ന്യൂഡൽഹി: അതിർത്തിയിൽ വധിക്കപ്പെട്ട പട്ടാളക്കാരുടെ മൃതദേഹങ്ങൾ തിരിച്ചെടുക്കാൻ വെള്ള പതാകയുമായി വരേണ്ട ഗതികേടിൽ പാകിസ്ഥാൻ സൈന്യം. പാക് സൈന്യം തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ചതിനെത്തുടന്നാണ് ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചത്. തുടർന്നാണ് ശത്രുപക്ഷത്തെ രണ്ട് സൈനീകർ വധിക്കപ്പെട്ടത്.
ഇവരുടെ മൃതദേഹം തിരിച്ചെടുക്കാനായി പാക് സൈന്യം രണ്ട് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നാലെ സമാധാനത്തിന്റെ ചിഹ്നമായ വെള്ളക്കൊടികളുമായി എത്തിയാണ് രണ്ട് സൈനികരുടെ മൃതദേഹം പാക് സൈന്യം അതിർത്തിയിൽ നിന്നും മാറ്റിയത്. സംഭവത്തിന്റെ വീഡിയോ വാർത്താ ഏജൻസി പുറത്തുവിട്ടു.
പാക് അധീന കാശ്‌മീരിലെ ഹാജീപൂർ സെക്‌ടറിലാണ് സംഭവമുണ്ടായത്. സെപ്‌തംബർ 10ന് രാത്രിയും പിറ്റേന്ന് പകലും പാകിസ്ഥാൻ സൈന്യം ഇന്ത്യൻ പോസ്‌റ്റുകൾക്ക് നേരെ നിരന്തരമായ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ മറുപടിയായി ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ പാക് സൈനികനായ ഗുലാം റസൂൽ കൊല്ലപ്പെട്ടു. കവർ ഫയർ ചെയ്‌തുകൊണ്ട് മൃതദേഹം വീണ്ടെടുക്കാൻ പാക് സൈന്യം ശ്രമിച്ചെങ്കിലും ഇന്ത്യൻ സൈനികരുടെ പ്രത്യാക്രമണത്തിൽ ഇത് രണ്ട് തവണ പരാജയപ്പെട്ടു. ഇതിനിടയിൽ ഒരു പാക് സൈനികനെ കൂടി ഇന്ത്യൻ സേന വധിച്ചു. തുടർന്നാണ് വെള്ളിയാഴ്‌ച വെള്ളക്കൊടികളുമായി പാക് സൈന്യം മൃതദേഹം വീണ്ടെടുത്തത്. കാർഗിൽ യുദ്ധസമയത്ത് കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം പാകിസ്ഥാൻ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് ഇന്ത്യൻ സേന അന്ത്യകർമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ സംസ്‌ക്കരിച്ചിരുന്നു.