മത്സ്യതൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ ആരും അഭിമാനം കൊള്ളേണ്ട:മനുഷ്യനിര്‍മിത ദുരന്തം-സതീശന്‍.നയരൂപീകരണത്തില്‍ വീഴ്ചയുണ്ടായി,വിഎസ്

തിരുവനന്തപുരം :മനുഷ്യനിര്‍മിത ദുരന്തമാണ് കേരളത്തിലുണ്ടായതെന്ന ആരോപണം പ്രതിപക്ഷം നിയമസഭയിലും ആവര്‍ത്തിച്ചു. ഡാം മാനേജ്മെന്റ് അറിയാത്തവരെ അത് ഏൽപിച്ചെന്ന് വി ഡി സതീശന്‍ എം.എല്‍.എ വിമര്‍ശിച്ചു. ഡാം തുറക്കാന്‍ 20 ദിവസം കാത്തുനിന്നു. വേലിയിറക്കമുള്ളപ്പോൾ വെള്ളം തുറന്നു വിടണമെന്ന പാഠം പോലും അറിയാത്തവര്‍. കെടുകാര്യസ്ഥതയുടെയും കുറ്റകരമായ അനാസ്ഥയുടെയും ഫലമാണ് ഈ ദുരന്തമെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.ആദ്യ ദിവസം ഒരു രക്ഷാപ്രവർത്തനവും നടന്നില്ല. ഒരു ഉദ്യോഗസ്ഥനും പറഞ്ഞല്ല മത്സ്യതൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. മത്സ്യതൊഴിലാളികളും ജനങ്ങളും നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ ആരും അഭിമാനിക്കേണ്ട. മരിച്ചവരെ കൊണ്ടുപോകാൻ ആംബുലൻസ് പോലും ഉണ്ടായില്ലെന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു.എം.എം മണിക്ക് വൈദ്യുതി വകുപ്പ് നൽകിയത് ശരിയല്ലെന്ന തന്റെ നിലപാട് ശരിയായെന്നും സതീശന്‍ പറഞ്ഞു.

അതേസമയം പരിസ്ഥിതിക്ക് മേലുള്ള കടന്നുകയറ്റം ഗുരുതര പ്രത്യാഘാതം ഉണ്ടാക്കിയെന്ന് വി എസ് അച്യുതാനന്ദന്‍. വികസന കാഴ്ചപ്പാടുകൾ ശാസ്ത്രീയമായി പുനർ നിർവചിക്കണം. ഗാഡ്ഗിൽ റിപ്പോര്‍ട്ടിനെ ശാസ്ത്രീയമായല്ല, രാഷ്ട്രീയമായാണ് സമീപിച്ചത്. മൂന്നാറില്‍ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ നിര്‍ത്താനിടയായ സാഹചര്യം പരിശോധിക്കണമെന്നും വിഎസ് നിയമസഭയില്‍ പറഞ്ഞു.

Top