കൊച്ചി :കോൺഗ്രസിലെ അതൃപ്തരെ ഒതുക്കാൻ കെ സി വേണുഗോപാല്‍ സംസ്ഥാനത്തെത്തും. ഓർത്തഡോക്സ് സഭ അബിൻ വർക്കിയേയും ചാണ്ടി ഉമ്മനേയും സംരക്ഷിക്കുമെന്ന ഗീവർഗീസ് മാർ യൂലിയോസിന്റെ ഭീക്ഷണിക്ക് വഴങ്ങി ചാണ്ടി ഉമ്മന് ഉയർന്ന പദവി നല്‍കും .മറ്റുള്ള അതൃപ്തരെ അനുനയിപ്പിക്കാൻ മുഴുവൻ പേരെയും കെപിസിസി സെക്രട്ടറിമാർ ആക്കും. കെ മുരളീധരനെയും കെ സുധാകരനെയും ഇക്കാര്യം ബോധ്യപ്പെടുത്തും. കെ മുരളീധരന്‍, ചാണ്ടി ഉമ്മന്‍, കെ സുധാകരന്‍, വി ഡി സതീശന്‍ എന്നിവരുമായി കെ പി സി സി നേതൃത്വം ചര്‍ച്ചകള്‍ നടത്തി അഭിപ്രായഭിന്നതകള്‍ ഉടന്‍ പരിഹരിക്കാനാണ് ഹൈക്കമാന്റ് നിര്‍ദേശം.കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനും നേതാക്കളെ ഒരുമിപ്പിച്ച് നിര്‍ത്താനുമാണ് ഹൈക്കമാന്റ് നിര്‍ദേശം.
എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാല്‍ കെ മുരളീധരനുമായി 22 ന് കോഴിക്കോട് ചര്‍ച്ചകള്‍ നടത്തും. നിലവിലുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് നേതാക്കളെ ഉടന്‍ കളത്തിലിറക്കാനാണ് നീക്കം.തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്ത് നേതാക്കള്‍ തമ്മിലുള്ള വടംവലിയും അഭിപ്രായഭിന്നതയും വലിയ തിരച്ചടിയുണ്ടാക്കുമെന്ന ആശങ്കയിലാണ് ദേശീയ നേതൃത്വം. കേരളത്തില്‍ തദ്ദേശ തിരിഞ്ഞെടുപ്പിന് ഒരു മാസം മാത്രമാണ് ബാക്കി. തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടനാ സംവിധാനങ്ങള്‍ ഉണ്ടാക്കിയെടുക്കുകയെന്നതാണ് കെ പി സി സിയുടെ പുതിയ ഭാരവാഹികള്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
അതിനിടെ കെപിസിസി പുനഃസംഘടനയിൽ തഴഞ്ഞ അബിൻ വർക്കിക്കും ചാണ്ടി ഉമ്മനും പിന്തുണയുമായി ഓർത്തഡോക്സ് സഭ. അബിൻ വർക്കിയും ചാണ്ടിയും സഭയുടെ മക്കളാണ്. അവരെ ഒരിക്കലും സഭ കൈവിടില്ല. സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നവരാണ് ഇവർ. മലങ്കര സഭയ്ക്ക് കരുത്തുറ്റ നേതാക്കന്മാർ എകാലത്തും ഉണ്ടായിട്ടുണ്ട്. നല്ല നേതാക്കൾ സഭയിൽ നിന്നും ഉയർന്ന് വന്നിട്ടുണ്ട്. വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സഭയുടെ സംഭാവന വലുതാണെന്നും ഗീവർഗീസ് മാർ യൂലിയോസ് വ്യക്തമാക്കി.
സഭ പലവിധത്തിൽ അവഗണന നേരിടുന്നു. സഭാ അംഗങ്ങളെ തഴയാൻ ശ്രമം നടക്കുന്നു. സഭാംഗങ്ങളെ ഏത് സ്ഥലത്തായാലും അവരെ തഴയാം ഒരു ചിന്തയുണ്ട്. ചെണ്ടയുടെ പ്രത്യേകത എങ്ങനെ കുട്ടിയാലും അതിന് ശബ്ദമുണ്ട്. ശാസ്ത്രീയമായി അതിനെ കൊട്ടിയാൽ മനോഹരമായ ശബ്ദം ഉണ്ടാകും. അശാസ്ത്രീയമായി കൈകാര്യം ചെയ്താൽ വ്യത്യസ്തമായ ശബ്ദമുണ്ടാവും. മലങ്കര സഭ ആർക്കും ഏത് വിധേനയും കൊട്ടാവുന്ന ചെണ്ടയല്ല.
അബിൻ വർക്കിയും ചാണ്ടിയും ഉമ്മനും ഞങ്ങളുടെ യുവതയാണ്. അവരാരും മതം വെച്ച് കളിക്കാറില്ല. അവരാരും ഇന്ന സഭക്കാരാണെന്ന് പറയാറില്ല. പൊതുരംഗത്ത് പ്രവർത്തിക്കുമ്പോൾ ഒരു മത തീവ്രവാദത്തിനും സഭ കൂട്ടു നിൽക്കില്ല. സാമൂഹ്യ പ്രതിബദ്ധതിയോടെ പ്രവർത്തിക്കുന്നവർ എന്തും ചെയ്യാമെന്ന ധാർഷ്ട്യം ഉണ്ടാകും. സഭയ്ക്ക് നല്ല കാലത്തും നല്ല നേതാക്കന്മാർ ഉണ്ടായിട്ടുണ്ട് ഇനിയും അത് ഉണ്ടാകും. ചെണ്ട കഴിവതും നല്ല സ്വരം പുറപ്പെടുവിക്കാൻ ആണ് ശ്രമിക്കുന്നത്. അല്ലാത്തപക്ഷം ശബ്ദം മാറാൻ സാധ്യതയുണ്ട് എന്നു കൂടി മനസ്സിലാക്കണമെന്നും ഗീവർഗീസ് മാർ യൂലിയോസ് മുന്നറിയിപ്പ് നൽകി.










