അഭയം തേടിയ പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ആധാര്‍, പാന്‍കാര്‍ഡുകള്‍; വസ്തുവകകളും വാങ്ങാം; അഭയാര്‍ത്ഥികളെ സഹായിക്കുന്ന നയവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അഭയം തേടിയ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഹായമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ദീര്‍ഘകാല വിസ ലഭിച്ച പാകിസ്ഥാനില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഇന്ത്യയില്‍ പാന്‍, ആധാര്‍ കാര്‍ഡുകളും വസ്തുവകകളും വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇങ്ങനെ വിസ ലഭിച്ചവരില്‍ കൂടുതലും ഹിന്ദുക്കളാണെന്നതാണ് പ്രത്യേകത. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ പീഡനങ്ങള്‍ക്ക് ഇരയായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ അഭയം തേടിയവരെ സഹായിക്കുകയെന്ന മനോഭാവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘകാല വിസ അനുവദിച്ചത്.

കഴിഞ്ഞ മാസം മാത്രം, പാകിസ്ഥാനില്‍ നിന്നുള്ള 431 ഹിന്ദു പൗരന്മാര്‍ക്കാണ് ഇന്ത്യ ദീര്‍ഘകാല വിസ അനുവദിച്ചത്. പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു, സിക്ക്, ബുദ്ധമതക്കാര്‍, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ മതക്കാരാണ് ഇന്ത്യയില്‍ പ്രധാനമായും ദീര്‍ഘകാല വിസയുടെ അടിസ്ഥാനത്തില്‍ കഴിയുന്നത്. ഇനി മുതല്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും ഇന്ത്യയില്‍ ചെറിയ തോതില്‍ വസ്തു വാങ്ങി വീട് വയ്ക്കുന്നതിനും ഇവര്‍ക്ക് അവകാശമുണ്ടാവും. എന്നാല്‍ ഇത്തരം അവകാശങ്ങളൊന്നും മുസ്ലീങ്ങള്‍ക്ക് ലഭിക്കില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, കന്റോണ്‍മെന്റ് മേഖലകളിലും നിയന്ത്രിത മേഖലകളിലും സ്താവര വസ്തുക്കള്‍ വാങ്ങുന്നതിന് ഇവര്‍ക്ക് വിലക്കുണ്ടാവും. കൂടാതെ ഇവര്‍ക്ക് ആധാര്‍, പാന്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയ്ക്കും അപേക്ഷിക്കാം. സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് ബിസിനസും ആരംഭിക്കാം. താമസിക്കുന്ന സംസ്ഥാനത്തിനുള്ളില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയും. മറ്റൊരു സംസ്ഥാനത്തേക്ക് പോകണമെങ്കില്‍ വിസ പേപ്പറുകള്‍ അവിടേക്ക് മാറ്റേണ്ടി വരും. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ ഇവര്‍ക്ക് ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനാവില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പഞ്ചാബില്‍ ഡിസംബര്‍ 29 മുതല്‍ 31വരെ നടക്കുന്ന ജല്‍സ സലാന ഉത്സവത്തില്‍ പങ്കെടുക്കാന്‍ പാകിസ്ഥാനിലെ അഹമ്മദീയ സമുദായത്തിലെ 188 പേര്‍ക്ക് ഇന്ത്യ അടുത്തിടെ സുരക്ഷാ അനുമതി നല്‍കിയിരുന്നു. അഹമ്മദീയ സമുദായത്തിന്റെ കൂടിച്ചേരലാണ് ജല്‍സ സലാന ഉത്സവം. ഇതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ തവണ പാകിസ്ഥാനില്‍ നിന്ന് ആര്‍ക്കും കേന്ദ്രം അനുമതി കൊടുത്തിരുന്നില്ല. 2015ല്‍ 5000 പേര്‍ പങ്കെടുത്തിരുന്നു.

Top