ആന്തൂരില്‍ പ്രവാസി മലയാളി സാജന്‍ പാറയിലിന്റെ ആത്മഹത്യയിലേക്കു നയിച്ച സംഭവത്തില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയ്ക്കു വീഴ്ച പറ്റിയെന്ന നിലപാടില്‍ ഉറച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍. സാജന്റെ കെട്ടിട നിര്‍മാണ അനുമതിയുമായ ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നതില്‍ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്നും അത് ഉള്‍കൊള്ളണമെന്നും വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ജയരാജന്‍ പറഞ്ഞു.
ഒരു പ്രവര്‍ത്തകനേയും ഒതുക്കാന്‍ സിപിഎമ്മിന്റെ സംഘടനാ തത്വം അനുസരിച്ച് സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മില്‍ പണ്ട് താന്‍ എന്തായിരുന്നോ അത് തന്നെയാണ് ഇപ്പോഴും താന്‍. എന്നെ ഒതുക്കുക വലതുപക്ഷത്തിന്റെ ഉദ്ദേശ്യമാണ്. തന്റെ ജനകീയതില്‍ പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തി ഉണ്ടാകേണ്ട കാര്യമില്ല എന്നും ജയരാജന്‍ പറയുന്നു.
തന്റെ നിലപാടില്‍ ഒരു മാറ്റവുമില്ല എന്ന് ആവര്‍ത്തിക്കുന്നതാണ് അഭിമുഖത്തിലെ അദ്ദേഹത്തിന്റെ മറുപടികള്‍. നഗരസഭയ്ക്ക് സാജന്‍ പാറയിലിന്റെ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്ന വിഷയത്തില്‍ വീഴ്ച പറ്റി. അത് അഗീകരിക്കണം. പാര്‍ട്ടി വേറെ, തദ്ദേശസ്ഥാപനങ്ങളുടെ നടത്തിപ്പ് വേറെ. നഗരസഭാ അധ്യക്ഷ എന്ന നിലയില്‍ പി.കെ ശ്യാമളയ്ക്ക് ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. അത് ടീച്ചര്‍ ഉള്‍ക്കൊള്ളണം എന്ന കൃത്യമായ മറുപടിയാണ് ജയരാജന്‍ പറയുന്നത്.
ഞാന്‍ ഒരു ജനപ്രതിനിധിയല്ല. പക്ഷേ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി എന്തുകൊണ്ട് കൊടുത്തില്ല എന്ന കാര്യം അന്വേഷിച്ചു. അന്വേഷിച്ചപ്പോള്‍ കെട്ടിടനിര്‍മ്മാണച്ചട്ടത്തിന്റെ ലംഘനമുണ്ടായി എന്നാണ് മറുപടി കിട്ടിയത്. സ്വാഭാവികമായും അതു ക്രമവല്‍ക്കരിക്കാനുള്ള നിര്‍ദേശമാണ് നഗരസഭയ്ക്ക് മുന്‍പാകെ വച്ചത്. അങ്ങനെയാണ് ജോയിന്റ് ഇന്‍സ്പെക്ഷന്‍ നടത്താന്‍ ആവശ്യപ്പെട്ടത്. അതിന് ശേഷവും കാലതാമസം വന്നതാണ് സാജനെ വല്ലാതെ വിഷമിപ്പിച്ചതും ദാരുണമായ അന്ത്യമുണ്ടായത്. അതില്‍ അങ്ങേയറ്റം ദു:ഖമുണ്ട്.
തന്റെ ഇടപെടലുകളില്‍ പാര്‍ട്ടിക്ക് അസംതൃപ്തിയുണ്ടാകേണ്ട കാര്യമില്ല. കാരണം പാര്‍ട്ടി പ്രവര്‍ത്തകനെ നിലയില്‍ പാര്‍ട്ടി നടത്തുന്ന പ്രവര്‍ത്തനത്തിലാണ് താന്‍ ഇടപെടുന്നത്. പാര്‍ട്ടിക്ക് അതീതമായല്ല. പാര്‍ട്ടിക്ക് വിധേയമായ പ്രവര്‍ത്തനങ്ങളാണ് താന്‍ നടത്തുന്നത്. ശത്രുക്കള്‍ക്കെതിരായ ഉറച്ചനിലപാട് സ്വീകരിക്കുന്നതിലൂടെ പാര്‍ട്ടി ബന്ധുക്കള്‍ക്കിടയില്‍ നല്ല പ്രതികരണത്തിന് ഇടയാക്കുന്നുണ്ട്. പാര്‍ട്ടിയുമായുള്ള ബന്ധം വിട്ടാല്‍ എനിക്ക് ഈ അംഗീകാരം കിട്ടുമോ എന്നും അദ്ദേഹം ചോദിക്കുന്നു.