പടയൊരുക്ക’ത്തിൽ കളങ്കിതർക്ക് സ്ഥാനമില്ലെന്ന് വി.ഡി.സതീശൻ;ഉമ്മൻ ചാണ്ടിയെ ലക്ഷ്യം വച്ചാണെന്നാണ് എ ഗ്രൂപ്പ്

vd-satheesan

തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ യാത്രയിൽനിന്ന് കളങ്കിതരെ മാറ്റിനിര്‍ത്തുമെന്ന വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ എ ഗ്രൂപ്പ്. സതീശന്‍ കെപിസിസി പ്രസിഡന്റിനെപ്പോലെ പെരുമാറുന്നു. ഉമ്മന്‍ ചാണ്ടിയെ മോശപ്പെടുത്താനാണു പ്രസ്താവനയെന്നും എ ഗ്രൂപ്പ് വിഭാഗം ആരോപിച്ചു. യാത്രയിൽ കളങ്കിതരുടെയും ക്രിമിനൽ പശ്ചാത്തലമുള്ളവരുടെയും സാന്നിധ്യമുണ്ടാവാതിരിക്കാൻ പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്ന് കെപിസിസി വൈസ് പ്രസിഡന്റുകൂടിയായ വി.ഡി.സതീശൻ ഇന്നു പറഞ്ഞിരുന്നു.

ഇത്തരക്കാരുടെ സാന്നിധ്യമുണ്ടാക്കാൻ ആസൂത്രിതശ്രമമുണ്ടന്ന വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു നടപടി സ്വീകരിച്ചത്. ജാഥാ ക്യാപ്റ്റനെ ഹാരാർപ്പണം നടത്തുന്നവരെ നേരത്തെ നിശ്ചയിക്കും. ഭാരവാഹികളല്ലാത്തവർ സ്വീകരണ വേദിയിലുണ്ടാവില്ലെന്നും സതീശൻ പറഞ്ഞിരുന്നു. സോളർ കേസിലെ റിപ്പോർട്ടു പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിലെ പ്രസ്താവന ഉമ്മൻ ചാണ്ടിയെ ലക്ഷ്യം വച്ചാണെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാളെ കാസർകോട്ടുനിന്നാണ് ‘പടയൊരുക്കം’ ജാഥ ആരംഭിക്കുന്നത്. വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ പങ്കെടുക്കും. ഗുലാംനബി ആസാദ്, പി.ചിദംബരം, പോണ്ടിച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമി, കർണാടക മുഖ്യമന്ത്രി പി.സിദ്ധരാമയ്യ, നേതാക്കളായ അശോക് ചവാൻ, മുകുൾ വാസ്‌നിക്, മിലൻ ദിയോറ, ശരദ് യാദവ്, രൺദീപ് സിങ് സുർജോവാല, ഖാദർ മൊയ്തീൻ തുടങ്ങിയവർ രണ്ടു മേഖലാ റാലികളിലടക്കം വിവിധ സ്വീകരണ യോഗങ്ങൾക്കായി എത്തും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടുകയെന്ന ലക്ഷ്യത്തോടെ ഒരുമാസം നീണ്ടുനിൽക്കുന്ന ജാഥ നാളെ വൈകിട്ടു മൂന്നരയ്ക്കു കാസർകോട് കുമ്പളയിൽ എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും.

Top