മുംബൈ: പല വാഗ്ദാനങ്ങളും നല്‍കി കുട്ടികളെ ആകര്‍ഷിക്കുന്ന കോച്ചിംഗ് സെന്ററുകളില്‍ പലതും തട്ടിപ്പാണെന്ന് റിപ്പോര്‍ട്ട്. കോച്ചിംഗ് സെന്ററിനെതിരെ വിദ്യാര്‍ത്ഥി നല്‍കിയ പരാതി ഇതിനോടകം വിവാദമായി കഴിഞ്ഞു. വിദ്യാര്‍ത്ഥിയുടെ പരാതി സ്വീകരിച്ച ഹൈക്കോടതി മൂന്നു ലക്ഷം നഷ്ടപരിഹാരം നല്‍കാനാണ് കോച്ചിംഗ് സെന്ററിനോട് ആവശ്യപ്പെട്ടത്.
മുംബൈ സ്വദേശിനിയായ അഭിവൈക്തി വര്‍മ്മയാണ് അന്ധേരിയിലെ ലോകാന്ദ്വാലയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്റ്റിനെതിരെ പരാതി നല്‍കിയത്. പരസ്യം ചെയ്ത വിജയം നല്‍കാന്‍ കഴിയാത്ത കാരണത്താല്‍ പെണ്‍കുട്ടി സ്ഥാപനത്തില്‍ അടച്ച 54000 രൂപ തിരികെ നല്‍കാനും പരാതിക്കാരിക്കുണ്ടായ മാനസിക വിഷമത്തിന് മൂന്നു ലക്ഷം രൂപയും കോടതി ചെലവുകള്‍ക്കായി 10,000 രൂപയും നല്‍കാന്‍ കോടതി ഉത്തരവിട്ടു.
2013ലാണ് എച്ച്എസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് പരാതിക്കാരിയായ പെണ്‍കുട്ടി ട്യൂഷനായി അന്ധേരിയിലെ ഓക്സ്ഫോര്‍ഡ് ട്യൂട്ടേഴ്സ് അക്കാദമിയെ സമീപിച്ചത്. വീട്ടില്‍ വന്ന് ട്യൂഷന്‍ നല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും വിഷയങ്ങള്‍ക്ക് നിശ്ചിത യോഗ്യതയുള്ള അധ്യാപകരെ നല്‍കിയില്ലെന്നും പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടായില്ലെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
പരീക്ഷയ്ക്ക് കുറഞ്ഞ മാര്‍ക്ക് ലഭിച്ചതിനാല്‍ താന്‍ ആഗ്രഹിച്ച് കോളേജില്‍ തനിക്ക് പ്രവേശനം ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പെണ്‍കുട്ടി പഠിക്കാന്‍ പിന്നോട്ടായതിനാലാണ് മാര്‍ക്ക് കുറഞ്ഞതെന്നും സെന്ററില്‍ പ്രഗത്ഭരായ അധ്യാപകരുണ്ടെന്നുമായിരുന്നു സ്ഥാപനത്തിന്റെ വാദം.