കൊളംബോ: നവംബറില്‍ ഇസ്‌ലാമാബാദില്‍ നടക്കേണ്ട സാര്‍ക് ഉച്ചകോടി മാറ്റിവയ്ക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചു. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ശ്രീലങ്കയും പിന്‍മാറുന്നതായി അറിയിച്ച പശ്ചാത്തലത്തിലാണ് സാര്‍ക്ക് മാറ്റിവെച്ചത് . 19-താം സമ്മേളനം ഇനി എന്നാണ് നടത്തുന്നതെന്ന കാര്യം അധ്യക്ഷരാജ്യമായ നേപ്പാള്‍ തീരുമാനിക്കും. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, മാലദ്വീപ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളാണ് 1985ല്‍ തുടങ്ങിയ ദക്ഷിണേഷ്യന്‍ സഹകരണ പ്രസ്ഥാനമായ സാര്‍ക്കിലെ അംഗങ്ങള്‍.
മേഖലയിലെ സ്ഥിതിഗതികള്‍ ഉച്ചകോടി ചേരുന്നതിനുള്ള സാഹചര്യമല്ലെന്നാണ് ശ്രീലങ്ക അറിയിപ്പില്‍ വ്യക്തമാക്കുന്നത്. ഉച്ചകോടി സംബന്ധിച്ച് മറ്റ് അംഗങ്ങളായ മാലദ്വീപ്, നേപ്പാള്‍ എന്നീ രാഷ്ട്രങ്ങള്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.
മേഖലയിലെ സഹകരണത്തിന് സമാധാനവും സുരക്ഷയും പ്രധാനമാണെന്നും ഇതിലൂടെ മാത്രമെ സൗത്ത് ഏഷ്യയിലെ ജനങ്ങള്‍ക്ക് ഗുണം ലഭിക്കൂവെന്നും ലങ്ക ചൂണ്ടിക്കാട്ടുന്നു. സ്ഥാപക അംഗമെന്ന നിലയില്‍ മേഖലയിലെ സഹകരണത്തിന് ശ്രീലങ്ക പ്രതിജ്ഞാബദ്ധമാണ്. ആവശ്യമായ നടപടികളിലൂടെ സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ സാധിക്കുന്ന സാഹചര്യം സൃഷ്ടിക്കാമെന്നാണ് വിശ്വാസം. എല്ലാ തരത്തിലുമുള്ള തീവ്രവാദത്തെയും അപലപിക്കുന്നു. മേഖലയിലെ ഭീകരവാദത്തെ നേരിടേണ്ടത് അത്യാവശ്യമാണെന്നും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
പാകിസ്താനില്‍ നിന്നുള്ള തീവ്രവാദികള്‍ ഉറി സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഇസ്ലാമബാദിലെ സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടെന്ന നിലപാട് ഇന്ത്യ സ്വീകരിച്ചത്. ഇന്ത്യയുടെ പിന്മാറ്റത്തിന് തൊട്ടുപിറകെ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു. നവംബര്‍ 9, 10 തീയതികളില്‍ 19മത് സാര്‍ക് ഉച്ചകോടി നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എട്ട് അംഗ രാജ്യങ്ങളുള്ള സാര്‍ക് ഉച്ചകോടിയില്‍ നിന്നും ഒരു രാജ്യം കൂടി പിന്മാറിയാല്‍ നവംബറില്‍ സമ്മേളനം നടക്കില്ല.
ഇസ്‌ലാമാബാദിലെ നിലവിലെ സ്ഥിതി സമ്മേളനം നടത്താന്‍ അനുയോജ്യമല്ലെന്ന് ഏറ്റവും ഒടുവിലായി പിന്മാറ്റം പ്രഖ്യാപിച്ച ശ്രീലങ്കയും വ്യക്തമാക്കിയിരുന്നു. പ്രാദേശിക സഹകരണത്തോടൊപ്പം സമാധാനവും സുരക്ഷയും ഉറപ്പുവരുത്തിയാല്‍ മാത്രമേ സമ്മേളനത്തിന്റെ പ്രയോജനം ദക്ഷണേഷ്യയിലെ ജനങ്ങള്‍ക്ക് ലഭിക്കൂ. സാര്‍ക്കിന്റെ സ്ഥാപക അംഗമെന്ന നിലയ്ക്ക് പ്രദേശിക സഹകരണത്തിലാണ് ശ്രീലങ്ക വിശ്വസിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ‘ഒരു രാജ്യം’ കൈകടത്തിക്കൊണ്ടിരിക്കുന്നതുകൊണ്ട് ഉച്ചകോടി വിജയകരമാവില്ലെന്നായിരുന്നു ബംഗ്ലദേശിന്റെ വിലയിരുത്തല്‍. എന്നാല്‍, സാര്‍ക് പ്രക്രിയയ്ക്കു തുടക്കമിട്ട രാജ്യമെന്ന നിലയില്‍ മേഖലാ സഹകരണത്തിലും സമ്പര്‍ക്കത്തിലും തങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുണ്ടെന്നും ബംഗ്ലദേശ് പറഞ്ഞു. അഫ്ഗാനിസ്ഥാനുമേല്‍ അടിച്ചേല്‍പിക്കുന്ന ഭീകരതയും അക്രമങ്ങളും നേരിടുന്നതിനു മുഴുവന്‍ സമയവും ചെലവഴിക്കേണ്ടതുകൊണ്ടു പിന്‍വാങ്ങാതെ തരമില്ലെന്നാണ് അഫ്ഗാന്‍ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഗനി നേപ്പാളിനെ അറിയിച്ചത്.