ഓവല്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയ്ക്ക് നാണം കെട്ട തോല്‍വി. ചാംപ്യന്‍സ് ട്രോഫി പാകിസ്ഥാന്‍ സ്വന്തമാക്കി. 180 റണ്‍സിന്റെ പടുകൂറ്റന്‍ മാര്‍ജിനിലാണ് ഫൈനലില്‍ പാക് പച്ചപ്പട ഇന്ത്യയെ തോല്‍പ്പിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ തിളങ്ങിയ പാകിസ്ഥാന്‍ അനായാസമാണ് ജയം കൈപ്പിടിയിലൊതുക്കിയത്.പാകിസ്താന്‍ മുന്നോട്ടു വെച്ച 339 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് പിടിച്ച് നില്‍ക്കാന്‍ പോലും കഴിയാതെ 30.2 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്തായി. 2009ലെ ടി-ട്വന്റി കിരീടത്തിന് ശേഷം പാകിസ്താന്‍ നേടുന്ന അന്താരാഷ്ട്ര കിരീടമാണിത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെട്ട് 338 റണ്‍സാണ് എടുത്തത്. എതിര്‍ടീം പാകിസ്ഥാനായതിനാല്‍ തന്നെ ഉയര്‍ന്ന സ്‌കോറാണെങ്കിലും കൂടി ലക്ഷ്യം കാണാന്‍ കോഹ്‌ലിയുടെ കുട്ടികള്‍ക്ക് കഴിയുമെന്നാണ് ഏവരും കരുതിയത്.
ഏകദിന കരിയറില്‍ കന്നി സെഞ്ചുറി കുറിച്ച ഫകര്‍ സമാനും അര്‍ധസെഞ്ചുറി നേടിയ അസഹര്‍ അലിയും ഹഫീസും 46 റണ്‍സടിച്ച ബാബര്‍ അസമും ചേര്‍ന്നാണ് പാകിസ്താനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. സെഞ്ചുറി കൂട്ടുകെട്ടുമായി കളി തുടങ്ങിയ പാകിസ്താന് ആദ്യ വിക്കറ്റ് നഷ്ടമായത് 128 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലെത്തിയ ശേഷമാണ്.പിന്നീട് രണ്ടാം വിക്കറ്റില്‍ സമാനും ബാബറും ചേര്‍ന്ന് 72 റണ്‍സടിച്ചെടുത്തു. 106 പന്തില്‍ 12 ഫോറും മൂന്നു സിക്സുമടക്കം 114 റണ്‍സ് നേടിയ സമാന്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ഷുഐബ് മാലിക്കുമായി ബാബര്‍ മൂന്നാം വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്തു.
മൂന്നും നാലും വിക്കറ്റുകള്‍ (മാലിക്ക്, ബാബര്‍) 20 റണ്‍സെടുക്കുന്നതിനിടയില്‍ നഷ്ടപ്പെട്ട പാകിസ്താനായി അവസാന ഓവറില്‍ മുഹമ്മദ് ഹഫീസും ഇമാദ് വസീമും അടിച്ചു തകര്‍ക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ 7.3 ഓവറില്‍ 71 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്.37 പന്തില്‍ 57 റണ്‍സുമായി ഹഫീസും 21 പന്തില്‍ 25 റണ്‍സുമായി ഇമാദ് വസീമും പുറത്താകാതെ നിന്നു. ഇന്ത്യന്‍ ബൗളര്‍മാരെല്ലാം തല്ല് വാങ്ങിക്കൂട്ടിയപ്പോള്‍ അല്‍പമെങ്കിലും മികച്ചു നിന്നത് ഭുവനേശ്വര്‍ കുമാറാണ്. 10 ഓവറില്‍ 44 റണ്‍സ് വഴങ്ങിയ ഭുവനേശ്വര്‍ ഒരു വിക്കറ്റും വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യയും കേദര്‍ ജാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.