
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് ചേർത്ത് കൊണ്ടുപോകും.ഓരോ യു.ഡി.എഫ് പ്രവർത്തകനും തിരിച്ചുവരാനുള്ള പോരാട്ടത്തിന് ഒരുങ്ങണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.
സഭയ്ക്ക് അകത്തും പുറത്തും ക്രിയാത്മക പ്രതിപക്ഷമായി സപ്രവർത്തിക്കും. ഒരുമിച്ച് പ്രവർത്തിച്ചാൽ ഒരു കൊടുങ്കാറ്റ് പോലെ യു.ഡി.എഫ് തിരിച്ചുവരുമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
വർഗീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിനാണ് പ്രഥമ പരിഗണന. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ആണ് കേരളത്തിന്റെ പൊതുബോധം. ആശയപരമായ പോരാട്ടത്തിലൂടെ ഈ മണ്ണിൽ വർഗീയതയുടെ രാഷ്ട്രീയത്തെ കുഴിച്ചു മൂടുക എന്നതാവും യു.ഡി.എഫിന്റെ ലക്ഷ്യമെന്നും സതീശൻ വ്യക്തമാക്കി.
പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ വി.ഡി സതീശൻ കെ.പി.സി.സി പ്രസിഡന്റിനെ സന്ദർശിച്ചു. ഇതോടൊപ്പം വി.എം സുധീരൻ അടക്കമുള്ള മുതിർന്ന നേതാക്കളുമായും പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ച നടത്തി.