തെ അപലപിക്കുന്നുവെന്നും കലാകാരന്മാര്‍ ആവര്‍ത്തിച്ചതോടെ എതിര്‍ ശബ്ദം ഉയര്‍ത്തിയ സംഘം വെല്ലുവിളിപോലെ അവിടെത്തന്നെ നിലയുറപ്പിച്ചിരുന്നു. പലയിടങ്ങളിലായാണ് കലാപ്രതിഷേധം പിന്നെയും തുടര്‍ന്നത്. മധുവിന്റെ സംസ്‌ക്കാര ശേഷം അഗളിയിലുള്ള സമരപന്തലില്‍ പാടാനും പറയാനും വരയ്ക്കാനും സംഘമെത്തിയപ്പോഴും തടസ്സവാദങ്ങളുമായി കൂട്ടം ഉണ്ടായിരുന്നു. സമരം അവസാനിച്ചുവെന്നും പിരിഞ്ഞു പോകണമെന്നും പൊലീസും നിലപാടെടുത്തു. സമരസമിതിയും കലാപ്രവര്‍ത്തകരും പ്രതിഷേധം നടത്താതെ പിരിയാനാവില്ലെന്ന് അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരടക്കം വലിയൊരു സംഘം ഇവിടെയുണ്ടായിരുന്നു.
രാജ്യം മുഴുവനും മധുവിനെ തല്ലികൊന്നതില്‍ പ്രതിഷേധിക്കുമ്പോഴും യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് യാതൊരുവിധ ഭയപ്പാടും ഉണ്ടായിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് പ്രതിഷേധിക്കാന്‍ ചെന്നവര്‍ക്ക് നേരെയുണ്ടായ ഈ ആക്രമണം. കൊലയാളികള്‍ ശക്തരാണെന്നതിന്റെ തെളിവ് കൂടെയാവുകയാണ് ഇത്. രാവിലെ മന്ത്രി എ കെ ബാലന്‍ പ്രതികള്‍ക്ക് ശക്തമായ പിന്തുണയുണ്ടെന്ന് രാവിലെ പറഞ്ഞിരുന്നു. തേക്ക് മാഞ്ചിയം മാഫിയ നിലയുറപ്പിച്ച സ്ഥലമാണ് ഇവിടം. കൊലയാളികളിലും ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.