കൊച്ചി: കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയും സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തലശേരി സെഷന്‍സ് കോടതി പി. ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. 2016 ജനുവരി 21ല്‍ സി.ബി.ഐ. നല്‍കിയ റിപ്പോര്‍ട്ടിലൂടെ കേസിലെ 25-ാം പ്രതിയാക്കി മാറ്റിയെന്നും നടപടി നിയമവിരുദ്ധമാണെന്നും ഹര്‍ജി പറയുന്നു.
തലശേരി ജില്ലാസെഷന്‍സ് കോടതി തുടര്‍ച്ചയായി മൂന്നാമതും മുന്‍കൂര്‍ ജാമ്യം നിരസിച്ചതോടെയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ നേതൃത്വം തീരുമാനിച്ചത്. സിബിഐക്ക് കീഴടങ്ങാതെ നിയമനടപടി തുടരും. പി.ജയരാജനെതിരെ യുഎപിഎ വകുപ്പ് ചുമത്തിയതിലെ സാങ്കേതികത്വം ചോദ്യം ചെയ്ത് ഹൈക്കോടതിയിലും വാദിക്കാനാണ് സിപിഎം തീരുമാനം.അന്വേഷണം പുരോഗമിക്കുന്നകേസില്‍ കൂടുതല്‍ തെളിവുകള്‍ കോടതിക്കുമുമ്പില്‍ ഹാജരാക്കാന്‍ കഴിയില്ലെന്ന നിലപാട് തന്നെ ഹൈക്കോടതിയിലും സിബിഐ ആവര്‍ത്തിക്കും.
നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണു കേസെടുത്തത്. കേസുമായി ബന്ധപ്പെട്ടു പല അന്വേഷണ ഏജന്‍സികളും ചോദ്യം ചെയ്‌തിട്ടുള്‍ണ്ടെന്നും കേസുമായി ബന്ധമില്ലാത്ത സാഹചര്യത്തില്‍ ജാമ്യം നിഷേധിക്കുന്നതു ശരിയല്ലെന്നും ഹര്‍ജിക്കാരനെതിരേ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ഉള്‍പ്പെട്ട വകുപ്പ് ചേര്‍ക്കുന്നതിനു ന്യായീകരണമില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. പ്രഥമദൃഷ്‌ട്യാ തെളിവില്ലാതെയാണ് ഇത്തരം വകുപ്പ് ഉപയോഗിച്ച് കുറ്റം ചുമത്തിയത്. ഈ വകുപ്പ് ഉപയോഗിച്ച് കുറ്റം ചെയ്‌തുവെന്ന കാരണത്താല്‍ ജാമ്യം നിഷേധിക്കണമെന്ന വാദം പ്രഥമദൃഷ്‌ട്യാ തെളിയിക്കപ്പെട്ടാല്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും ഹര്‍ജിയില്‍ പറയുന്നു. തെളിവുകള്‍ ഇല്ലാത്ത ആരോപണങ്ങള്‍ വ്യാജവും, ഗൂഢാലോചനയുടെ ഫലമായി ഉണ്ടായതുമാണെന്നാണു ഹര്‍ജിക്കാരന്റെ വാദം. കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലാത്തതിനാല്‍ ജാമ്യഹര്‍ജി അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും.
ഹൈക്കോടതി തീരുമാനം വരുന്നതുവരെ അറസ്റ്റിലേക്ക് കടന്ന് വിവാദമുണ്ടാക്കേണ്ടെന്ന തീരുമാനത്തിലാണ് സിബിഐ ഉദ്യോസ്ഥര്‍.പി.ജയരാജന്‍റെ രോഗവിവരങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സിബിഐ ഉദ്യോഗസ്ഥര്‍ ഇന്ന് എകെജി ആശുപത്രി അധികൃതരെ സമീപിക്കും. ഹൈക്കോടതിയില്‍ നിന്നും അനുകൂലവിധി ഉണ്ടാകാതിരുന്നാല്‍ കേസ് നീട്ടിക്കൊണ്ടുപോകാതെ കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാനും നീക്കം നടക്കുന്നുണ്ട്. പി.ജയരാജന്‍റെ നീക്കങ്ങള്‍ നിരീക്ഷിച്ച് സിബിഐ സംഘം തലശേരി ഗസ്റ്റ് ഹൗസില്‍ ക്യാംപ് ചെയ്യുന്നുണ്ട്.അതിനിടെ പി.ജയരാജനെ കണ്ണൂർ എകെജി ആശുപത്രിയിൽ നിന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി