മൃതദേഹങ്ങള്‍ കയറ്റിവിട്ടത് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍!!! സർക്കാരിൻ്റെ കെടുകാര്യസ്ഥത തുറന്ന്കാട്ടി വി.ഡി. സതീശന്‍

കേരളത്തില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വന്‍ വീഴ്ച്ച ഉണ്ടായെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ ആരോപിച്ചു. നിയമസഭയിലാണ് തന്റെ വിമര്‍ശനം വി.ഡി. സതീശന്‍ ഉന്നയിച്ചത്. സര്‍ക്കാര്‍ ഇടപെടലില്‍ ഉണ്ടായ വീഴച്ചകള്‍ എണ്ണിപ്പറഞ്ഞ അദ്ദേഹം താന്‍ നേരിട്ട ഹൃദയഭേതകമായ അനുഭവങ്ങളും വിവരിച്ചു.

ആദ്യദിവസം ഒരു രക്ഷാപ്രവര്‍ത്തനവും നടത്തിയില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അനങ്ങിയില്ല. ഐ.പി.എസുകാരെയും ഐ.എ.എസുകാരെയും വെച്ച് രക്ഷാപ്രവര്‍ത്തനം നല്‍കിയെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. രണ്ട് സി.ഐയേയും രണ്ട് എസ്.ഐയേയും അടക്കം ഏഴ് പൊലീസുകാരെ വെച്ചിട്ടാണ് 25000 പേര്‍ക്കുവേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും വി.സി സതീശന്‍ പറഞ്ഞു.

വൈപ്പിന്‍ എം.എല്‍.എ ശര്‍മ്മയും താനും ചേര്‍ന്ന് വള്ളങ്ങള്‍ ഏര്‍പ്പാടാക്കി മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിന് ഇറക്കുംവരെ ഒരു മത്സ്യത്തൊഴിലാളി വള്ളവും തങ്ങളുടെ പ്രദേശത്ത് എത്തിയിരുന്നില്ല. വെള്ളം ഇറങ്ങിയശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 60% ആളുകളും രക്ഷപ്പെട്ടത് വെള്ളമിറങ്ങിയശേഷമാണ്. നാലുദിവസം ഭക്ഷണം പോലുമില്ലാതെ ഒറ്റപ്പെട്ടു കഴിയുകയായിരുന്നു മിക്കയാളുകളുമെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ സുഖമില്ലാത്തവരെ രക്ഷിച്ചുകൊണ്ടുവരുമെന്നായിരുന്നു പറഞ്ഞത്. സുഖമില്ലാത്തവരെ കൊണ്ടുവരുമ്പോള്‍ ഒരു ആംബുലന്‍സ് സൗകര്യം പോലും അവിടെയുണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘രണ്ടുപേര്‍ ക്യാമ്പില്‍ മരിച്ചിട്ട് അവരുടെ ശവം സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ എറണാകുളത്ത് ഒരു ശ്മശാനം അറൈഞ്ച് ചെയ്തപ്പോള്‍ അവരെക്കൊണ്ടുപോകാന്‍ ഒരു ആംബുലന്‍സില്ലാതെ ട്രാന്‍സ്പോര്‍ട്ട് ബസില്‍ രണ്ടു ശവശരീരങ്ങള്‍ ബന്ധുക്കള്‍ക്കൊപ്പം കയറ്റിവിടാന്‍ ദൗര്‍ഭാഗ്യമുണ്ടായ ഒരു എം.എല്‍.എയാണ് ഞാന്‍.’ എന്നും അദ്ദേഹം പറഞ്ഞു.

ഒരുമിച്ച് ഡാം തുറന്നുവിട്ടതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്. വേലിയേറ്റ സമയത്ത് അണക്കെട്ട് തുറന്നതാണ് തന്റെ മണ്ഡലമായ പറവൂര്‍ അടക്കമുള്ളവയെ വെള്ളത്തിലാഴ്ത്തിയത്. കുറ്റകരമായ അനാസ്ഥയുടെ ദുരന്തമാണ് കേരളത്തില്‍ നടന്നതെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

Top