തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ അച്ചടക്ക നടപടി വിവാദമായപ്പോള്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സ്വീകരിച്ച കര്‍ശന നിലപാട് അദ്ദേഹത്തെ പാര്‍ട്ടിക്കുള്ളില്‍ ഹീറോയാക്കുന്നു. യുവജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള രാഹുലിനെതിരെ നടപടിയെടുത്തപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും അണികളില്‍ നിന്നും വലിയ എതിര്‍പ്പുകളുയര്‍ന്നിരുന്നു. എന്നാല്‍, ഈ വൈകാരിക അന്തരീക്ഷത്തിലും സംഘടനാപരമായ അച്ചടക്കത്തിനാണ് പ്രാധാന്യമെന്ന സതീശന്റെ ഉറച്ച നിലപാടാണ് ഇപ്പോള്‍ അദ്ദേഹത്തെ കോണ്‍ഗ്രസിലെ ‘ഹീറോ’ ആക്കി മാറ്റുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കെപിസിസി നേതൃത്വത്തിന്റെ നടപടി കോണ്‍ഗ്രസ് അണികളില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ വലിയ അസ്വരസ്യമാണ് ഉണ്ടാക്കിയത്. രാഹുലിനെ അനുകൂലിച്ചും നേതൃത്വത്തെ വിമര്‍ശിച്ചും സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിരോധം തീര്‍ക്കപ്പെട്ടു. ജനകീയനായ ഒരു യുവനേതാവിനെ തളര്‍ത്താനുള്ള ശ്രമമാണിതെന്ന വികാരം ശക്തമായിരുന്നു. ഈ ഘട്ടത്തിലാണ് നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം പാറപോലെ ഉറച്ചുനില്‍ക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറായത്.
വിഷയം വൈകാരികമായി മാറിയതോടെ കോണ്‍ഗ്രസിലെ പല മുതിര്‍ന്ന നേതാക്കളും പരസ്യ പ്രതികരണത്തിന് തയ്യാറാകാതെ മാറിനില്‍ക്കുകയോ അല്ലെങ്കില്‍ ചാഞ്ചാടുന്ന നിലപാടുകള്‍ സ്വീകരിക്കുകയോ ചെയ്തു. അണികളുടെ വികാരം ഭയന്ന് കൃത്യമായൊരു നിലപാട് വ്യക്തമാക്കാന്‍ പലരും മടിച്ചു.
എന്നാല്‍, വി.ഡി. സതീശന്‍ തുടക്കം മുതല്‍ വ്യക്തമായ നിലപാടാണ് സ്വീകരിച്ചത്. വ്യക്തികളേക്കാള്‍ വലുതാണ് പാര്‍ട്ടിയും അതിന്റെ അച്ചടക്കവും എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ‘പാര്‍ട്ടി എടുത്ത നിലപാടാണ് ശരി, അതിനൊപ്പമാണ് താന്‍’ എന്ന് അദ്ദേഹം അസന്നിഗ്ധമായി വ്യക്തമാക്കി. സംഘടനാപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന സന്ദേശം നല്‍കാനാണ് അദ്ദേഹം ശ്രമിച്ചത്.
രാഹുലിനെതിരായ നടപടിയെ ന്യായീകരിച്ചതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടി അണികളില്‍ നിന്ന് സമീപകാലത്തൊന്നും നേരിടാത്തത്ര രൂക്ഷമായ സൈബര്‍ ആക്രമണമാണ് വി.ഡി. സതീശന്‍ നേരിട്ടത്. യുവനേതാവിനെ ബലിയാടാക്കാന്‍ കൂട്ടുനിന്നു എന്നതടക്കമുള്ള കടുത്ത വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിറഞ്ഞു. അടുത്തകാലത്തൊന്നുമില്ലാത്ത തരത്തിലായിരുന്നു സോഷ്യല്‍ മീഡിയവഴി സതീശന്‍ ആക്രമിക്കപ്പെട്ടത്. എന്നാല്‍, ഈ സമ്മര്‍ദ്ദങ്ങളിലൊന്നും തളരാതെ, എടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
വിവാദങ്ങള്‍ തണുക്കുമ്പോള്‍, സതീശന്റെ ഈ കര്‍ക്കശ നിലപാട് പാര്‍ട്ടിക്ക് ഗുണകരമായി എന്നാണ് വിലയിരുത്തപ്പെടുന്നത്. ജനപ്രിയത നോക്കി നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്ന പതിവ് രീതിയില്‍ നിന്ന് മാറി, പാര്‍ട്ടി അച്ചടക്കത്തിനായി ജനപ്രീതി പോലും പണയം വെക്കാന്‍ തയ്യാറായ ഒരു നേതാവിനെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ സതീശനില്‍ കാണുന്നത്.
ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറം പാര്‍ട്ടിയുടെ പൊതുതീരുമാനത്തിനൊപ്പം നിന്ന സതീശന്റെ നടപടി നേതൃത്വത്തിനും ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ പതറാത്ത, കര്‍ക്കശക്കാരനായ ഒരു നായകന്റെ പരിവേഷം ഈ ഒറ്റ സംഭവത്തിലൂടെ വി.ഡി. സതീശന്‍ പാര്‍ട്ടിക്കുള്ളില്‍ നേടിയെടുത്തു എന്നതാണ് വാസ്തവം. തനിക്കുമുകളിലായി കെസി വേണുഗോപാലിന്റെ പടയൊരുക്കത്തിനിടയിലും പാര്‍ട്ടിയില്‍ നിലപാടില്‍ വിട്ടുവീഴ്ച്ചയില്ലാത്ത സ്വീകരിച്ചതും ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍ ആ നിലപാടാണ് ശരിയെന്ന് തെളിയുന്നു.










