ലോകത്തിന്റെ കയ്യടി നേടിയ പാക്കിസ്ഥാനിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്താവതാരക

പാക്കിസ്ഥാനിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്താവതാരകയാണ് മാര്‍വിയ മാലിക്. പാക് ചാനലായ കോഹിന്നൂര്‍ ടിവിയിലാണ് വാര്‍ത്താവതാരകയായി മാര്‍വിയ എത്തിയത്. മാര്‍വിയയുടെ ആദ്യ വാര്‍ത്താ വായന തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പാക്കിസ്ഥാന്‍ ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഫാഷന്‍ ഷോയില്‍ പങ്കെടുത്ത ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലും മാര്‍വിയ തന്നെയായിരുന്നു. പാക്കിസ്ഥാനിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനായി പ്രവര്‍ത്തിക്കുന്ന മാര്‍വിയയ്ക്ക് ഇപ്പോള്‍ അഭിനന്ദനമറിയിച്ചു കൊണ്ടുള്ള നിരവധി ഫോണ്‍കോളുകളും മെസ്സേജുകളുമാണ് ലഭിക്കുന്നത്. ഇത് സമൂഹത്തിന് സംഭവിച്ച വലിയൊരു മാറ്റത്തിന്റെ തെളിവാണെന്ന് മാര്‍വിയ പറയുന്നു. എന്നാല്‍ ഇനിയും ഈ സമൂഹം ഒരുപാട് മാറേണ്ടതുണ്ട് എന്ന് തന്നെയാണ് 21-കാരിയായ മാര്‍വിയയുടെ അഭിപ്രായം. തന്റെ ജീവിതവും തെരുവുകളില്‍ കാണുന്ന ഹിജഡകളുടെ ജീവിതവുമായി യാതൊരു വ്യത്യാസവുമില്ലെന്നാണ് മാര്‍വിയ പറയുന്നത്. സമൂഹത്തില്‍ പലയിടത്തും ഭിന്നലീംഗക്കാര്‍ക്ക് വലിയ വിവേചനമാണ് നേരിടേണ്ടി വരുന്നത്. വിദ്യാഭ്യാസത്തിലും ജോലിയിലും എല്ലാം ഇവര്‍ മാറ്റി നിര്‍ത്തപ്പെടുന്നു. കൊലപാതകം, ബലാത്സംഗം തുടങ്ങി പല അക്രമണങ്ങളും ഭിന്നലിംഗക്കാര്‍ക്ക് നേരെയുണ്ടാകുന്നത് ഇന്ന് സര്‍വ്വ സാധാരണമായിരിക്കുന്നു. തന്റെ പഠനകാലഘട്ടവും വ്യത്യസ്തമായിരുന്നില്ല., ഏറെ ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്. ഈ അവസ്ഥകളൊക്കെ മാറേണ്ടതാണെന്ന് മാര്‍വിയ പറയുന്നു. ചാനലിലേക്ക് പുതിയ വാര്‍ത്താവതാരകരെ തേടിയുള്ള പരസ്യം കണ്ടാണ് മാര്‍വിയ ഓഡീഷനില്‍ പങ്കെടുക്കാനെത്തിയത്. യോഗ്യതയുടെയും കഴിവിന്റെയും അടിസ്ഥാനത്തിലായിരുന്നു നിയമനമെന്ന് ചാനല്‍ അധികൃതര്‍ പറഞ്ഞു.

Top